mahaguru

ഗുരുദേവന്റെ ജീവിതമുഹൂർത്തങ്ങൾ ഓരോന്നായി അറിയുമ്പോൾ പാരീസ് ലക്ഷ്മി വിസ്മയിക്കുന്നു. ഗുരുവിന്റെ ജനനമെങ്ങനെയെന്നറിയാൻ അവർ ആകാംക്ഷ പ്രകടിപ്പിക്കുന്നു. ഗുരു പിറന്ന വയൽവാരം വീട്ടിലേക്ക് പ്രസാദ് ലക്ഷ്മിയെ ആനയിക്കുന്നു. ഗർഭിണിയായ കുട്ടിയമ്മയും ഭർത്താവ് മാടനാശാനും വരാനിരിക്കുന്ന പുതിയ അതിഥിയെപ്പറ്റി പലതും സ്വപ്നം കാണുന്നു. അനുഭവങ്ങൾ പങ്കുവയ്ക്കുന്നു. ശകുനങ്ങളും കണിയാൻ പ്രവചിച്ചതുമൊക്കെ സംഭാഷണങ്ങളിൽ കടന്നുവരുന്നു. പ്രകൃതിദക്ഷിണയായി നൽകുന്നത് വിനയപൂർവം ഏറ്റുവാങ്ങണമെന്ന ചിന്താഗതിക്കാരനാണ് മാടനാശാൻ. പുരാണ പണ്ഡിതനും കുട്ടികൾക്ക് കഥകളും അക്ഷരവും പഠിപ്പിക്കുന്നയാളുമായ അദ്ദേഹം വയൽവാരം വീടിന് മുന്നിൽ നക്ഷത്രമുദിക്കുമെന്ന പ്രവചനത്തിന്റെ പൊരുളറിയാൻ കാത്തിരിക്കുകയാണ്. ചകോരം ചിലയ്ക്കുന്ന സ്വരം ദമ്പതികളെ പ്രതീക്ഷയിലേക്ക് നയിക്കുന്നു.