ss

തിരുവനന്തപുരം: ശാസ്ത്രസാഹിത്യ പരിഷത്തിലെ ഗ്രാമീണ ഗവേഷകനായി അറിയപ്പെടുന്ന എ.പി. ചന്ദ്രൻ (എ.പി.സി, 76) നിര്യാതനായി . തലച്ചോറിൽ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. കൊല്ലം കടയ്ക്കലുള്ള വീട്ടിൽ ഇന്നലെ ഒരു മണിയോടെയായിരുന്നു അന്ത്യം.

മലപ്പുറം ജില്ലയിലെ വാഴയൂർ അഴിഞ്ഞിലം യു.പി.സ്‌കൂൾ അധ്യാപകനായിരുന്ന എ.പി.ചന്ദ്രൻ പരീക്ഷണകുതുകിയായ ഒരു ഗ്രാമതല പ്രവർത്തകനായിരുന്നു. ഗ്രാമീണ സാങ്കേതിക വിദ്യയായിരുന്നു അദ്ദേഹത്തിന്റെ പ്രധാന തട്ടകം. മഞ്ചേരിയിലെ എസ്. പ്രഭാകരൻ നായരോടൊപ്പം ഗ്രാമശാസ്ത്ര സമിതികൾ വ്യാപിപ്പിക്കുന്നതിന് പ്രവർത്തിച്ചിരുന്നു.1980 ൽ എ.പി.സി.യുടെ നേതൃത്വത്തിൽ നടന്ന വാഴൂർ ജനകീയ സർവെയാണ് പരിഷത്തിലെ ആദ്യത്തെ സമഗ്ര ഗ്രാമപഠനം. 1982-83 കാലത്ത് പരിഷത്ത് ആരംഭിച്ച പരിഷത്തടുപ്പിന്റെ ഗവേഷണ സംഘത്തിൽ അദ്ദേഹവുമുണ്ടായിരുന്നു. വികസന രംഗത്തെ തന്റെ അനുഭവങ്ങളടങ്ങുന്ന ഒരു പുസ്തകം അദ്ദേഹം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

സംസ്‌കാരം ഇന്ന് രാവിലെ 11ന് കടയ്ക്കലിന് സമീപമുള്ള വാഴയൂർ വീട്ടിൽ നടക്കും. ഭാര്യ: ശ്യാമള , മക്കൾ: രേഖ, രാഖി, മരുമക്കൾ: മിഥിൻ ശ്യാമപ്രസാദ്, തുഷാർ സലിം