madhuraraja-poster

മലയാള സിനിമാ പ്രേക്ഷകർ ഏറെ ആകാംശയോടെ കാത്തിരിക്കുന്ന സിനിമയാണ് മെഗാസ്റ്റാർ മമ്മൂട്ടി നായകനായി ഹിറ്റ് സിനിമകളുടെ സംവിധായകൻ വൈശാഖ് സംവിധാനം ചെയ്യുന്ന മധുരരാജ. ഒൻപത് വർഷങ്ങൾക്ക് മുൻപിറങ്ങി ബോക്‌സോഫീസിൽ വമ്പൻ ജയം നേടിയ പോക്കിരിരാജയുടെ രണ്ടാം വരവാണ് ഇത്. ഇറങ്ങിയ പോസ്റ്ററുകളും മോഷൻ പോസ്റ്ററും ചിത്രത്തിലെ ഗാനങ്ങളും ഇതിനോടകം തന്നെ പ്രേക്ഷകർ സ്വീകരിച്ചു കഴിഞ്ഞു. ഇപ്പോൾ വ്യത്യസ്തമായ മറ്റൊരു പോസ്റ്റർ കൂടി സംവിധായകൻ വൈശാഖ് ഫേസ്ബുക്ക് വഴി പങ്കുവച്ചു. രാജയുടെ ഗെറ്റപ്പിൽ നടന്ന് വരുന്ന മമ്മൂട്ടിക്ക് അകമ്പടി ഗുണ്ടകളല്ല,​ രാജയെ പോലെ തന്നെ വസ്ത്രം ധരിച്ചെത്തുന്ന കുട്ടികളാണ്.

മുൻ ചിത്രത്തെ പോലെ തന്നെ എല്ലാ മാസ് ചേരുവകളും ചേർന്ന ഒരു തട്ടുപ്പൊളിപ്പൻ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് മമ്മൂക്കയുടെ ആരാധകർ. പേരൻപ്,​ യാത്ര,​ എന്നീ അന്യഭാഷാ ചിത്രങ്ങളുടെ വിജയത്തിന് പിറകെ മലയാളത്തിലും മമ്മൂട്ടി ഒരു ഹിറ്റുറപ്പിക്കുമെന്ന് പ്രതീക്ഷയിലാണവർ. വിഷു റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.