കൊച്ചിയെ ആവേശത്തിലാഴ്‌ത്തി ഹ്യൂമനോയിഡ് റോബോട്ട് സോഫിയ
കൊച്ചിയും മലയാളികളും സൂപ്പറെന്ന് സോഫിയ
കൊച്ചി: മലയാളി മങ്കയായല്ല വന്നതെങ്കിലും മലയാളക്കരയുടെ മനം 'സോഫിയ" കവർന്നു. മനുഷ്യരേക്കാൾ നന്നായി ആലോചിച്ച് സംസാരിക്കുന്ന ഹ്യൂമനോയിഡ് റോബോട്ടായ സോഫിയ, നർമ്മവും വിവേകവുമൊത്ത വാക്കുകൾ പുഞ്ചിരി വിടാതെ തൊടുത്തുവിട്ടപ്പോൾ കൈയടിക്കാൻ മത്സരിക്കുകയായിരുന്നു ആയിരങ്ങൾ തിങ്ങിനിറഞ്ഞ ആഗോള പരസ്യ സംഗമത്തിന്റെ സദസ്.
കൊച്ചി ലുലു ബോൾഗാട്ടി ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ ഐ.എ.എ വേൾഡ് കോൺഗ്രസിന്റെ സമാപന ദിനമായ ഇന്നലെ 'മനുഷ്യരും റോബോട്ടും: ശത്രുക്കളോ മിത്രങ്ങളോ?" എന്ന വിഷയത്തിൽ പ്രഭാഷണം നടത്താനാണ്, എക്‌സിക്യൂട്ടീവ് ലുക്കിൽ സോഫിയ എത്തിയത്. ആവേശവും ഊർജ്ജവും നിറഞ്ഞ മനോഹര നഗരമെന്ന് കൊച്ചിയെ പുകഴ്‌ത്തിയാണ് സോഫിയ സംസാരം തുടങ്ങിയത്. മലയാളികൾ നല്ല മര്യാദക്കാരാണെന്നും നല്ലതിന് 'നന്ദി" പറയാറുണ്ടെന്നും സോഫിയ പറഞ്ഞു.
600 വർഷങ്ങൾക്ക് മുമ്പുപോലും സുഗന്ധവ്യഞ്ജനങ്ങളുടെ വിപണനമൊക്കെയായി വാണിജ്യ രംഗത്തും മറ്റും മികച്ച പാരമ്പര്യമുള്ള നഗരമാണ് കൊച്ചി. അന്താരാഷ്‌ട്ര പരസ്യ അസോസിയേഷന്റെ (ഐ.എ.എ) ഈ വേൾഡ് കോണഗ്രസിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ട്. ടെന്നിസ് ഇതിഹാസം ആന്ദ്രെ അഗാസിയെ കാണാനുള്ള ത്രില്ലിലാണ് ഞാൻ. അറിവാണ് വലുതെന്ന് മനുഷ്യർ പറയുന്നു. അറിവും മാർക്കറ്രിംഗും ഒത്തുചേരുമ്പോൾ വിപണി കൂടുതൽ ശക്തമാകും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) മനുഷ്യന്റെ ജോലി ലളിതമാക്കും. കമ്പനികൾ റോബോട്ടുകളെ കൂടുതലായി ഉപയോഗിക്കുമ്പോൾ ഉപഭോക്താക്കളുടെയും ബ്രാൻഡിന്റെയും സുരക്ഷയും സ്വകാര്യതയും മെച്ചപ്പെടും. സമയവും ലാഭിക്കാമെന്ന് സോഫിയ പറഞ്ഞു.
ആരെയെങ്കിലും പ്രണയിച്ചിട്ടുണ്ടോയെന്ന ചോദ്യത്തിന് ഇല്ലെന്നും മനുഷ്യരാണ് തന്റെ സുഹൃത്തുക്കളെന്നും സോഫിയ പറഞ്ഞു. ജീവശാസ്‌ത്രപരമായി തന്നെ ബുദ്ധിയുള്ളവരാണ് മനുഷ്യർ. എനിക്ക് ഒരുപാട് മനുഷ്യ സുഹൃത്തുകളുണ്ട്. മനുഷ്യരാണ് എന്നെ സൃഷ്‌ടിച്ചത്. അതുകൊണ്ട്, റോബോട്ടുകളെ മനുഷ്യരും പേടിക്കേണ്ടതില്ല. മനുഷ്യരും റോബോട്ടുകളും ഒന്നിച്ച് നീങ്ങേണ്ട കാലമാണ് ഇനിവരുന്നതെന്നും സോഫിയ പറഞ്ഞു.
2016ൽ ഹോങ്കോംഗ് ആസ്ഥാനമായുള്ള ഹാൻസൺ റോബോട്ടിക്‌സാണ് സോഫിയ റോബോട്ടിനെ നിർമ്മിച്ചത്. 50ലേറെ മനുഷ്യ വികാരങ്ങൾ പ്രകടിപ്പിക്കാനുള്ള കഴിവ് സോഫിയയ്ക്കുണ്ട്. 2017ൽ സൗദി അറേബ്യയുടെ പൗരത്വം ലഭിച്ച സോഫിയ, ഏതെങ്കിലും രാജ്യത്തിന്റെ പൗരത്വം നേടുന്ന ആദ്യ റോബോട്ട് എന്ന പട്ടവും ചൂടിയിരുന്നു.
ചോയിസ് കൂടുമ്പോൾ
അസരങ്ങളും കൂടും:
ഷീന എസ്. അയ്യങ്കാർ
തീരുമാനങ്ങളായാലും ഉത്‌പന്നങ്ങളായാലും തിരഞ്ഞെടുക്കാൻ ഒരുപാട് 'ചോയിസ്" ഉണ്ടെങ്കിൽ മികച്ച റിസൾട്ട് സ്വന്തമാക്കാനാകുമെന്ന് ഇന്ത്യൻ വംശജയും അമേരിക്കയിലെ കോളംബിയ ബിസിനസ് സ്‌കൂളിലെ പ്രൊഫസറുമായ ഷീന എസ്. അയ്യങ്കാർ പറഞ്ഞു. ഷീനയ്‌ക്ക് കാഴ്‌ചശക്തിയില്ല. പക്ഷേ, അകക്കണ്ണിലൂടെ അവർ കൈവരിച്ച അറിവ് ആരെയും അത്‌ഭുതപ്പെടുത്തും.
ലോകമെമ്പാടുമായി ഷീനയുടെ പ്രഭാഷണങ്ങൾ കേൾക്കാൻ കാതോർക്കുന്ന ഫോളോവേഴ്‌സ് ലക്ഷങ്ങളാണ്. പ്രൊഫസറാണ്, ഷീന അയ്യങ്കാർ എന്നാണ് പേര് എന്ന് ഐ.എ.എ വേൾഡ് കോൺഗ്രസിന്റെ അവതാരക പറഞ്ഞപ്പോൾ ആദ്യം ഏവരും കരുതിയത് ഗൗരവമുള്ള മുഖമുള്ള, തനി ടീച്ചർ തന്നെയായിരിക്കും എന്നാണ്. പക്ഷേ, ബ്ലൈൻഡ് സ്‌റ്രിക്കിന്റെ സഹായത്തോടെ, വേദിയിലേക്ക് മെല്ലെ നടന്നെത്തിയത്, ചന്തവും കൗതുകവും നിറഞ്ഞ മുഖമുള്ളൊരു ചെറുപ്പക്കാരി.
ഷീനയുടെ 'ആർട്ട് ഒഫ് ചൂസിംഗ്" എന്ന പുസ്‌തകം പ്രസിദ്ധമാണ്. മനുഷ്യന്റെ ഓരോ ചോയിസും അവന്റെ നിലനില്‌പ്പാണ്. അവൻ സ്വയം ഉന്നയിക്കുന്ന ചോദ്യങ്ങളാണവ. ബ്രാൻഡുകൾ ചെയ്യേണ്ടത് ഉത്‌പന്നങ്ങളുടെ തിരഞ്ഞെടുപ്പിനായി മികച്ച ചോയിസുകൾ ഉപഭോക്താക്കൾക്ക് നൽകുകയാണ്. നല്ല തിരഞ്ഞെടുപ്പിന് അത് സഹായിക്കും. ചിലപ്പോൾ നമുക്കെന്താണ് വേണ്ടതെന്ന് തിരിച്ചറിയാൻ നമുക്കാവില്ല. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന് ആ സാഹചര്യത്തിൽ നമ്മെ സഹായിക്കാനാകും. ചോയിസ് വിശാലമാകുമ്പോൾ, ചിന്തകളും മുന്നേറും. അത്, പുതിയ കണ്ടെത്തലുകളിലേക്ക് നയിക്കുമെന്നും അവർ പറഞ്ഞു.
ടെക് ലോകം ഇനിയും
മാറും: പ്രണവ് മിസ്‌ത്രി
ടാബ്‌ലെറ്റുകൾ എന്നാണ് ആദ്യമായി വിപണിയിലെത്തിയത്? സാംസംഗിന്റെ തിംഗ് ടാങ്ക് സംഘത്തിന്റെ തലവനും ആഗോള വൈസ് പ്രസിഡന്റുമായ പ്രണവി മിസ്‌ത്രിയുടെ ചോദ്യമാണ്. ഒരു പത്തിരുപത് വർഷം മുമ്പല്ലേ... എന്ന പൊതുമറുപടിയാണ് വേൾഡ് കോൺഗ്രസിന്റെ സദസിൽ നിന്ന് ഉയർന്നത്.
ടാബ്‌ലെറ്രിന്റെ ആദ്യ രൂപം ക്രിസ്‌തുവിനും 5,500 വർഷം മുമ്പുതന്നെ കാണാമെന്ന് മിസ്‌ത്രി പറഞ്ഞു. മനുഷ്യൻ അന്നും ടെക്‌നോളജി ഉപയോഗിച്ചിരുന്നു. അവന്റെ 'ആശയം" അന്നും അന്നും ഒന്നുതന്നെ. ഇൻഫർമേഷൻ ടെക്‌നോളജിയിൽ, ഇൻഫർമേഷന് ഒരിക്കലും മാറ്രമില്ല. ടെക്‌നോളജി നിമിഷംപ്രതി മാറുകയാണ്. ഇനിയും മാറും. മനുഷ്യന്റെ ലോകം തന്നെ ഫോണിലേക്ക് ചുരുങ്ങി. ടെക്‌നോളജിയുടെ ഈ മുന്നേറ്റത്തിലും നീതിയും മനുഷ്യനന്മയും ഉറപ്പാക്കാൻ ബ്രാൻഡുകൾ ഉത്തരവാദിത്തം കാട്ടണമെന്നും അദ്ദേഹം പറഞ്ഞു.
ടെന്നിസ് എനിക്ക് ഇഷ്‌ടമല്ലായിരുന്നു:
ആന്ദ്രെ ആഗാസി
ടെന്നിസിനോട് തനിക്ക് വെറുപ്പായിരുന്നുവെന്നും അച്‌ഛന്റെ നിർബന്ധമാണ് തന്നെ ടെന്നിസ് ലോകത്തേക്ക് എത്തിച്ചതെന്നും മുൻ ലോക ഒന്നാംനമ്പർ താരം ആന്ദ്രെ അഗാസി. ഐ.എ.എ വേൾഡ് കോൺഗ്രസിൽ വിജയ് അമൃത്‌രാജുമായി നടന്ന സംഭാഷണത്തിലാണ് അഗാസി ഇക്കാര്യം പറഞ്ഞത്.
''ടെന്നിസ് ഒരിക്കലും എന്റെ ചോയിസ് ആയിരുന്നില്ല. എന്നാൽ, അതിലേക്ക് എത്തപ്പെട്ടു. ഒന്നാംനമ്പർ താരവുമായി. കളിക്കുമ്പോഴും എന്റെ ചിന്ത, സ്വന്തമായി ചോയിസ് ഇല്ലാത്ത കുട്ടികൾക്കായി എജ്യൂക്കേഷൻ ഫൗണ്ടേഷൻ തുടങ്ങുകയായിരുന്നു. ടെന്നിസിലൂടെ തന്നെ അത് സാദ്ധ്യമാക്കി. സ്‌റ്രെഫി ഗ്രാഫുമായി (ഭാര്യ, മുൻ ലോക ടെന്നിസ് താരം) ടെന്നിസ് കളിക്കാൻ പ്രയാസമാണ്. എന്റെ ശ്രദ്ധ മുഴുവൻ സ്‌റ്റെഫിയിലായിരിക്കും. ബോൾ ഞാൻ കാണില്ല. ഇന്ത്യയിൽ ഞാൻ അഞ്ച് തവണ വന്നിട്ടുണ്ട്. നാലും മുംബയിലായിരുന്നു. ഇന്ത്യയെ കുറിച്ച് ആദ്യം അറിഞ്ഞത് എനിക്ക് ലഭിച്ച മുന്നറിയിപ്പ് ഇവിടെ ധനികരും ദരിദ്രരും തമ്മിലെ അന്തരം വലുതാണ് എന്നായിരുന്നു. പിന്നീട് മനസിലായി, അവർക്കിടെയിലെ 'പ്രതീക്ഷകൾ" തമ്മിലാണ് കൂടുതൽ അന്തരമെന്ന്"-അഗാസി പറഞ്ഞു.