തന്റെ ആദ്യ ചിത്രം കോപ്പിയടി വിവാദത്തിൽ പെട്ടതിനെതിരെ പ്രതികരണവുമായി നടനും മിമിക്രി താരവുമായ കോട്ടയം നസീർ രംഗത്തെത്തി. സുദേവൻ പെരിങ്ങോട് സംവിധാനെ ചെയ്‌ത 'അകത്തോ പുറത്തോ' എന്ന ചിത്രവുമായി കുട്ടിച്ചന് ഏറെ സാമ്യമുണ്ടെന്ന് സുദേവൻ തന്നെ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
താൻ രചനയും സംവിധാനവും നിർവഹിച്ച ”അകത്തോ പുറത്തോ ”എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ആശയവും അവതരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായാണ് തോന്നിയത്. ഇത് പോലെ മുന്നോട്ട് പോകുന്നത് ശരിയല്ലെന്നുമായിരുന്നു സുദേവൻ ഫേസ്ബുക്കിൽ കുറിച്ചത്.
എന്നാൽ സുദേവന്റെ വാദം നിഷേധിച്ച് കോട്ടയം നസീർ രംഗത്തെത്തി. സുദേവന്റെ ചിത്രം ഇതുവരെ കണ്ടിട്ടില്ല. കണ്ടതിന് ശേഷമാകാം പ്രതികരണം. കാണാത്ത കാര്യത്തെ കുറിച്ച് എങ്ങനെയാണ് അഭിപ്രായം പറയുമെന്നും കോട്ടയം നസീറിർ ചോദിച്ചു. ഒരു കാര്യത്തെ കുറിച്ച് എഴുതി അറിയിക്കാൻ എല്ലാവർക്കും കഴിയും. എന്നാൽ അത് ശരിയാണോ എന്ന് നോക്കേണ്ട ഉത്തരവാദിത്തം എനിക്കുണ്ട്, ഒന്നിൽ നിന്നും ഒളിച്ചോടേണ്ട കാര്യം എനിക്കില്ലന്നുമായിരുന്നു കോട്ടയം നസീറിന്റെ പ്രതികരണം. 14മിനിറ്റ് ദൈർഘ്യമുള്ള ഹ്രസ്വ ചിത്രത്തിൽ ജാഫർ ഇടുക്കിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
അതേസമയം, സുദേവന്റെ ആരോപണം ശരിവച്ച് സംവിധായകൻ ഡോക്ടർ ബിജുവും രംഗത്തെത്തിയിരുന്നു. ചെറിയ ഇൻഡിപെൻഡന്റ് സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂർണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകൾ ഉണ്ടാക്കുക എന്ന രീതി അടുത്തകാലത്തായി മലയാള സിനിമകളിൽ കണ്ടുവരുന്നുണ്ട്. ലോക ക്ലാസിക് സിനിമകളുടെ കഥകൾ വരെ അടിച്ചുമാറ്റി ഉണ്ടാക്കിയ സിനിമകൾ ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ടെന്നും ഡോക്ടർ ബിജു ആരോപിച്ചു.