news

1. ലോക്സഭ തിരഞ്ഞെടുപ്പില്‍ കുമ്മനം രാജശേഖരന്‍ ബി.ജെ.പിയുടെ തിരുവനന്തപുരം സ്ഥാനാര്‍ത്ഥിയാകും എന്ന് സൂചന. ഇത് സംബന്ധിച്ച പ്രഖ്യാപനം മാര്‍ച്ച് നാലിന് ഉണ്ടായേക്കും. തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് മിസോറാം ഗവര്‍ണര്‍ സ്ഥാനം ഒഴിഞ്ഞതിന് ശേഷം. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിച്ച് സംസ്ഥാന നേതൃത്വം.

2. മത്സരിക്കാന്‍ സന്നദ്ധത അറിയിച്ച് കുമ്മനം രംഗത്ത് എത്തിയതോടെ പ്രചാരണത്തിന് സജ്ജരാകാന്‍ പ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കി ആര്‍.എസ്.എസും. വിജയ സാധ്യത ഉള്ള തിരുവനന്തപുരം മണ്ഡലത്തില്‍ സുരേഷ് ഗോപി, കെ.സുരേന്ദ്രന്‍ എന്നിവരും പരിഗണന പട്ടികയില്‍ ഇടം പിടിച്ചിരുന്നു. അവസാന ഘട്ടത്തിലാണ് കുമ്മനത്തെ രംഗത്തിറക്കാന്‍ നേതൃത്വം തീരുമാനിച്ചത്. വിജയ ഉറപ്പിച്ച തിരുവനന്തപുരം മണ്ഡലത്തില്‍ കുമ്മനത്തെ മത്സരിപ്പിക്കണമെന്ന് ബി.ജെ.പി സംസ്ഥാന നേതൃയോഗത്തിലും ആവശ്യം ഉയര്‍ന്നിരുന്നു.

3. ശബരിമല വിഷയത്തെ തുടര്‍ന്ന് അനുകൂല സാഹചര്യമാണെന്നും കുമ്മനം നിന്നാല്‍ അത് ഗുണകരമാകും എന്ന വിലയിരുത്തലില്‍ ആണ് നേതൃത്വം. എന്‍.എസ്.എസുമായി അടുത്ത ബന്ധം സൂക്ഷിക്കുന്നത് കെ. സുരേന്ദ്രന് അനുകൂല ഘടകമാണ്. എന്നാല്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സുരേന്ദ്രന്റെ കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരിച്ചില്ല. അതേസമയം, മറ്റ് മണ്ഡലങ്ങളിലേക്കുളള സ്ഥാനാര്‍ത്ഥി പട്ടിക ഉടന്‍ തയ്യാറാക്കി നല്‍കാന്‍ നിര്‍ദേശം നല്‍കി ദേശീയ നേതൃത്വം.

4. പെരിയ ഇരട്ടക്കൊലപാതകത്തിലെ അന്വേഷണ സംഘത്തിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സര്‍ക്കാരിനോട് വിധേയത്വം ഉള്ള ഉദ്യോഗസ്ഥന് അന്വേഷണ ചുമതല നല്‍കിയത് അംഗീകരിക്കാന്‍ ആകില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് മുന്നോട്ട് പോകുന്നത് ഡ്യൂപ്ലിക്കേറ്റ് പ്രതികളുമായി. കേസ് അട്ടിമറിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിട്ടാണ് ക്രൈംബ്രാഞ്ചിന് കൈമാറിയത്.

5. മുഖ്യമന്ത്രി കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വീട് സന്ദര്‍ശിക്കാതിരുന്നത് കുറ്റബോധം കൊണ്ട് എന്നും ചെന്നിത്തലയുടെ ആരോപണം. കേസ് അന്വേഷണം തൃപ്തികരമല്ലെന്ന് കെ.മുരളീധരന്‍. ഷുഹൈബ് വധത്തിലേത് പോലെ ആണ് അന്വേഷണം മുന്നോട്ട് പോകുന്നത് എങ്കില്‍ നിയമം കയ്യില്‍ എടുക്കേണ്ടി വരും. ഈ യാഥാര്‍ഥ്യം പിണറായിയും കോടിയേരിയും മറക്കേണ്ട. പ്രവര്‍ത്തകരെ സംരക്ഷിക്കാന്‍ പാര്‍ട്ടി ഏതറ്റം വരെയും പോകുമെന്നും മുരളീധരന്‍

6. അന്വേഷണ സംഘത്തിന് എതിരെ ആഞ്ഞടിച്ച് കെ.പി.സി.സി അദ്ധ്യക്ഷന്‍ മുല്ലപ്പളി രാമചന്ദ്രനും. കേസ് അന്വേഷിക്കാന്‍ ഐ.ജി ശ്രീജിത്തിന് എന്ത് യോഗ്യത എന്ന് മുല്ലപ്പള്ളിയുടെ ചോദ്യം. സര്‍ക്കാരും പാര്‍ട്ടിയും പ്രതിരോധത്തില്‍ ആകുമ്പോള്‍ കേസ് ശ്രീജിത്തിനെ ഏല്‍പ്പിക്കുന്നു. ടി.പി വധക്കേസിലും വരാപ്പുഴ കേസിലും കൃത്യമായ നടപടി എടുക്കാത്ത ഉദ്യോഗസ്ഥനാണ് ശ്രീജിത്ത്. കുനിയാന്‍ പറഞ്ഞാല്‍ ഇഴയുന്ന ആളാണ് ശ്രീജിത്ത്. ശ്രമം നടക്കുന്നത് പെരിയ ഇരട്ടക്കൊലപാതക കേസ് അട്ടിമറിക്കാന്‍ എന്നും മുല്ലപ്പള്ളിയുടെ ആരോപണം.

7. പെരിയ ഇരട്ട കൊലപാതകത്തില്‍ തെളിവെടുപ്പ് ആരംഭിച്ച് പൊലീസ്. പ്രതികളില്‍ ഒരാള്‍ ഉപേക്ഷിച്ച വസ്ത്രം കണ്ടെത്തി. അന്വേഷണസംഘം കണ്ടെത്തിയത് കൊലപാകത്തിന് ശേഷം പ്രതി സുരേഷ് ഉപേക്ഷിച്ച ഷര്‍ട്ട്. മറ്റ് പ്രതികള്‍ ഉപയോഗിച്ച വസ്ത്രങ്ങള്‍ ആളൊഴിഞ്ഞ തോട്ടത്തില്‍ നിന്ന് കത്തിച്ച നിലയില്‍ കണ്ടെത്തി. പ്രതികള്‍ കൊലയ്ക്ക് ഉപയോഗിച്ച ആയുധവും അന്വേഷണ സംഘം കണ്ടെത്തി

8. ഏച്ചിലടുക്കത്തെ പറമ്പില്‍ ഉപേക്ഷിച്ച വാള്‍ പ്രതി അനില്‍ കുമാറാണ് പൊലീസിന് കാണിച്ച് കൊടുത്തത്. വാളില്‍ രക്തക്കറയും കണ്ടെത്തിയിട്ടുണ്ട്. ഇന്നലെ അറസ്റ്റിലായ അനില്‍ കുമാറും വിജിനുമായി വെളുത്തോളിയില്‍ പൊലീസ് നടത്തിയ തെളിവെടുപ്പ് അവസാനിച്ചു. അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ ശാസ്ത്രീയ പരിശോധന നടത്താനും തീരുമാനം. കേസില്‍ പ്രതികളായ ഏഴ് പേര്‍ക്ക് പുറമെ മൂന്ന് പേരെ കൂടി പൊലീസ് ഇന്ന് പ്രതി ചേര്‍ത്തിട്ടുണ്ട്.

9. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കാത്ത ഇവര്‍ പാര്‍ട്ടിയില്‍ നല്ല സ്വാധീനം ഉള്ളവരെന്ന് പൊലീസ് നിഗമനം. കൊലയാളി സംഘത്തിന് എല്ലാവിധ ഒത്താശയും ചെയ്ത് കൊടുത്ത ഇവരെ ചോദ്യം ചെയ്താല്‍ മാത്രമേ വാടക കൊലയാളികളുടെ വിവരങ്ങള്‍ ലഭിക്കൂ എന്ന നിഗമനത്തില്‍ അന്വേഷണസംഘം. അറസ്റ്റിലായ എല്ലാവരും കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നു എന്നും പ്രതികള്‍ എല്ലാം കൊല്ലപ്പെട്ട കൃപേഷിനെയും ശരത് ലാലിനെയും ആക്രമിച്ചിരുന്നും എന്നും വിവരം

10. ലാവ്ലിന്‍ അഴിമതിക്കേസില്‍ അന്തിമവാദം ഏപ്രില്‍ ആദ്യ വാരം എന്ന് സുപ്രീംകോടതി. മുഖ്യമന്ത്രി പിണറായി വിജയന് നിര്‍ണായകം ആകുന്ന വാദത്തില്‍ പരിഗണക്കുന്നത്, ഹൈക്കോടതി വിധിക്ക് എതിരെയുള്ള അപ്പീലുകള്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം മൂന്ന് പ്രതികളെ കുറ്റവിമുക്തരാക്കിയ ഹൈക്കോടതി നടപടി റദ്ദ് ചെയ്യണം എന്ന സി.ബി.ഐ ഹര്‍ജിയും കേസില്‍ നിന്ന് ഒഴിവാക്കണം എന്ന മൂന്ന് മുന്‍ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ ആവശ്യവും കോടതി പരിഗണിക്കും. കേസില്‍ പിണറായി വിജയന്‍ അടക്കമുള്ളവരെ കുറ്റവിമുക്തര്‍ ആക്കിയത്, ഗൂഢാലോചനയുടെ വശം പരിശോധിക്കാതെ എന്ന് സി.ബി.ഐ വാദം.