seol

ന്യൂഡൽഹി: ദക്ഷിണകൊറിയൻ സർക്കാരിന്റെ സോൾ സമാധാന പുരസ്കാരം പ്രധാനമന്ത്രി നരേന്ദ്രമോദി ഏറ്രുവാങ്ങി. അന്താരാഷ്ട്ര സഹകരണത്തിലും ആഗോള വളർച്ചയ്ക്കും ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥയ്ക്കും പ്രധാനമന്ത്രി നൽകിയ സേവനങ്ങൾ കണക്കിലെടുത്താണ് അദ്ദേഹത്തിന് പുരസ്കാരം നൽകിയത്.

പുരസ്കാരം ലഭിച്ചതിൽ അഭിമാനിക്കുന്നുവെന്നും ഇത് തന്റെ വ്യക്തിപരമായ നേട്ടമല്ലെന്നും ഇന്ത്യൻ ജനതയുടെ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ അഞ്ചുവർഷം കൊണ്ട് ഇന്ത്യയുണ്ടാക്കിയ വിജയത്തിനുള്ള സമ്മാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാത്മാഗാന്ധിയുടെ 150-ാം ജന്മവാർഷികത്തിൽ പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

1.5 കോടി രൂപയും ഫലകവുമടങ്ങുന്നതാണ് പുരസ്കാരം. പുരസ്കാര തുക ഗംഗാ നദിയുടെ ശുചീകരണത്തിനായി വിനിയോഗിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

സോൾ പീസ് ഫൗണ്ടേഷൻ നൽകുന്ന 14-ാമത് പുരസ്കാരമാണിത്. യു.എൻ മുൻ സെക്രട്ടറി ജനറൽ കോഫി അന്നൻ, ജർമൻ ചാൻസലർ ഏംഗല മെർക്കൽ തുടങ്ങിയവർക്കും സോൾ സമാധാന പുരസ്കാരം ലഭിച്ചിട്ടുണ്ട്.

ദ്വിദിന സന്ദർശനത്തിനായി വ്യാഴാഴ്ചയാണ് മോദി സോളിലെത്തിയത്. കാലാവസ്ഥാ വ്യതിയാനവും ഭീകരതയുമാണ് ലോകം നേരിടുന്ന ഏറ്റവും വലിയ പ്രശ്നങ്ങളെന്ന് മോദി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.