വിഴിഞ്ഞം: ബീച്ച് ഫുഡിന്റെ രുചി നുകരാൻ കോവളത്ത് ഫണ്ടാംഗോ എന്ന ഭക്ഷ്യമേള തുടങ്ങി. 24 വരെ കോവളത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹോട്ടൽ മാനേജ്മന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയുടെ ആഭിമുഖ്യത്തിലാണ് ഭക്ഷ്യമേള.പൂർണമായും വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ എല്ലാ വർഷവും നടത്തുന്ന ഈ ഭക്ഷ്യമേളയിൽ വ്യത്യസ്ത രുചികളെ തിരുവന്തപുരത്തുകാർക്ക് പരിചയപ്പെടുത്താറുണ്ട്. പത്തു ഫുഡ് സ്റ്റാളുകൾ, മൂന്ന് എന്റർടൈൻമെന്റ് സ്റ്റാളുകൾ, തന്തൂർ, എത്നിക് കേരള, ബർഗർ, ചൈനീസ്, ദോശ, സ്വീറ്റ്സ് ആൻഡ് പേസ്റ്ററി, മോക്ക്ടെയിൽ തുടങ്ങിയ സ്റ്റാളുകൾക്ക് പുറമെ ഇത്തവണ ബീച്ച് സ്പെഷ്യൽ സ്റ്റാളും ഒരുക്കുന്നുണ്ട്.
സ്റ്റാളുകൾ എടുക്കുന്നത് മുതൽ വിളമ്പേണ്ട വിഭവങ്ങൾ തീരുമാനിക്കുന്നതും ഉണ്ടാക്കുന്നതും ടിക്കറ്റ് വിൽക്കുന്നതുമൊക്കെ വിദ്യാർത്ഥികൾ തന്നെയാണ്. ഭാവിയിലെ സ്വയം സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായാണ് ഇത്തരം ഭക്ഷ്യമേള സംഘടിപ്പിക്കുന്നത്. ഇത്തവണ ഇവിടം സന്ദർശിക്കാനെത്തുന്ന സ്ത്രീകളുടെ കൈകളിൽ മൈലാഞ്ചി അണിയിക്കാൻ ഒരു കൂട്ടം വിദ്യാർത്ഥിനികളുമുണ്ടാവും. കഥകളിയും മ്യൂസിക് ബാൻഡും ശിങ്കാരിമേളവും ഭക്ഷ്യമേളക്ക് കൊഴുപ്പേകും. വ്യത്യസ്തവും ആകർഷണീയവുമായ രീതിയിലാണ് ഇത്തവണ ഇതിന്റെ പരിസരം ഒരുക്കിയിരിക്കുന്നത്. 350 രൂപയാണ് ടിക്കറ്റ് നിരക്ക്. ഇതിൽ 250 രൂപയുടെ ഫുഡ് കൂപ്പൺ ഉണ്ടാകും. 10 വയസിനു താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. വൈകിട്ട് 6.30 മുതൽ 9.30 വരെയാണ് പ്രവേശന സമയം. ടിക്കറ്റിനായി വിളിക്കേണ്ട നമ്പർ: 0471-2480283, 8943128409