sachin

മുംബയ്: പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ലോകകപ്പ് മത്സരം ബഹിഷ്കരിക്കുകയാണെന്നുള്ള അഭ്യൂഹം പ്രചരിക്കുന്നതിനിടെ തന്റെ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ രംഗത്ത്. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള മത്സരം ഒഴിവാക്കിയാൽ ഇന്ത്യക്കാണ് നഷ്ടമെന്ന് സച്ചിൻ വ്യക്തമാക്കി. പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് സച്ചിൻ തന്റെ അഭിപ്രായങ്ങൾ തുറന്നുപറഞ്ഞത്.

ലോകകപ്പിൽ പാക്കിസ്ഥാനെതിരെയുള്ള മത്സരം ഇന്ത്യ ബഹിഷ്കരിച്ചാൽ രണ്ട് പോയിന്റ് പാക്കിസ്ഥാന് ലഭിക്കും. ഇത്തരത്തിൽ ചെയ്താൽ പാക്കിസ്ഥാന് ലോകകപ്പിൽ സഹായിക്കുക മാത്രമാണ് ചെയ്യുക. അതുകൊണ്ട് തന്നെ ഇതിനോട് യോജിപ്പില്ല. ഒരിക്കൽ കൂടി പാകിസ്ഥാനെ തോൽപ്പിക്കുന്നത് തനിക്ക് കാണണമെന്നും സച്ചിൻ പറഞ്ഞു.

'ഞാൻ ഇന്ത്യക്കാരനാണ്,​ ഇന്ത്യ എപ്പോഴും മുന്നിൽ വരണമെന്നാണ് എന്റെ ആഗ്രഹം.എന്നാൽ,​ രാജ്യം എടുക്കുന്ന തീരുമാനം എന്തുതന്നെയായാലും അത് പൂർണമനസ്സോടെ അംഗീകരിക്കും. ലോകകപ്പിൽ പാക്കിസ്ഥാനെ ഒരിക്കൽ കൂടെ തോൽപ്പിക്കാനുള്ള അവസരമാണിത്. രണ്ട് പോയന്റ് വെറുതെ നൽകി അവരെ ടൂർണമെന്റിൽ സഹായിക്കുന്നതിനോട് എനിക്ക് യോജിപ്പില്ല'. സച്ചിൻ അഭിമുഖത്തിൽ വ്യക്തമാക്കി

ഹർഭജൻ സിംഗും ചാഹലും പാക്കിസ്ഥാനെതിരെ ഇന്ത്യ ലോകകപ്പ് മത്സരം കളിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പാകിസ്താനെതിരേ കളിക്കാതിരുന്നാൽ നഷ്ടം ഇന്ത്യയ്ക്ക് മാത്രമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ അഭിപ്രായപ്പെട്ടിരുന്നു.