ലക്‌നൗ: പാക് ഭീകര സംഘടനയായ ജയ്‌ഷെ മുഹമ്മദുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാശ്‌മീർ സ്വദേശികളായ രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ഇസ്ലാം മതപഠന കേന്ദ്രങ്ങൾക്ക് പേരുകേട്ട യു. പിയിലെ ഷാഹറൻപൂരിലെ ദേവ്ബന്ധിൽ നിന്നാണ് ഷാനവാസ് അഹമ്മദ്, അഖിബ് അഹമ്മദ് മാലിക് എന്നിവരെ ഭീകരവിരുദ്ധ സംഘം അറസ്റ്റ് ചെയ്തത്. ദേവ്ബന്ധിലെ ഒരു വിദ്യാർത്ഥിയാണ് ഇവരെക്കുറിച്ച് രഹസ്യവിവരം നൽകിയത്. കാശ്‌മീരിലെ കുൽഗാം സ്വദേശിയാണ് ഷാനവാസ് അഹമ്മദ്. ഇയാൾ ഗ്രനേഡ് നിർമ്മാണത്തിൽ പ്രത്യേക പരിശീലനം നേടിയിട്ടുണ്ട്. പുൽവാമ സ്വദേശിയാണ് അഖിബ് അഹമ്മദ് മാലിക്ക്. അറസ്റ്റ് ചെയ്യുമ്പോൾ ഇവരുടെ കൈവശം കൈത്തോക്കുകളും ബുള്ളറ്റുകളും ഉണ്ടായിരുന്നു. തീവ്ര മതവിശ്വാസം പ്രചരിപ്പിക്കുന്ന ചാറ്റുകളും വീഡിയോകളും ഫോട്ടോകളും ഇവരുടെ മൊബൈലുകലിൽ കണ്ടെത്തി.
ഭീകരപ്രവർത്തനത്തിന് ആളുകളെ റിക്രൂട്ട് ചെയ്യുന്ന സംഘാംഗങ്ങളാണ് ഇവരെന്നാണ് പ്രാഥമിക നിഗമനം.
പുൽവാമ ആക്രമണത്തിനു മുമ്പ് ഇവർ യു.പിയിൽ എത്തിയിരുന്നോ എന്ന് വ്യക്തമല്ല. ഇവർക്ക് ആക്രമണവുമായി ബന്ധമുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.