അരുവിപ്പുറം പ്രതിഷ്ഠ യാഥാസ്ഥിതികരായ ചാതുർവർണ്യപ്രേമികളെ അലോസരപ്പെടുത്തുന്നു. ഇത്തരം നീക്കങ്ങൾ മുളയിലേ നുള്ളണം. അല്ലെങ്കിൽ തങ്ങൾ കെട്ടിപ്പൊക്കിയ കോട്ടകൊത്തളങ്ങൾ തകരും. പ്രതിഷേധവും അമർഷവുമായി അരുവിപ്പുറത്തേക്ക് നീങ്ങുകയാണ് വേദജ്ഞാനമില്ലെങ്കിലും പൂണൂൽധാരണത്തിൽ ഊറ്റം കൊള്ളുന്ന സംഘം.
തങ്ങൾക്കും ആരാധിക്കാൻ ഒരു പ്രതിഷ്ഠ കിട്ടിയതിൽ അഭിമാനിക്കുകയും ആഹ്ലാദിക്കുകയും ചെയ്യുന്നു അവർണ സമൂഹം. പ്രതിഷ്ഠ നടത്താൻ അവർണന് എന്തവകാശം എന്ന ചോദ്യത്തെ ഗുരു സൗമ്യമായി നേരിടുന്നു. തോറ്റുമടങ്ങിയ സംഘത്തെ ആവേശം കൊള്ളിക്കുന്ന നങ്ങേലി അവശരക്ഷകനെ നേരിടണമെന്ന് ഉപദേശിക്കുന്നു. വയൽവരമ്പിൽ കാലുവേദന കൊണ്ട് വഴിമാറാതെ ഇരുന്നുപോയ സാധുവിനെ നങ്ങേലിയുടെ സംഘം തല്ലുന്നു. വേദന കൊണ്ട് വിലപിക്കുന്ന സാധുവിന് തുണയായി ഗുരുദേവൻ എത്തുന്നു.