periya-murder

പെരിയ ഇരട്ട കൊലപാതകത്തിൽ പ്രതികളുടെ കുറ്റസമ്മതം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്. വ്യക്തമായ പദ്ധതികൾക്ക് ശേഷമായിരുന്നു ആക്രമിസംഘം കൊലപാതകം നടത്തിയത്. പ്രാദേശികമായി നടന്ന ചെറിയ സംഭവത്തെ പ്രതികാരത്തിന്റെ പേരിൽ കൊലപാതകമാക്കി മാറ്റിയത് ലോക്കൽ കമ്മറ്റി നേതാവ് പീതാംബരനായിരുന്നു. സുഹൃത്ത് സജിയുമായി ചേർന്നാണ് ശരത്തിനെ കൊലപ്പെടുത്താൻ തീരുമാനിച്ചത്. എന്നാൽ യാദൃശ്ചികമായായിരുന്നു സംഭവത്തിലേക്ക് കൃപേഷ് എത്തിയത്. ശരത്ത് ലാൽ ആക്രമി സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഫെബ്രുവരി പതിനേഴിന് പെരുങ്കളിയാട്ട സംഘം കഴിഞ്ഞ് ശരത്തും കൃപേഷും ബൈക്കിൽ വരുന്ന വിവരം പീതാംബരനാണ് ആക്രമി സംഘത്തെ അറിയിച്ചത്.

തുടർന്ന് ഇരുവരും കല്ലിയോട്ട് റോഡിലെത്തിയപ്പോൾ ഒളിച്ചിരുന്ന ആക്രമി സംഘം ചാടിവീഴുകയായിരുന്നു. ഇവരെ കണ്ടിട്ടും ശരത് ലാൽ ബൈക്ക് നിർത്താൻ കൂട്ടാക്കിയില്ല. തുടർന്ന് ആക്രമിസംഘം ഇവരെ ചവുട്ടി വീഴ്‌ത്തുകയും പ്രതികളിലൊരാളായ കെ.എം സുരേഷ് ശരത് ലാലിനെ ആഞ്ഞു വെട്ടുകയുമായിരുന്നു. എന്നാൽ വെട്ട് കൊണ്ടത് കൃപേഷിന്റെ തലയ്‌ക്കായിരുന്നു. മരണവെപ്രാളത്തിൽ ഓടിയ കൃപേഷിനെ വിട്ട് സംഘം ശരത് ലാലിനെ ആക്രമിക്കുകയായിരുന്നു.

ശരതിനെ ആദ്യം ആക്രമിച്ചത് അനിൽ കുമാറും സുരേഷ് കുമാറുമായിരുന്നു. ആദ്യ വെട്ടിൽ തന്നെ തളർന്നു വീണ ശരത് എഴുനേൽക്കാൻ ശ്രമിച്ചപ്പോൾ മറ്റൊരാൾ ഇരുമ്പ് ദണ്ഡുകൊണ്ട് കാലിന് അടിച്ചു വീഴത്തി. ഇതിനിടെ അശ്വിനും സുരേഷും സുനിലും ശ്രീരാഗും അനിലും ശരത്തിന്റെ കാലിൽ ആഞ്ഞു വെട്ടി. കാലിൽ നിന്ന് മാംസം ചിതറിത്തെറിച്ചു. ശരത്തിന്റെ മരണം ഉറപ്പാക്കിയിരുന്നു. അതേസമയം,​ സംഘത്തിന്റെ ശ്രദ്ധയിൽ നിന്ന് മാറിപ്പോയ കൃപേഷിനെ പീതാംബരൻ പിന്നാലെ ഓടിച്ചിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. ഇത് ആക്രമി സംഘത്തിലുള്ളവർ ശ്രദ്ധിച്ചിരുന്നില്ല. ശരത്തിനെ വെട്ടിക്കൊല്ലുന്നതിനിടയിൽ സുരേഷിന്റെ വാൾ പിടി ഊരി തെറിച്ച് പോവുകയും ഇയാളുടെ കൈക്ക് പരിക്കേൽക്കുകയും ചെയ്‌തു.

കൊലപാതകത്തിനു ശേഷം ഇവർ ആയുധങ്ങൾ ഒരു പൊട്ടക്കിണറ്റിൽ ഉപേക്ഷിച്ചു.എന്നാൽ ഒരാൾ മാത്രം പുതിയ വാൾ ഉപേക്ഷിക്കാൻ തയ്യാറായിരുന്നില്ല. സംഘത്തിലുള്ളവരുടെ നിർബന്ധത്തെ തുടർന്ന് ഇയാൾ വാൾ ഉപേക്ഷിക്കുകയും ചെയ്തു. എന്നാൽ പൊലീസിന് ഇതുവരെ ഈ വാൾ കണ്ടെത്താനായിട്ടില്ല. എട്ടുപേർക്ക് രക്ഷപെടാനായി വിവിധ സ്ഥലങ്ങളിൽ മൂന്ന് വാഹനങ്ങൾ തയ്യാറാക്കിയിരുന്നു. സജി ജോർജിന്റ വാഹനത്തിൽ നാലുപേരും മറ്റ് വാഹനങ്ങളിൽ രണ്ടുപേരുമായാണ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടത്. പിന്നീട് ഇവർ പാർട്ടി കേന്ദമായ വെളുത്തോളിയിലെത്തുകയും അവിടെ നിന്ന് മറ്റൊരു കേന്ദത്തിലേക്ക് മാറുകയുമായിരുന്നു. കേസിൽ എന്ത് നിയമോപദേശം നൽകണമെന്ന് വ്യക്തമായി ചർച്ച ചെയ്‌ത ശേഷമാണ് ഇവർ പിരിഞ്ഞത്.

രാത്രിയിൽ വഴിയിൽ ഉപേക്ഷിക്കപ്പെട്ട വണ്ടിയെ കുറിച്ച് വിവരം ലഭിച്ചതോടെ പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. എന്നാൽ വാഹന ഉടമയും ഡ്രൈവറുമായ സജിയെ അന്ന് പിടികൂടാനായില്ല. തുടർന്ന് തൊട്ടടുത്ത ദിവസം ഇയാൾ പൊലീസിൽ ഹാജരാവുകയാണുണ്ടായത്. അഞ്ച് പ്രതികൾ കൂടി പിടിയിലായതോടെ മൊത്തം ഏഴുപേരാണ് ഇപ്പോൾ പൊലീസ് കസ്റ്റഡിയിലുള്ളത്.