മുഖ്യമന്ത്രി വേലായുധൻ മാസ്റ്റർ ഒരു നിമിഷം ചകിതനായി....
രാഹുൽ എന്തിനങ്ങനെ ചെയ്യുന്നു?
രാജസേനന്റെ ബോഡി മോർച്ചറിയിൽ വയ്ക്കേണ്ട ആവശ്യമെന്ത്?
എന്തെങ്കിലും തക്കതായ ലക്ഷ്യമില്ലാതെ രാഹുൽ അങ്ങനെ ചെയ്യില്ല...
മാസ്റ്റർക്കു പിന്നാലെ വെന്റിലേറ്ററിലേക്കു വന്ന ഡി.ജി.പി ഇർഫാൻ മുഹമ്മദിനോട് അയാൾ കാര്യം ചുരുക്കി പറഞ്ഞു.
ഇർഫാൻ മുഹമ്മദ്, രാജസേനന്റെ മൃതദേഹത്തിനു മുന്നിൽ ഒരുനിമിഷം തൊപ്പിയൂരി മൗനമായി നിന്നു. ശേഷം തൊപ്പി വീണ്ടും വച്ച് മാസ്റ്റർക്കു നേരെ തിരിഞ്ഞു:
''സാർ.. ബോഡി മോർച്ചറിയിൽ വയ്ക്കരുതെന്ന്നമുക്ക് പറയാനാവില്ല. പക്ഷേ അത് പിന്നെ ജനങ്ങൾക്കും പാർട്ടിക്കാർക്കും ഇടയിൽ ഒരുപാട് സംശയങ്ങൾക്കു വഴിവയ്ക്കും. മാസ്റ്റർ നഖം കടിച്ച് ചിന്തയോടെ നിന്നു.
രാജസേനൻ മന്ത്രിസഭയിൽ ഉള്ളപ്പോൾത്തന്നെ തലവേദനയായിരുന്നു. മരിച്ചു കഴിഞ്ഞിട്ടും ഒരു ബാധയായി തന്നെ പിൻതുടരുകയാണോ?
അപ്പോൾ രാഹുൽ അമ്മയുമായി സംസാരിച്ചു. സാവത്രിക്കു ഭർത്താവിന്റെ ശരീരം മോർച്ചറിയിൽ വയ്ക്കുന്നതിനോട് ഒട്ടും താൽപ്പര്യം ഇല്ലായിരുന്നു:
''അത് വേണോടാ?" അവർ അർദ്ധ ശങ്കയോടെ തിരക്കി.
''വേണം." രാഹുലിന്റെ ശബ്ദം മുറുകി. ''അത് എന്തിനെന്ന് പിന്നീട്അമ്മയ്ക്കു ബോദ്ധ്യപ്പെടും."
അവസാനം മകന്റെ നിർബന്ധത്തിന് ആ സ്ത്രീ വഴങ്ങി.
പെട്ടെന്നു തന്നെ നടപടികൾ പൂർത്തിയാക്കി രാജസേനന്റെ ശരീരം മോർച്ചറിയിലേക്കു മാറ്റി.
പേപ്പറുകളിൽ ഒപ്പിട്ടു കൊടുത്തത് രാഹുലാണ്.
മരണ വാർത്തയറിഞ്ഞ് മറ്റ് മന്ത്രിമാരും രാജസേനന്റെ ഗ്രൂപ്പിൽ പെട്ട എം.എൽ.എമാരും ധാരാളം പ്രവർത്തകരും എത്തിച്ചേർന്നിരുന്നു.
രാഹുൽ വളരെ വേഗത്തിൽ അടുത്ത ചില ബന്ധുക്കളെ വിവരം അറിയിച്ചിട്ട് ഒരു ടാക്സികാറിൽ സാവത്രിയെ പത്തനംതിട്ടയ്ക്ക് അയച്ചു. ഒപ്പം എത്രയും വേഗം എത്തിച്ചേരുവാൻ വിക്രമനും സാദിഖിനും നിർദ്ദേശം നൽകി.
പോലീസിന്റെ കണ്ണുകൾ തന്നെ പിൻതുടരും എന്ന് അറിയാം രാഹുലിന്. അതിനാൽ അവിടെയെത്തിയ എം.എൽ.എമാരിൽ ഒരാളുടെ വണ്ടിയിൽ അവൻ അവിടെ നിന്നു മാറി.
സ്റ്റാച്യു ജംഗ്ഷനിൽ ഇറങ്ങുകയും തുടർന്ന്ഒരു ഓട്ടോയിൽ ശ്രീകാര്യത്തിനു പോകുകയും ചെയ്തു.
തന്നെ ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടെങ്കിൽ താൻ പട്ടണത്തിലേക്കു തന്നെയാണ് പോയത് എന്നു വിചാരിക്കാനാണ് അവൻ അങ്ങനെ ചെയ്തത്.
ശ്രീകാര്യത്ത് ഒരു ലോഡ്ജിൽ അവൻ മുറിയെടുത്തു.
അപ്പോൾ -
കോഴഞ്ചേരിയിലെ, ജില്ലാ ഹോസ്പിറ്റലിൽ നിന്ന് വീട്ടിൽ എത്തിക്കഴിഞ്ഞിരുന്നു പിങ്ക് പോലീസ് എസ്.ഐ വിജയ.
എയർബാഗുള്ള കാർ ആയിരുന്നതിനാൽ അവൾക്ക് ഒന്നും പറ്റിയിരുന്നില്ല.
പിൻസീറ്റിൽ ഇരുന്ന വിജയമ്മയ്ക്കും നിർമ്മലയ്ക്കും ശാന്തിനിക്കും അമലയ്ക്കും അല്പസ്വല്പം പരിക്കുണ്ടായിരുന്നു.
ഹോസ്പിറ്റലിൽ കയറ്റി അവർക്കു വേണ്ട ശുശ്രൂഷകൾ നൽകിച്ച്സ്വന്തം വീടുകളിലേക്കു പറഞ്ഞയച്ച ശേഷമായിരുന്നു അവൾ മടങ്ങിയത്.
ടിവിയിൽ മുൻ ആഭ്യന്തരമന്ത്രി രാജസേനന്റെ മരണവും അയാളെ മോർച്ചറിയിൽ വച്ചതുമൊക്കെ വരുന്നുണ്ട്.
'' ഒരു ശല്യം തീർന്നു.."
വിജയ പിറുപിറുത്തു.
മാലിനി തല തിരിച്ച് അവളെ ഒന്നു നോക്കി.
''നിനക്കിപ്പഴും അയാളോട്പകയാണല്ലേ?"
പതിഞ്ഞതായിരുന്നു ചോദ്യം.
''അയാളോട് മാത്രമല്ല മകൻ രാഹുലിനോടും പിന്നെ മുഖ്യമന്ത്രി എന്നു പറയുന്ന കള്ളൻ മാസ്റ്ററോടും അങ്ങനെ തന്നെ."
മാലിനി വിഷാദത്തിൽ ചിരിച്ചു.
''വെറും ഒരു എസ്.ഐ ആയ നീ പക വച്ചുകൊണ്ടിരുന്നിട്ട് എന്താടീ കാര്യം?"
''പിന്നെ എന്റെ അച്ഛനെയും അനൂപേട്ടനെയും നമ്മുടെ സത്യനേയും... ആനന്ദ്രാജിനെയും പ്രസീതയേയും ... അങ്ങനെ എത്രയെത്ര നിരപരാധികളെ കൊന്നൊടുക്കി അവർ? അവരോട്ഞാൻ ക്ഷമിക്കണമെന്നാണോ അമ്മ പറയുന്നത്?"
''അതല്ലാതെ നിനക്ക്എന്തുചെയ്യാൻ കഴിയും?"
വിജയയുടെ മുഖം പെട്ടെന്നു മുറുകി. കണ്ണുകളിൽ വൈരപ്പൊടി വീണതു പോലെയുള്ള തിളക്കം...
അവൾ എന്തോ പറയാൻ ഭാവിക്കുകയായിരുന്നു.
പൊടുന്നനെ മുറ്റത്ത് ഒരു വാഹനം ബ്രേക്കിട്ടു.
(തുടരും)