കാസർകോട്: പെരിയ കല്യോട്ടെ രണ്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തിൽ മൂന്ന് പേർ കൂടി കുടുങ്ങും. കല്യോട്ട് പ്രദേശത്തെ പ്രധാനികളും സി.പി.എം പ്രവർത്തകരുമായ മൂന്നുപേരിലേക്കാണ് അന്വേഷണം നീളുന്നത്. അറസ്റ്റ് ചെയ്ത ഏഴ് പ്രതികൾക്ക് പുറമെ പ്രത്യേക അന്വേഷണ സംഘം ഈ മൂന്ന് പേരുകൾ കൂടി ലിസ്റ്റ് ചെയ്തിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുക്കാത്ത പാർട്ടിയിൽ നല്ല സ്വാധീനമുള്ളവരാണ് ഇവരെന്ന് പറയുന്നു.
കൊലയാളി സംഘത്തിന് എല്ലാവിധ ഒത്താശയും ചെയ്തുകൊടുത്ത ഇവരെ അറസ്റ്റ് ചെയ്യാതെ അന്വേഷണം മുന്നോട്ട് കൊണ്ടുപോകാൻ കഴിയില്ല. ഇവരെ ചോദ്യം ചെയ്താൽ മാത്രമേ പുറത്തുനിന്നെത്തിയ വാടക കൊലയാളികളുടെ വിവരങ്ങൾ കിട്ടുകയുള്ളൂവെന്ന നിഗമനത്തിലാണ് പ്രത്യേക അനേഷണ സംഘം. അതിനിടെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടുകൊണ്ട് ഡി.ജി.പി ഇന്നലെ വൈകിട്ട് ഉത്തരവിട്ടത്. അറസ്റ്റിലായ എല്ലാവരും കൊലയാളി സംഘത്തിൽ ഉണ്ടായിരുന്നുവെന്നും പ്രതികളെല്ലാം കൊല്ലപ്പെട്ട കൃപേഷിനെയും ശരത് ലാലിനെ ആക്രമിച്ചിരുന്നുവെന്നും വിവരം പുറത്തുവന്നിട്ടുണ്ട്.
കൊല്ലപ്പെട്ടവർ കുറ്റികാട്ടിൽ നിന്നും ചാടിവരുന്ന സംഘത്തെ കണ്ടിരുന്നുവെന്നും ആ സമയം ബൈക്ക് തിരിച്ചു കൃപേഷ് രക്ഷപ്പെടാൻ ശ്രമിച്ചിരുന്നുവെന്നും അറിവായിട്ടുണ്ട്. ഈ നേരം ഏഴ് പേരും പിടിച്ചു നിർത്തി ക്രൂരമായാണ് വെട്ടിയത്. അടിക്കുകയും ചവിട്ടുകയും വെട്ടുകയും ചെയ്തതിൽ എല്ലാവരും പങ്കാളികളായി.
അതിനിടെ ഇരട്ട കൊലപാതകത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയെങ്കിലും അന്വേഷണം തുടങ്ങുന്നത് വൈകിയേക്കും. ക്രൈംബ്രാഞ്ച് ഐ.ജി ശ്രീജിത്തും സംഘവും അടുത്ത ആഴ്ച മാത്രമേ കാസർകോട് എത്തുകയുള്ളൂ. ഒരാഴ്ച പ്രതികളെ പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടതിനാൽ അറസ്റ്റ് ചെയ്തു ഹാജരാക്കിയ പൊലീസ് ഓഫീസർ തന്നെ പ്രതികളെ കോടതിയിൽ ഹാജരാക്കണമെന്നാണ് നിയമം. അതിന് ശേഷം മാത്രമേ പുതിയ ഉദ്യോഗസ്ഥന് അന്വേഷണം ഏറ്റെടുക്കാൻ സാങ്കേതികമായി കഴിയുകയുള്ളൂ.
എറണാകുളം ക്രൈംബ്രാഞ്ച് എസ്.പി അബ്ദുൾ റഫീഖ്, മലപ്പുറം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പ്രദീപ്, സി.ഐ അബ്ദുൾ റഹീം എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. മുഖ്യപ്രതി സി.പി.എം പെരിയ ലോക്കൽ കമ്മിറ്റി അംഗമായിരുന്ന എ. പീതാംബരന് പുറമെ പ്രതികൾ സഞ്ചരിച്ച വാഹനത്തിന്റെ ഉടമ സജി സി ജോർജ്, കണ്ണൂർ ഒടുവള്ളിത്തട്ട് സ്വദേശിയും പെരിയയിൽ താമസക്കാരനുമായ കെ.എം. സുരേഷ് (27), പെരിയ ഏച്ചിലടുക്കത്തെ ഓട്ടോഡ്രൈവർ കെ. അനിൽകുമാർ (33), കുണ്ടംകുഴി മലാംകാട്ടെ പിക്കപ്പ് ലോറി ക്ലീനറായ എ. അശ്വിൻ എന്ന അപ്പു (18), കല്യോട്ട് പ്ലാക്കാത്തൊട്ടിയിലെ ജീപ്പ് ഡ്രൈവർ ശ്രീരാഗ് എന്ന കുട്ടു (22), പെരിയ കാഞ്ഞിരടുക്കം സ്വദേശിയും നിർമാണ തൊഴിലാളിയുമായ ജി. ഗിജിൻ (26) എന്നിവരെയാണ് അന്വേഷണ സംഘം ഇതുവരെ അറസ്റ്റു ചെയ്തത്.
പ്രതികളെന്ന് പറയുന്ന ഏഴ് പേരുടെ അറസ്റ്റോടെ അന്വേഷണം മന്ദഗതിയിലാക്കാനാണ് നീക്കം നടക്കുന്നതെന്ന ആരോപണവും ഉയർന്നുകഴിഞ്ഞു. പഴുതടച്ചതും കൃത്യവുമായ അന്വേഷണം നടത്തിയാൽ ഉന്നതങ്ങളിലേക്ക് എത്തും എന്നതിനാലാണ് അന്വേഷണം ആ രീതിയിൽ കൂടുതൽ മുന്നോട്ട് പോകേണ്ടതില്ലെന്ന ധാരണയിൽ എത്തിയിരിക്കുന്നതെന്നാണ് പറയുന്നത്.
സി.ബി.ഐ അന്വേഷണം എന്ന കൊല്ലപ്പെട്ടവരുടെ കുടുംബത്തിന്റെയും കോൺഗ്രസ് നേതൃത്വത്തിന്റെയും ആവശ്യത്തിൽ നിന്ന് തല്ക്കാലം മുഖം രക്ഷിക്കാനാണ് സർക്കാർ ക്രൈംബ്രാഞ്ച് അന്വേഷണം പ്രഖ്യാപിച്ചത്. സി.പി.എം ലോക്കൽ കമ്മറ്റി അംഗമായിരുന്ന എ. പീതാംബരൻ മാത്രമാണ് കൊലയാളി സംഘത്തിന് നേതൃത്വം നൽകിയതും കൊല്ലിച്ചതും എന്ന നിലപാടിൽ ഉറച്ചു നിന്നുകൊണ്ടാണ് പ്രത്യേക അന്വേഷണ സംഘം അന്വേഷണം നടത്തിയത്.