exams

 പ്രിലിമിനറി പരീക്ഷ ജൂൺ 2ന്

 അപേക്ഷാ ഫീസ് 100 രൂപ

 അവസാന തീയതി മാർച്ച് 18

തിരുവനന്തപുരം: ഐ.എ.എസ്, ഐ.പി.എസ് ഉൾപ്പെടെ 24 സർവീസുകളിലേക്കുള്ള സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയ്ക്ക് മാർച്ച് പതിനെട്ടിനുള്ളിൽ https://upsconline.nic.in എന്ന വെബ്സൈറ്റിലൂടെ അപേക്ഷിക്കാം. ജൂൺ രണ്ടിനാണ് ഒബ്ജക്ടീവ് ടൈപ്പ് പരീക്ഷ. അംഗീകൃത സർവകലാശാല ബിരുദമാണ് യോഗ്യത.

ഫോട്ടോ പതിച്ച സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖയിലെ (ആധാർ, വോട്ടേഴ്സ് ഐ.ഡി, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട് തുടങ്ങിയവ) വിവരങ്ങൾ നിർബന്ധമായും അപേക്ഷയിൽ ചേർക്കണം. കൂടാതെ, പ്രസ്തുത തിരിച്ചറിയൽ രേഖ സ്കാൻ ചെയ്ത് അപേക്ഷയോടൊപ്പം നൽകുകയും പരീക്ഷ, ഇന്റർവ്യൂ തു‌ടങ്ങിയവയിൽ പങ്കെടുക്കുമ്പോൾ കൈയിൽ കരുതുകയും വേണം.

അപേക്ഷാ ഫീസായി 100 രൂപ അടയ്ക്കണം. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ ശാഖ വഴിയോ എസ്.ബി.ഐ ഇന്റർനെറ്റ് ബാങ്കിംഗ് വഴിയോ, വിസ, മാസ്റ്റർ, റുപേ ഡെബിറ്റ്/ ക്രെഡിറ്റ് കാർഡ് വഴിയോ ഫീസ് അടയ്ക്കാം. വനിത/എസ്.സി /എസ്.ടി/ വിഭാഗക്കാർ, നിലവിൽ ഫീസിളവിന് അർഹരായ അംഗപരിമിതർ എന്നിവർ ഫീസടയ്ക്കേണ്ടതില്ല. അപേക്ഷകർക്ക് ഇ - അഡ്മിറ്റ് കാർഡ് നൽകുന്നതാണ്. വെബ്സൈറ്റിൽ നിന്ന് ഇത് ഡൗൺലോഡ് ചെയ്തെടുക്കണം. പോസ്റ്റ് വഴി ലഭിക്കുന്നതല്ല.

ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുടെ ഉത്തരങ്ങൾ തെറ്റായി രേഖപ്പെടുത്തിയാൽ അത് നെഗറ്റീവ് മാർക്കായി പരിഗണിക്കും. മൊബൈൽ ഫോൺ/ സ്മാർട് വാച്ച്/ പേജർ/ പെൻ ഡ്രൈവ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരീക്ഷാ ഹാളിൽ കർശനമായി നിരോധിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾ https://upsc.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഫോൺ: 011-23385271/011-23381125/011-23098543.