തിരുവനന്തപുരം: മിസോറം ഗവർണർ കുമ്മനം രാജശേഖരൻ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാർത്ഥിയാവുന്നത് സംബന്ധിച്ച പ്രഖ്യാപനം മാർച്ച് നാലിന് ഉണ്ടായേക്കുമെന്ന് സൂചന. ഗവർണർ സ്ഥാനം ഒഴിഞ്ഞതിന് ശേഷമായിരിക്കും തിരഞ്ഞെടുപ്പിൽ മത്സരിക്കുക. ഇക്കാര്യം സംസ്ഥാന നേതൃത്വം ദേശിയ നേതൃത്വത്തെ അറിയിച്ചു. മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കുമ്മനം രംഗത്തെത്തിയതോടെ പ്രചാരണത്തിന് സജ്ജരാകാൻ ആർ.എസ്.എസും നിർദ്ദേശം നൽകിയിട്ടുണ്ട്.
വിജയ സാദ്ധ്യതയുള്ള മണ്ഡലമായ തിരുവനന്തപുരത്ത് കുമ്മനം രാജശേഖരനെ മത്സരിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിൽ ആവശ്യം ഉയർന്നിരുന്നു. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം ഉന്നയിച്ച് രംഗത്തെത്തിയത്. സുരേഷ് ഗോപിയെയും കെ.സുരേന്ദ്രനെയും മത്സരിപ്പിക്കാൻ നേരത്തെ നേതൃത്വത്തന് ആലോചനയുണ്ടായിരുന്നു. എന്നാൽ പിന്നീട് അവസാനഘട്ടത്തിൽ കുമ്മനത്തെ രംഗത്തിറക്കാൻ നേതൃത്വം തീരുമാനിക്കുകയായിരുന്നു. ശബരിമല വിഷയത്തെത്തുടർന്ന് അനുകൂല സാഹചര്യമാണുള്ളതെന്നും കുമ്മനം നിന്നാൽ അത് ഗുണകരമാകുമെന്നും വിലയിരുത്തലിനെ തുടർന്നാണിത്.
അതേസമയം, എൻ.എസ്.എസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നതും സുരേന്ദ്രന് അനുകൂല ഘടകമാണ്. എന്നാൽ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സരേന്ദ്രന്റെ കാര്യത്തിൽ അനുകൂലമല്ലായിരുന്നു. ഇതിനിടെ മറ്റ് മണ്ഡലങ്ങളലേക്കുള്ള സ്ഥാനാർത്ഥി പട്ടിക വൈകാതെ തയ്യാറാക്കി നൽകാൻ ദേശീയ നേതൃത്വം നിർദ്ദേശം നൽകിയിട്ടുണ്ട്. അതിന് മുൻപ് ഘടകകക്ഷികളുമായി ചർച്ച ചെയ്ത് തീരുമാനത്തിലെത്തണം.