pulwama-attack-

 പുൽവാമ ആക്രമണത്തെ അപലപിച്ച് യു. എൻ രക്ഷാ സമിതി
 ഗ്രേ ലിസ്റ്റിൽ നിലനിറുത്തി ഫിനാൻഷ്യൽ ടാസ്‌ക് ഫോഴ്സ്

ചൈനയുടെ എതിർപ്പ് തള്ളി

അന്താരാഷ്‌ട്ര വായ്പകൾ കിട്ടില്ല

ന്യൂയോർക്ക്: പുൽവാമ ചാവേറാക്രമണത്തിന്റെ പശ്‌ചാത്തലത്തിൽ പാകിസ്ഥാനെ ഒറ്റപ്പെടുത്താനുള്ള ഇന്ത്യൻ നീക്കങ്ങൾക്ക് കരുത്തേകി രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ വർദ്ധിക്കുന്നു.

ചൈനയുടെ എതിർപ്പുകൾ തള്ളി പുൽവാമ ഭീകരാക്രമണത്തെ അപലപിച്ച് ഐക്യരാഷ്‌ട്ര രക്ഷാസമിതി ഇന്നലെ പ്രസ്‌താവന ഇറക്കി. അതിന് പിന്നാലെ ജയ്‌ഷെ മുഹമ്മദ് ഭീകരൻ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാൻ യു.എൻ സമിതിയിൽ ഉടൻ വീണ്ടും പ്രമേയം അവതരിപ്പിക്കുമെന്ന് ഫ്രാൻസ് പ്രഖ്യാപിച്ചു.

ഭീകരപ്രവർത്തനത്തിന് സാമ്പത്തിക സഹായം തടയാനുള്ള 38 രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്സ് ( എഫ്.എ.ടി.എഫ് )​ പാകിസ്ഥാനെ ഒക്‌ടോബർ വരെ നിരീക്ഷണപട്ടികയിൽ (ഗ്രേ ലിസ്റ്റ് ) ഉൾപ്പെടുത്താനും തീരുമാനിച്ചു. സംഘടനയുടെ 27 ഉപാധികൾ ഒക്‌ടോബറിനകം പാലിച്ചില്ലെങ്കിൽ പാകിസ്ഥാനെ കരിമ്പട്ടികയിൽ പെടുത്തും.

ടാസ്‌ക് ഫോഴ്സിന്റെ പാരീസിൽ നടന്ന യോഗത്തിലാണ് പാകിസ്ഥാനെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുന്ന തീരുമാനം ഉണ്ടായത്. അന്താരാഷ്‌ട്ര ഏജൻസികൾ പാകിസ്ഥാനു വായ്പ നൽകാത്ത സാഹചര്യമുണ്ടാകും.

ഭീകരർക്ക് ധനസഹായം നൽകുന്നത് പാകിസ്ഥാൻ അവസാനിപ്പിച്ചില്ലെന്നും യു. എൻ വിലക്കുള്ള ഭീകര ഗ്രൂപ്പുകളെ സ്വന്തം മണ്ണിൽ വിഹരിക്കാൻ അനുവദിച്ചിരിക്കയാണെന്നും എഫ്.എ.ടി.എഫ് കുറ്റപ്പെടുത്തി.

ഉപാധികൾ പാലിച്ചെന്ന് വരുത്തി നിരീക്ഷണ ലിസ്റ്റിൽ നിന്ന് ഒഴിവാകാനുള്ള പാക് നീക്കത്തിന് തിരിച്ചടിയാണിത്. ഭീകരാനുകൂല രാജ്യങ്ങളുടെ ലിസ്റ്റിൽ പെടുത്തുമെന്ന ആശങ്കയിൽ ഭീകരസംഘടനകളെ നിയന്ത്രിക്കാൻ പാകിസ്ഥാൻ തീരുമാനിച്ചിരുന്നു. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സയീദിന്റെ സംഘടന ജമാത്തുദ്ദവയെ നിരോധിച്ചത്. ഭീകരർക്ക് നൽകുന്ന സാമ്പത്തിക സഹായത്തിന്റെ വിവരങ്ങൾ പാകിസ്ഥാൻ വെളിപ്പെടുത്തണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. പാക്കിസ്ഥാനെ നിരീക്ഷണപ്പട്ടികയിൽ നിന്ന് മാറ്റരുതെന്ന് ഫ്രാൻസും ആവശ്യപ്പെട്ടിരുന്നു.

ഇന്ത്യയ്‌ക്കനുകൂലമായി രക്ഷാസമിതി പ്രമേയം

പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞാണ് യു. എൻ രക്ഷാസമിതി ആക്രമണത്തെ അപലപിച്ചത്. ഇന്ത്യ നിർദ്ദേശിച്ച വാചകങ്ങൾ അതേപടി ഉൾപ്പെടുത്തിയാണ് പ്രസ്താവന തയ്യാറാക്കിയത്. പ്രസ്താവന തടയാൻ ആറു ദിവസമായി ചൈന ശ്രമിച്ചെന്നാണു റിപ്പോർട്ട്. ജയ്‌ഷെ മുഹമ്മദിന്റെ പേരും എല്ലാ രാജ്യങ്ങളും ഇന്ത്യയുമായി സഹകരിക്കണമെന്ന ഭാഗവും പ്രമേയത്തിൽ ഉൾപ്പെടുത്തുന്നതിനെ ചൈന എതിർത്തു. അതേസമയം, പാകിസ്ഥാനെ ചൊടിപ്പിക്കാതിരിക്കാൻ, രക്ഷാസമിതി പ്രസ്‌താവനയിൽ ജയ്ഷെ മുഹമ്മദിന്റെ പേര് പരാമർശിച്ചത് വിധിപ്രസ്‌താവമൊന്നും അല്ലെന്ന് ചൈന പ്രതികരിച്ചത് ശ്രദ്ധേയമായി.

ജയ്‌ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിനെ ആഗോളഭീകരനായി

പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും വൻശക്തികളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെയും നീക്കത്തെ ചൈന രക്ഷാസമിതിയിൽ വർഷങ്ങളായി വീറ്റോ ചെയ്യുകയാണ്.

പാകിസ്ഥാനെതിരെ

ഇന്ത്യ ഇതുവരെ

പാകിസ്ഥാനു നൽകിയിരുന്ന അഭിമത രാഷ്ട്ര പദവി ഇന്ത്യ പിൻവലിച്ചു

പാകിസ്ഥാനിൽനിന്നുള്ള ഇറക്കുമതിക്കു 200 ശതമാനം നികുതി ചുമത്തി

 പാക്കിസ്ഥാനുമായി നദീജലം പങ്കുവയ്ക്കേണ്ടെന്ന് ഇന്ത്യ