വേനൽ കത്തി ജ്വലിച്ചു തുടങ്ങി, ഒപ്പം ഉഷ്ണരോഗങ്ങളും. മനസും ശരീരവും ദുർബലമാകുന്ന വേനലിൽ ശരീരത്തിന്റെ ഉപാചയപ്രവർത്തനങ്ങളുടെ ശേഷി കുറയും. ഉറക്കവും വിശപ്പും കുറയുമ്പോൾ ക്ഷീണം കൂടും. സൂര്യതാപം, ഡയേറിയ, ഡീഹൈഡ്രേഷൻ, ഭക്ഷ്യവിഷബാധ തുടങ്ങിയ ചൂടുകാല രോഗങ്ങൾ ഒപ്പം ചിക്കൻ പോക്സ് പോലുള്ള സാംക്രമിക രോഗങ്ങളും ഉഷ്ണകാലത്തുണ്ടാകും. ഇതിന് പരിഹാരം അടുക്കളയിൽ നിന്ന് തന്നെ തുടങ്ങാം.ആന്തരിക ഊഷ്മാവിനെ തണുപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ ദൈനംദിന ജീവിതത്തിൽ ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക.
വ്യക്തിശുചിത്വം അനിവാര്യം
ശരീരത്തെ തണുപ്പിക്കാനും രോഗങ്ങളെ തടയാനും വ്യക്തിശുചിത്വം പാലിക്കണം. ദിവസേന രണ്ടുനേരം കുളിക്കണം. ഒപ്പം എല്ലായ്പ്പോഴും കൈകാലുകൾ വൃത്തിയായി പൊടിപടലങ്ങൾ ഇല്ലാതെ സൂക്ഷിക്കുക.
ജലം ശ്രദ്ധയോടെ
ദിവസേന 12 ഗ്ളാസിൽ കൂടുതൽ വെള്ളം കുടിക്കണം.തിളപ്പിച്ചു തണുപ്പിച്ച ശുദ്ധമായ വെള്ളം കുടിക്കുക. രാവിലെ വെറും വയറ്റിൽ വെള്ളം കുടിക്കുന്നത് തളർച്ചകൾ ഒഴിവാക്കാനും ശരീരപ്രവർത്തനങ്ങൾക്ക് ആരോഗ്യകരമായ തുടക്കമേകാനും നല്ലതാണ്. അധികമായ ചായ, കാപ്പി തുടങ്ങിയവ ഒഴിവാക്കുക. തണുപ്പ് കിട്ടാനായി റഫ്രിജറേറ്ററിൽ നിന്ന് നേരിട്ട് വെള്ളം കുടിക്കരുത്.
അമിതമായി തണുപ്പിച്ച പാനീയങ്ങൾ ഗുണത്തേക്കാൾ ഏറെ ദോഷം സംഭവിക്കാൻ ഇടയാകാം. നിറങ്ങളും, അമിതമായ പഞ്ചസാരയും പ്രിസർവേറ്റീസും അടങ്ങിയ പാനീയങ്ങൾ വേണ്ടേവേണ്ട. ഇവയൊക്കെ ശരീരത്തിൽ നിന്ന് ജലം കൂടുതലായി നഷ്ടമാക്കും.ശുദ്ധമായ പഴച്ചാറുകൾ, കരിക്കിൻ വെള്ളം, നാരങ്ങാവെള്ളം, തണ്ണിമത്തൻ, ഓറഞ്ച്, വെള്ളരിക്ക തുടങ്ങിയവ ഉത്തമം. ചൂട് കൂടുന്നതോടെ ഉണ്ടാകാൻ സാദ്ധ്യതയുള്ള ലവണ നഷ്ടം ഒഴിവാക്കാനും പഴച്ചാറുകൾ സഹായിക്കും.
(തുടരും)
ശുഭശ്രീ പ്രശാന്ത്
ക്ളിനിക്കൽ
ന്യൂട്രീഷ്യനിസ്റ്റ്
ആറ്റുകാൽ
ദേവി ഹോസ്പിറ്റൽ