pmsym

ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ ഏറ്റവും വലിയ പെൻഷൻ പദ്ധതിയായ പ്രധാനമന്ത്രി ശ്രാം യോഗി മാൻ ധൻ യോജന (പി.എം.എസ്.വൈ.എം)യുടെ യോഗ്യതകൾ പ്രഖ്യാപിച്ചു. അസംഘടിത മേഖലയിലെ തൊഴിലാളികൾക്ക് പ്രതിമാസം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതി 2019ലെ കേന്ദ്ര ബഡ്ജറ്റിൽ മന്ത്രി പീയുഷ് ഗോയലാണ് പ്രഖ്യാപിച്ചത്.

പ്രതിമാസ വരുമാനം 15,000 രൂപയോ അതിൽ താഴെയോ ഉളളവരെയാണ് പദ്ധതിയിൽ ചേർക്കുക. 18നും 40നും ഇടയിൽ പ്രായമുള്ളവരുമാകണം. ആദായ നികുതി അടയ്ക്കുന്നവരോ മറ്റ് പെൻഷൻ പദ്ധതികളായ എൻ.പി.എസ്, ഇ.എസ്‌.ഐ, ഇ.പി.എഫ് തുടങ്ങിയ പദ്ധതികളിലൊന്നും അംഗങ്ങളായവരോ ആകരുതെന്നും നിർദ്ദേശമുണ്ട്.

പദ്ധതി പ്രകാരം വരിക്കാരൻ മരിക്കുമ്പോൾ ഭാര്യക്ക് പദ്ധതിയിൽ തുടരാം. അടുത്തുള്ള കോമൺ സർവീസ് സെന്ററിലെത്തിയാണ് പദ്ധതിയിൽ ചേരേണ്ടത്. സേവിംഗ്സ് ബാങ്ക് അക്കൗണ്ട് (ജൻധൻ അക്കൗണ്ടായാലും മതി), ആധാർ കാർഡ് എന്നിവ നൽകി വേണം രജിസ്റ്റർ ചെയ്യാൻ.പദ്ധതി പ്രകാരം ഒരാൾക്ക് 60 വയസാകുമ്പോൾ പ്രതിമാസം 3000 രൂപ പെൻഷൻ ലഭിക്കും.

പദ്ധതിയിൽനിന്ന് ഇടയ്ക്കുവെച്ച് പിന്മാറാൻ അവസരമുണ്ട്. പദ്ധതിയിൽ ചേർന്ന് പത്തുവർഷത്തിനുമുമ്പാണ് പിന്മാറുന്നതെങ്കിൽ അയാൾ അടച്ച തുകമാത്രമാണ് തിരിച്ചുകിട്ടുക. അതോടൊപ്പം എസ്.ബി അക്കൗണ്ട് പലിശയും ലഭിക്കും.

18 വയസ്സുള്ള ഒരാൾക്ക് പദ്ധതിയിൽ ചേരാൻ പ്രതിമാസം 55 രൂപയാണ് അടയ്‌ക്കേണ്ടിവരിക. സർക്കാരും സമാനമായ തുക അതോടൊപ്പം നിക്ഷേപിക്കും. പ്രായം കൂടുന്നതിനനുസരിച്ച് അടയ്‌ക്കേണ്ട തുകയിലും വർദ്ധനവുണ്ടാകും.