ബഹാവൽപൂർ: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണം ഏറ്രെടുത്തതായി പാക് സർക്കാർ. പാകിസ്ഥാനെതിരെ അന്താരാഷ്ട്ര സമ്മർദം ശക്തമായതിനെ തുടർന്നാണ് പാകിസ്ഥാന്റെ നടപടി. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ ബഹാവൽപൂരിലെ ജെയ്ഷെ മുഹമ്മദ് ആസ്ഥാനത്തിന്റെ നിയന്ത്രണമാണ് സർക്കാർ ഏറ്രെടുത്തത്.
ജെയ്ഷെ മുഹമ്മദ് നടത്തിയിരുന്ന രണ്ട് മദ്രസകളുടെ നിയന്ത്രണം പാക് സർക്കാർ ഏറ്റെടുത്തു. ഇതിന്റെ നടത്തിപ്പിന് അഡ്മിനിസ്ട്രേറ്രിന് വച്ചതായും റിപ്പോർട്ടുണ്ട്. പുൽവാമ ഭീകരാക്രമണത്തെ തുടർന്ന് ലോക രാഷ്ട്രങ്ങൾ പാകിസ്ഥാനെതിരെ രംഗത്ത് വന്നിരുന്നു. ഭീകരാക്രമണത്തെ അപലപിച്ച് യു.എൻ സുരക്ഷ കൗൺസിൽ രാവിലെ രംഗത്തെത്തിയിരുന്നു.
പാക് ഭീകരസംഘടന ജെയ്ഷെ മുഹമ്മദിന്റെ പേരെടുത്ത് പറഞ്ഞാണ് യു.എൻ സുരക്ഷ കൗൺസിലിന്റെ പ്രമേയം ചെെനയ്ക്കെതിരായുള്ള തിരിച്ചടിയായിരുന്നു. പാക്കിസ്ഥാനെ അനുകൂലിക്കുന്ന നിലപാടാണ് ചെെന ഐക്യരാഷ്ട്ര സംഘടനയിലും എടുത്തിരുന്നത്. ആഗോളതലത്തിൽ സമ്മർദ്ദം ശക്തമായതോടെ 2008ലെ മുംബയ് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ ഹാഫിസ് സെയ്ദിന്റെ തീവ്രവാദസംഘടനയായ ജമാത് ഉദ് ദവയെ പാക് സർക്കാർ നിരോധിച്ചിരുന്നു. ഇതിന്റെ കീഴിൽ പ്രവർത്തിക്കുന്ന ജീവകാരുണ്യസംഘടനയായ ഫലാഹെ ഇൻസാനിയാതിയ്ക്കും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.