തിരുവനന്തപുരം : പൊലീസ് ആസ്ഥാനത്ത് എത്തുന്നവരെ സ്വാഗതം ചെയ്യാനും വഴികാട്ടാനുമായി സജ്ജമാക്കിയ കെ.പി റോബോട്ടിന് ഇനി പരിശീലനനാളുകൾ. ചൊവ്വാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തതിന് പിന്നാലെ വനിതാ എസ്.ഐയുടെ മാതൃകയിലുള്ള കെ.പി റോബോട്ടിനുള്ള പരിശീലനം ആരംഭിച്ചു. രണ്ട് മാസമാണ് പരിശീലനം. പൊലീസ് സേനയിലെ മുന്നൂറോളം ഉന്നത ഉദ്യോഗസ്ഥരെ തിരിച്ചറിയുന്നതിനും ആസ്ഥാനത്ത് എത്തുന്ന പൊതുജനങ്ങളുടെ എല്ലാവിധ ചോദ്യങ്ങൾക്കും ഉത്തരം നൽകുന്നതിനുമുള്ള പരിശീലനമാണ് ആരംഭിച്ചിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരെ കണ്ടാൽ സല്യൂട്ട് നൽകുന്ന റോബോട്ട് എസ്.ഐ റാങ്കിന് താഴെയുള്ളവരെ കണ്ടാൽ ഹായ് പറയും. പൊലീസ് സൈബർ ഡോമുമായി സഹകരിച്ച് റോബോട്ടിനെ സജ്ജമാക്കിയ അസിമോവ് റോബോട്ടിക്സ് എന്ന സ്റ്റാർട്ടപ്പാണ് പരിശീലനവും നൽകുന്നത്. സാങ്കേതിക വിദഗ്ദ്ധർ പൊലീസ് ആസ്ഥാനത്ത് എത്തിയാണ് പരിശീലനം നൽകുന്നത്.
ഇതോടൊപ്പം രണ്ട് പൊലീസുകാർക്കും പരിശീലനം നൽകും. റോബോട്ടിന്റെ പ്രവർത്തനഘടന ഇവരെ പഠിപ്പിക്കും. ഇതോടെ ചാർജിംഗ് ഉൾപ്പെടെയുള്ള ദൈനംദിന കാര്യങ്ങൾ നിർമ്മാതാക്കളുടെ സഹായമില്ലാതെ പൊലീസുകാർക്ക് നിർവഹിക്കാനാകും. സൈബർ ഡോമിലെ പൊലീസുകാരെയാണ് ഇതിനായി നിയോഗിക്കുന്നത്. രാവിലെ റോബോട്ടിനെ പ്രവേശന കവാടത്തിലെത്തിക്കേണ്ടതും വൈകിട്ട് അവിടെ നിന്ന് മാറ്റേണ്ടതും പൊലീസുകാരാണ്. രണ്ട് മാസത്തെ പരിശീലനത്തിന് ശേഷം പൊലീസ് ആസ്ഥാനത്തെ പ്രവേശനകവാടത്തിൽ നിലയുറപ്പിക്കുന്ന റോബോട്ട് സന്ദർശകൾക്ക് വഴികാട്ടിയാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
ഭാവിയിൽ കൂടുതൽ സേവനങ്ങൾ
റോബോട്ടിക് സേവനങ്ങളുടെ അടുത്തഘട്ടം സുരക്ഷയ്ക്കാകും പ്രാധാന്യം നൽകുക. മെറ്റൽ ഡിറ്റക്ടർ, തെർമൽ ഇമേജിംഗ്, ഗ്യാസ് സെൻസറിംഗ് തുടങ്ങിയവ ഘടിപ്പിച്ച് റോബോട്ടിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കും. സ്ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനും പൊലീസ് ആസ്ഥാനത്ത് എത്തുന്നവരെ കൃത്യമായി പരിശോധിച്ച് അകത്തേക്ക് പ്രവേശിപ്പിക്കുന്നതിനും റോബോട്ടിനെ സജ്ജമാക്കും.
അസിമോവ് റോബോട്ടിക്സ്
14 വർഷമായി റോബോട്ടിക്സ് രംഗത്ത് പ്രവർത്തിക്കുന്ന യുവാക്കളുടെ കൂട്ടായ്മയാണ് അസിമോവ് റോബോട്ടികസ്. കൊച്ചി ആസ്ഥാനമാക്കിയാണ് സ്ഥാപനത്തിന്റെ പ്രവർത്തനം.10 പേർ രണ്ട് മാസത്തോളം പ്രയത്നിച്ചാണ് കെ.പി റോബോട്ടിനെ തയ്യാറാക്കിയത്. കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെയാണ് റോബോട്ടിനെ വികസിപ്പിക്കാനുള്ള ദൗത്യം അസിമോവ് റോബോട്ടിക്സ് ഏറ്റെടുത്തത്.
റോബോട്ട് ഇങ്ങനെ
പരിശീലനം വളരെ വേഗത്തിൽ പുരോഗമിക്കുകയാണ്. നിലവിൽ ലക്ഷ്യമിട്ടിരിക്കുന്ന സേവനങ്ങൾ ലഭ്യമാക്കാൻ രണ്ട് മാസത്തിനുള്ള
റോബോട്ടിനെ പ്രാപ്തമാക്കും. - ജയകൃഷ്ണൻ ത്രിവിക്രമൻ നായർ സി.ഇ.ഒ, അസിമോവ് റോബോട്ടിക്സ്