rowdy

ആദി എന്ന സിനിമയ്ക്ക് ശേഷം ജിത്തു ജോസഫ് സംവിധാനം ചെയ്‌ത മിസ്റ്റർ ആൻഡ് 'മിസ് റൗഡി' ശരിക്ക് പറഞ്ഞാൽ ഒരു ക്വട്ടേഷനാണ്. നർമ്മത്തിന്റെ പ്രണയത്തിന്റെ ജീവിതത്തിന്റെ പിന്നെ ജീവിതകാഴ്ചപ്പാടുകളുടെയൊക്കെയാണ് ആ കൊട്ടേഷൻ. ജീവിതം കരുപ്പിടിപ്പിക്കാൻ ശ്രമിക്കുന്നതിന് പകരം വലിയൊരു കൊട്ടേഷൻ സംഘമാകാൻ ആഗ്രഹിക്കുകയും എന്നാൽ, ആ ജോലിയിൽ വേണ്ടത്ര വിജയിക്കാൻ പറ്റാത്തതുമായ അഞ്ച് ചെറുപ്പക്കാരുടെ കഥയ്‌ക്ക് നർമ്മം ചാലിച്ചെഴുതിയ ചലച്ചിത്രാനുഭവമാണ് ഈ സിനിമ.

റൗഡിമാർ ആരൊക്കെ
അപ്പു,​ മണിയൻ,​ പത്രോ,​ ആന്റപ്പൻ,​ ആസിഫ് എന്നിവരാണ് സിനിമയിലെ റൗഡികൾ. നാട്ടിൽ അല്ലറ ചില്ലറ കൊട്ടേഷനുകളൊക്കെ എടുത്ത് ആളാകാൻ നോക്കി നടക്കുന്ന ഇവർക്ക് കിട്ടുന്ന പണികളും പിന്നീട് ഇവർ കൊടുക്കുന്നു മുട്ടൻ കൊട്ടേഷൻ പണികളും ചേർന്നതാണ് സിനിമ. ഇവർക്കിടയിലേക്കാണ് പൂർണിമ എന്ന പെൺകുട്ടി, അല്ല പെൺറൗഡി കടന്നുവരുന്നത്. ഇതോടെ പ‍ഞ്ചപാണ്ഡവരായ റൗഡിമാരുടെ ജീവിതം ശരിക്കങ്ങ് മാറുകയാണ്. അതെങ്ങനെ,​ ഏതെല്ലാം തരത്തിൽ മാറിയെന്നത് തിയേറ്ററിലൂടെ കണ്ടറിയണം.

rowdy1

കണ്ട് മറന്ന പല കൊട്ടേഷൻ കഥകളുടേയും അരികത്ത് കൂടി ഈ സിനിമ നിങ്ങളെ ചുറ്റിക്കുമെങ്കിലും വേറിട്ട അവതരണ രീതിയാണ് ചിത്രത്തെ ആസ്വാദ്യകരമാക്കുന്നത്. നർമ്മത്തിന് പ്രാധാന്യം നൽകിയിരിക്കുന്ന സിനിമ കുടുംബപ്രേക്ഷകരെ ആകർഷിക്കാനുള്ള എല്ലാ ചേരുവകളും ചേരുംപടി ചേർത്തിരിക്കുന്നു. ആദ്യപകുതിയിൽ കൊട്ടേഷൻ സംഘത്തിന്റെ അടിപിടി ജീവിതത്തിലേക്ക് വെളിച്ചം വീശുന്ന സിനിമ,​ പക്ഷേ രണ്ടാം പകുതിയിൽ തികച്ചും നാടകീയ സംഭവങ്ങളിലൂടെയാണ് മുന്നേറുന്നത്. സമൂഹത്തിൽ അതിവേഗം പടർന്നു പിടിച്ചുകൊണ്ടിരിക്കുന്ന ലൈംഗിക വ്യാപാരത്തിന്റെ ഉള്ളറകളിലേക്കും സിനിമ പ്രേക്ഷകരെ കൊണ്ടുപോകുന്നു.സിനിമയുടെ പേര് കേൾക്കുമ്പോൾ നല്ല ഒന്നാന്തരം സംഘട്ടനം,​ ഡാർക്കും ഹെവിയുമായ ഫൈറ്റിംഗ് സീനുകൾ,​ അസാമാന്യ തരത്തിലുള്ള വില്ലൻ വിളയാട്ടങ്ങൾ എന്നിവയൊക്കെ ഉണ്ടാകാമെന്ന തോന്നലുണ്ടാകാമെങ്കിലും അത്തരമൊരു മേക്കിംഗല്ല സിനിമയുടേത്. ജിത്തുവിന്റെ ഭാര്യ ലിന്റയുടേതാണ് കഥ.

rowdy2

പൂമരം എന്ന സിനിമയിലൂടെ നായകനായി അരങ്ങേറിയ കാളിദാസ് ജയറാം അവതരിപ്പിക്കുന്ന അപ്പുവാണ് കൊട്ടേഷൻ ടീമിന്റെ ലീഡർ. അപ്പു എന്ന പേര് ഒരു കൊട്ടേഷൻ സംഘത്തിന്റെ നേതാവിന് ചേർന്നതാണോയെന്ന് നായിക തന്നെ ചോദിക്കുന്നത് കേൾക്കുമ്പോൾ പ്രേക്ഷകരുടെ നെറ്റി ചുളിഞ്ഞേക്കാം. കരിയറിലെ രണ്ടാമത്തെ മാത്രം നായക കഥാപാത്രത്തെ അവതരിപ്പിച്ച കാളിദാസിന്റെ അഭിനയം മികച്ചതാണെന്ന് പറയാനാകില്ല. ഈ സിനിമയിലെ വേഷത്തിന് താൻ അൺഫിറ്റാണെന്ന ചെറിയ സൂചനകളെങ്കിലും പല രംഗങ്ങൾ കാണുമ്പോഴും പ്രേക്ഷകർക്ക് തോന്നിയേക്കാം. കാളിദാസിന് മുന്നിൽ ഇനിയും കരിയർ ബാക്കിയാണെന്നതിനാൽ മുന്നേറാൻ കഴിയുമെന്ന് തന്നെയാണ് കരുതുന്നത്.

rowdy3

നായികയായി എത്തുന്ന അപർണ ബാലമുരളി പതിവ് പോലെ തന്നെ വേഷം മികച്ചതാക്കിയിട്ടുണ്ട്. അപർണയുടെ എനർജറ്റിക് ആയ അഭിനയ രീതിക്ക് യോജിക്കുന്ന കഥാപാത്രമാണ് ഈ സിനിമയിലേത്. മിസിസ് റൗഡി എന്നതിനെക്കാൾ തന്റേടിയായ യുവതിയെ അപർണ മികച്ച രീതിയിൽ സ്ക്രീനിലെത്തിച്ചു. റൗഡിയും മിസ് റൗഡിയും തമ്മിലുള്ള 'സംഘട്ടന' രംഗത്തിലെ അപർണയുടെ ആക്ഷനുകൾ മികവേറിയതാണ്. ഗണപതി, ഷെബിൻ ബെൻസൻ, വിഷ്ണു ഗോവിന്ദൻ, ശരത് സഭ,​ സായി കുമാർ,​ വിജയ് ബാബു,​ ജോയ് മാത്യൂ,​ ഭഗത് മാനുവൽ,​ എസ്‌തർ തുടങ്ങിയവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. വിജയ് ബാബുവിന്റെ നെഗറ്റീവ് ഷേഡുള്ള കഥാപാത്രവും പ്രേക്ഷകശ്രദ്ധ നേടുന്നു.

സതീഷ് കുറുപ്പിന്റെ ക്യാമറ എറണാകുളത്തോട് ചേർന്നുള്ള നഗരപ്രാന്തപ്രദേശത്തിന്റെ സൗന്ദര്യം ചോരാതെ ഒപ്പിയെടുത്തിട്ടുണ്ട്. വിന്റേഴ്സ് ഫിലിംസിന്റെ ബാനറിൽ ജീത്തു ജോസഫും ഗോകുലം ഗോപാലനുമാണ് ചിത്രം നിർമിച്ചിരിക്കുന്നത്. സന്തോഷ് വർമയുടെ വരികൾക്ക് അരുൺ വിജയ് സംഗീതം നൽകിയിരിക്കുന്നു.

വാൽക്കഷണം: റൗഡിമാരാണെങ്കിലും സ്നേഹമുള്ളവരാ

റേറ്റിംഗ് 2.5