നന്നായി ഓടിക്കൊണ്ടിരുന്ന മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രത്തെ തകർത്തത് സുരേഷ് ഗോപിയുടെ പ്രതീക്ഷിച്ചിരിക്കാത്ത വരവായിരുന്നെന്ന് നിർമ്മാതാവും നടനുമായ ദിനേശ് പണിക്കർ. 1999ൽ പുറത്തിറങ്ങിയ സ്‌റ്റാലിൻ ശിവദാസ് എന്ന ചിത്രത്തെ തകർത്തത് സുരേഷ് ഗോപി നായകനായി എത്തിയ പത്രമായിരുന്നെന്ന് പറയുകയാണ് ദിനേശ് പണിക്കർ. റിലീസ് ചെയ്‌ത് ആദ്യത്തെ രണ്ട് ദിവസങ്ങളിൽ മികച്ച കളക്ഷനാണ് സിനിമ നേടിയത്. എന്നാൽ പെട്ടെന്നുള്ള 'പത്ര'ത്തിന്റെ വരവോടു കൂടി കാര്യങ്ങൾ മാറിമറിയുകയായിരുന്നുവെന്ന് ദിനേശ് പറയുന്നു. കൗമുദി ടിവിയ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസു തുറന്നത്.
'സമയത്തിന്റെ ഒരു വലിയ ഘടകം സിനിമയിൽ ഇമ്പോർട്ടെന്റ് ആണ്. അതിന് സ്‌റ്റാലിൻ ശിവദാസ് എന്ന ചിത്രം തന്നെ എടുക്കാം. എനിക്കു വേണ്ടി അതിന്റെ സംവിധായകൻ ടി.എസ് സുരേഷ് ബാബു ഏറ്റവും മിനിമം ബഡ്‌ജറ്റിലാണ് പടം തീർത്തു തന്നത്. അതിന് സുരേഷ് ബാബുവിനെ എത്ര പ്രശംസിച്ചാലും മതിയാകില്ല. ഒരു മുപ്പതു ദിവസത്തിനു ശേഷം താഴയെ ആ ചിത്രം ഷൂട്ട് ചെയ്‌തിട്ടുള്ളു. ബ്രഹ്മാണ്ഡ പടമാണ്, ശരിക്കും പറഞ്ഞാൽ ജാഥയും ബഹളവും രാഷ്‌ട്രീയവും എല്ലാം വച്ചിട്ടുള്ള പടം. അത്രയും ലെവലിൽ ആ പടം എടുക്കാൻ സാധിച്ചു.ഞാൻ തന്നെയാണ് അതിന്റെ ഡിസ്‌ട്രിബ്യൂട്ടർ. റിലീസ് ചെയ്‌ത് ഫസ്‌റ്റ് ഡേ കൊണ്ട് എനിക്ക് നല്ലൊരു എമൗണ്ട് വന്നു. സെക്കന്റ് ഡേ നല്ലൊരു എമൗണ്ട് വന്നു. ഈ രീതിയിൽ സിനിമ പോയാൽ ഒരാഴ്‌ച കൊണ്ടു തന്നെ എനിക്ക് മുടക്കു മുതൽ കിട്ടണം. ഇതാണ് സിനിമയുടെ ഒരു കണക്കു കൂട്ടൽ.
പക്ഷേ എവിടുന്നെങ്കിലും നമ്മുടെ സമയം മോശമാണെങ്കിൽ, ഒരു ചെറിയ അറ്റാക്ക് നമുക്കെതിരായി വന്നാൽ പടം അവിടെ താഴെ വീഴും. മൂന്നാമത്തെ ദിവസം സംഭവിച്ചത് അതാണ്. അന്ന് ഒരു പ്രതീക്ഷയുമില്ലാതെ പെട്ടി മാറ്റിവച്ച്, ഈ അടുത്തകാലത്തെങ്ങും റിലീസ് ചെയ്യില്ല എന്നു വിചാരിച്ചിരുന്ന പത്രം എന്ന സിനിമ ഒരു പ്രതീക്ഷയില്ലാതെ, സാധാരണ സിനിമകളൊക്കെ റിലീസ് ചെയ്യുന്നത് വെള്ളിയാഴ്‌ചകളിലാണ്, സ്‌റ്റാലിൻ ശിവദാസ് വെള്ളി, ശനി കഴിഞ്ഞു നിൽക്കുമ്പോൾ ഇതുകൊണ്ടുവന്ന് ഞായറാഴ്‌ച റിലീസ് ചെയ്‌തു.
എല്ലാവരും പത്രം കാണാൻ ഓടി. സ്‌റ്റാലിൻ ശിവദാസം ഒറ്റ ദിവസം കൊണ്ട് ഇരുന്നു പോയി. ആ കോംപറ്റീഷൻ എന്റെ സിനിമയെ തകർത്തുകളഞ്ഞു. ഇല്ലായിരുന്നുവെങ്കിൽ എന്റെ മുടക്കുമുതൽ എനിക്കു തിരിച്ചു കിട്ടിയേനെ'- ദിനേശ് പണിക്കർ പറയുന്നു.