കാസർകോട്: പെരിയ ഇരട്ടക്കൊലപാതകത്തെ മുഖ്യമന്ത്രി പിണറായി വിജയൻ ഹീനമെന്ന് അപലപിക്കുകയും, വീണ്ടുവിചാരമില്ലാതെ ചിലർ നടത്തിയ പ്രവൃത്തിയെന്ന് തള്ളിപ്പറയുകയും ചെയ്‌തതിനു പിന്നാലെ പാർട്ടി എം.എൽ.എ ഉൾപ്പെടെ മുതിർന്ന നേതാക്കൾ പ്രശ്‌നത്തിൽ ഇടപെട്ടെന്നു വെളിപ്പെടുത്തി കൂടുതൽ മൊഴികളും ഇരകളുടെ കുടുംബവും.
സി.പി.എമ്മിനെയും ഇടതു സർക്കാരിനെയും കടുത്ത പ്രതിരോധത്തിലും പ്രതിക്കൂട്ടിലുമാക്കിയ സംഭവവുമായി പാർട്ടിക്കു ബന്ധമില്ലെന്ന് മുഖ്യമന്ത്രിയും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണനും ആവർത്തിക്കുമ്പോഴാണ് ഉദുമ എം.എൽ.എ കെ.കുഞ്ഞിരാമനും മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനും ജില്ലാ നേതാക്കളും വിഷയത്തിൽ ഇടപെട്ടതിന് സൂചനകളും പ്രതികൾ ഉൾപ്പെടെയുള്ളവരുടെ മൊഴികളും പുറത്തുവന്നത്. അതേസമയം, എം.എൽ.എ ഉൾപ്പെടെയുള്ളവർ സാക്ഷിമൊഴികൾ തള്ളുകയും ചെയ്തു.
കല്യോട്ട് മേഖലയിൽ പ്രാദേശിക വിഷയങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം- കോൺഗ്രസ് സംഘർഷങ്ങൾ പതിവായപ്പോൾ അക്രമത്തിന് ആഹ്വാനം ചെയ്‌തത് കെ. കുഞ്ഞിരാമൻ എം.എൽ.എ ആണെന്നാണ് കൊല്ലപ്പെട്ട ശരത്‌ലാലിന്റെ കുടുംബത്തിന്റെ ആരോപണം. നേരത്തേ സി.പി.എം ഓഫീസ് തകർക്കപ്പെട്ട സംഭവത്തിൽ, 'ഇതു ചെയ്‌തവന്റെ കൈ വെട്ടിയിട്ടു മതി ബാക്കി'യെന്ന് എം.എൽ.എ അണികളോടു പറഞ്ഞായും ശരത്തിന്റെ അച്ഛൻ പറഞ്ഞു.
കല്യോട്ട് ഇരട്ടക്കൊലപാതകം നടന്നതിനു പിറ്റേന്ന്, പ്രതികൾ കൃത്യം നടത്താനെത്തിയ വാഹനം വെളുത്തോളി ചെറോട്ടിയിലെ ഇടവഴിയിൽ നിന്ന് ഉടമയായ സജി ജോർജിനെ സഹിതം കസ്റ്റഡിയിലെടുത്തപ്പോൾ സ്ഥലത്തെത്തിയ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ ബലംപ്രയോഗിച്ച് സജിയെ കൊണ്ടുപോയെന്നാണ് മറ്റൊരു സാക്ഷിമൊഴി. എന്നാൽ, ഈ സമയം താൻ പാക്കത്തെ പാർട്ടി ഓഫീസിലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. കൊലയ്‌ക്കു പിന്നിൽ പാർട്ടിക്കു പങ്കുണ്ടെന്ന് കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബാംഗങ്ങൾ ആരോപിച്ചപ്പോൾ മാധ്യമങ്ങളോട് ഒന്നും പറയരുതെന്നും, എന്തു സഹായത്തിനും പാർട്ടി ഉണ്ടാകുമെന്നും കെ.വി. കുഞ്ഞിരാമൻ വീട്ടിലെത്തി പറഞ്ഞതായി നേരത്തേ റിപ്പോർട്ട് പുറത്തുവന്നിരുന്നു.