ന്യൂയോർക്ക്: പുൽവാമ ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത പാക് ഭീകരസംഘടന ജയ്ഷെ മുഹമ്മദിന്റെ പേരെടുത്തു പറഞ്ഞാണ് യു. എൻ രക്ഷാസമിതി ആക്രമണത്തെ അപലപിച്ചത്. ഇന്ത്യ നിർദ്ദേശിച്ച വാചകങ്ങൾ അതേപടി ഉൾപ്പെടുത്തിയാണ് പ്രസ്താവന തയ്യാറാക്കിയത്. പ്രസ്താവന തടയാൻ ആറു ദിവസമായി ചൈന ശ്രമിച്ചെന്നാണു റിപ്പോർട്ട്. ജയ്ഷെ മുഹമ്മദിന്റെ പേരും എല്ലാ രാജ്യങ്ങളും ഇന്ത്യയുമായി സഹകരിക്കണമെന്ന ഭാഗവും പ്രമേയത്തിൽ ഉൾപ്പെടുത്തുന്നതിനെ ചൈന എതിർത്തു. അതേസമയം, പാകിസ്ഥാനെ ചൊടിപ്പിക്കാതിരിക്കാൻ, രക്ഷാസമിതി പ്രസ്താവനയിൽ ജയ്ഷെ മുഹമ്മദിന്റെ പേര് പരാമർശിച്ചത് വിധിപ്രസ്താവമൊന്നും അല്ലെന്ന് ചൈന പ്രതികരിച്ചത് ശ്രദ്ധേയമായി.
ജയ്ഷെ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിനെ ആഗോളഭീകരനായി
പ്രഖ്യാപിക്കാനുള്ള ഇന്ത്യയുടെയും വൻശക്തികളായ അമേരിക്ക, ബ്രിട്ടൻ, ഫ്രാൻസ് എന്നീ രാജ്യങ്ങളുടെയും നീക്കത്തെ ചൈന രക്ഷാസമിതിയിൽ വർഷങ്ങളായി വീറ്റോ ചെയ്യുകയാണ്.