pinarayi-

ന്യൂഡൽഹി: എസ്.എൻ.സി ലാവ്‌ലിൻ കേസിൽ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സമർപ്പിച്ച അപ്പീലുകൾ സുപ്രീംകോടതി ഏപ്രിൽ മാസത്തിൽ അന്തിമവാദം കേൾക്കും. ഇന്ന്‌ കേസ്‌ കോടതിയുടെ പരിഗണനയ്‌ക്കെത്തിയപ്പോൾ സി.ബി.ഐയ്‌ക്ക്‌ വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്‌ത വിശദമായി വാദം കേൾക്കണമെന്ന ആവശ്യം ഉന്നയിക്കുകയായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനടക്കം മൂന്നു പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദുചെയ്യണമെന്ന സി.ബി.ഐയുടെ ഹർജിയും കേസിൽനിന്ന് ഒഴിവാക്കണമെന്ന മൂന്ന് കെ.എസ്.ഇ.ബി മുൻ ഉദ്യോഗസ്ഥരുടെ ആവശ്യവുമാണു കോടതി പരിഗണിക്കുന്നത്‌.

പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുത പദ്ധതികളുടെ പുനരുദ്ധാരണത്തിന്, കനേഡിയൻ കമ്പനിയായ എസ്എൻസി ലാവ്‌ലിനുമായി ഒപ്പിട്ട കരാറുകളുമായി ബന്ധപ്പെട്ടാണു കേസ്. കരാർ ലാവ്‌ലിനു നൽകാൻ പ്രത്യേക താൽപര്യം കാണിച്ചതിലൂടെ സംസ്ഥാനത്തിന് 374 കോടി രൂപയുടെ നഷ്ടമുണ്ടായെന്നും ആരോപണമുണ്ട്. സുപ്രീംകോടതി വിശദമായ വാദംകേൾക്കുന്ന ചൊവ്വ മുതൽ വ്യാഴം വരെയുള്ള ഏതെങ്കിലും ദിവസംകേസ് പരിഗണിക്കണമെന്ന് തുഷാർ മെഹ്‌ത ആവശ്യപ്പെട്ടു. തുടർന്നാണ് ഏപ്രിൽ ആദ്യവാരമോ രണ്ടാംവാരമോ അന്തിമവാദംകേൾക്കാനുള്ള തീയതി നിശ്ചയിക്കാമെന്ന് ജസ്റ്റിസ് എൻ.വി രമണ അദ്ധ്യക്ഷനായുള്ള ബെഞ്ച് തീരുമാനമറിയിച്ചത്. മാർച്ച് മാസത്തിൽഹോളി പ്രമാണിച്ച് നീണ്ട അവധിയുള്ളതിനാൽ വാദം കേൾക്കുന്നത് നീട്ടി വെയ്ക്കണമെന്ന് പിണറായി വിജയന്‌ വേണ്ടി ഹാജരായ അഭിഭാഷകനും ആവശ്യപ്പെട്ടു.