ശ്രീനഗർ: ജമ്മുകാശ്മീരിലെ ബാരാമുള്ളയിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചു. വടക്കൻ കാശ്മീരിലെ സോപോറിലെ വാർപോര മേഖലയിൽ ഭീകര സാന്നിദ്ധ്യമുണ്ടെന്ന വിവരത്തെ തുടർന്ന് സൈന്യം വളയുകയായിരുന്നു. സൈന്യത്തിനുനേരെ ഭീകരർ വെടിയുതിർത്തതോടെ തിരിച്ചടിക്കുകയായിരുന്നു.
അതിനിടെ, ജയ്ഷെ മുഹമ്മദിനു പിന്നാലെ പുൽവാമ മാതൃകയിൽ ഇന്ത്യൻ സൈനികർക്കും അർദ്ധസൈനികർക്കും നേരെ ആക്രമണം നടത്തുമെന്ന് ഹിസ്ബുൾ മുജാഹിദ്ദീൻ ഭീഷണി മുഴക്കിയിട്ടുണ്ട്. ഹിസ്ബുൾ ഓപറേഷനൽ കമാൻഡർ റിയാസ് എ. നയ്ക്ക് പുറത്തുവിട്ട 17 മിനിറ്റ് ശബ്ദസന്ദേശത്തിലാണ് ഇനിയും ആക്രമണം നടത്തുമെന്ന് ഭീഷണിയുള്ളത്.