തിരുവനന്തപുരം: പണം കായ്ക്കുന്ന മരം കാണാൻ ആഗ്രഹമുണ്ടോ? ലോകത്ത് നിന്ന് തന്നെ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന അപൂർവ ഇനം അകിലാണ് ഈ ചൊല്ലിനെ അന്വർത്ഥമാക്കുന്ന മരം. ലോകവിപണിയിൽ ആയിരങ്ങൾ വിലയുള്ള ഊദ് എന്ന സുഗന്ധതൈലം അകിൽമരത്തിൽ നിന്നാണ് നിർമ്മിക്കുന്നത്. കൊടുങ്കാടുകളിലെ ആവാസവ്യവസ്ഥയിൽ വളരുന്ന ഈ അപൂർവ വൃക്ഷത്തിന്റെ ഒരേയൊരു പതിപ്പാണ് തലസ്ഥാന നഗരത്തിലുള്ളത്. അതിന്റെ കടയ്ക്കൽ കത്തിവയ്ക്കാനൊരുങ്ങുകയാണ് നമ്മുടെ അധികൃതർ. തൈക്കാട് ഗസ്റ്ര് ഹൗസ് കോമ്പൗണ്ടിലുള്ള ഏതാണ്ട് നൂറ് വർഷത്തോളം പഴക്കം ചെന്ന അകിൽ വൃക്ഷത്തിനാണ് വനംവകുപ്പും ട്രീ കമ്മിറ്രിയും ചേർന്ന് വധശിക്ഷ വിധിച്ചിരിക്കുന്നത്. മരത്തിന് സമീപമുള്ള കെട്ടിടത്തിന് കേടുപാടുണ്ടാക്കാൻ സാദ്ധ്യതയുണ്ടെന്നതാണ് മരത്തിന്മേൽ ആരോപിച്ചിരിക്കുന്ന കുറ്റം. മരത്തിന് സമീപം കെട്ടിടം പണികഴിപ്പിച്ചതിന് ശേഷം മരം കെട്ടിടത്തെ നശിപ്പിക്കുന്നുവെന്ന വാദത്തിൽ എന്ത് അടിസ്ഥാനമാണുള്ളതെന്ന നിസഹായാവസ്ഥയാണ് പാവം അകിൽമരത്തിന്.
നഗരത്തിലെ പ്രധാന തണൽതുരുത്താണ് തൈക്കാട് ഗസ്റ്ര് ഹൗസും തൊട്ടടുത്ത കിറ്റ്സ് കോമ്പൗണ്ടും. പ്രധാനമന്ത്രി മുതൽ ഛോട്ടാ നേതാക്കളും ഉദ്യോഗസ്ഥ പ്രമുഖരുമൊക്കെ തങ്ങുന്ന ഗസ്റ്ര് ഹൗസ് കോമ്പൗണ്ടിന് ശീതളച്ഛായയും ശുദ്ധവായുവും നൽകുന്ന മരങ്ങൾ മുറിക്കാനാണ് ടൂറിസം വകുപ്പിലെയും വനം വകുപ്പിലെയും ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. നേരത്തേ റോഡ് വികസനത്തിനായി ഇവിടത്തെ നിരവധി മരങ്ങൾ മുറിക്കാനിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് പദ്ധതി തന്നെ ഉപേക്ഷിക്കുകയായിരുന്നു.
വനം വകുപ്പിന്റെ സാമൂഹ്യവനവത്കരണ വിഭാഗവും ട്രീ കമ്മിറ്രിയും നൽകിയ അംഗീകാരത്തിന് ശേഷമാണ് വിനോദ സഞ്ചാര വകുപ്പ് മരം മുറിക്കാൻ ടെൻഡർ വിളിച്ചത്. എന്നാൽ വനംവകുപ്പ് നിശ്ചയിച്ച തുകയ്ക്ക് മരം ലേലത്തിനെടുക്കാൻ കച്ചവടക്കാർ തയ്യാറാകാത്തതുകൊണ്ട് വിലകുറച്ച് ടെൻഡർ ചെയ്യാനുള്ള ശ്രമത്തിലാണ് അധികൃതർ.
ഒന്നേയുള്ളൂ ...മുറിക്കല്ലേ!
നഗരത്തിലെ മരങ്ങളുടെ വിവരശേഖരം നടത്തുന്ന പ്രകൃതി സ്നേഹികളുടെ കൂട്ടായ്മയായ ട്രീ വാക്ക് പ്രവർത്തകർ നൽകുന്ന വിവരമനുസരിച്ച് തലസ്ഥാന നഗരത്തിൽ ആകെ ഒരേയൊരു അകിൽ മരമാണുള്ളത്. സ്വിറ്റ്സർലാന്റ് ആസ്ഥാനമായ ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്വർ എന്ന അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയുടെ വംശനാശഭീഷണി നേരിടുന്ന മരങ്ങളുടെ പട്ടികയിൽപ്പെട്ട പ്രധാന വൃക്ഷമാണ് അകിൽ. ഇത് മുറിക്കുന്നതിന് വിലക്കും സംഘടന ഏർപ്പെടുത്തിയിട്ടുണ്ട്.
ഊദിന്റെ മാതാവ്
ലോകവിപണിയിലെ ഏറ്റവും വിലപിടിപ്പുള്ള സുഗന്ധ തൈലമായ ഊദ് നിർമ്മിക്കുന്നത് ചന്ദനത്തിന്റെ അപരനായ ഊദ് അഗർഅക്വിലേറിയ എന്ന മരത്തിൽ നിന്നാണ്. അൻപത് വർഷത്തോളം കാലമെടുത്താലെ ഊദ് സുഗന്ധമരമാകൂ. അകിൽ മരത്തിന്റെ തൊലി പൊട്ടി പിളർന്ന് ഒരു തരം ദ്രാവകം പുറത്തേക്ക് വരും. ഈ ദ്രാവകത്തിൽ പ്രത്യേക സുഗന്ധമുണ്ടാവും. ഇത് വണ്ടുകളെ മരത്തിലേക്ക് ആകർഷിക്കുന്നു. ഈ വണ്ടുകളാണ് യഥാർത്ഥത്തിൽ ഊദ് ഉത്പാദിപ്പിക്കുന്നത്.
ഊദ് മരത്തിന്റെ കാതലിനുള്ളിൽ വണ്ടുകൾ വാസം തുടങ്ങുന്നു. വണ്ടുകളിലുള്ള ഒരു എൻസൈം മരത്തിൽ പൂപ്പൽബാധയുണ്ടാക്കുന്നു. ഈ പ്രക്രിയ പൂർത്തിയാകുമ്പോൾ ഊദ് മരം വലിയ ചിതൽപ്പുറ്റ് പോലെയാവും. ഈ മരക്കഷണമാണ് അമൂല്യമായ സുഗന്ധദ്രവ്യമാകുന്നത്. ഊദിൽ നിന്നുമെടുക്കുന്ന സുഗന്ധദ്രവ്യത്തിന് ലിറ്ററിന് ലക്ഷങ്ങൾ വില വരും. 40 മീറ്ററോളം ഉയരത്തിൽ ഊദ് മരം വളരും. 17 വിഭാഗത്തിൽപെട്ട ഊദ് മരങ്ങൾ വളരുന്നുണ്ട്. ഏറ്റവും മുന്തിയ ഇനം ഊദ് ഇന്ത്യയിൽ നിന്നുള്ളതാണ്.
കെട്ടിടം നിർമ്മിക്കാനുണ്ടെന്ന അധികൃതരുടെ ആവശ്യപ്രകാരമാണ് ട്രീ കമ്മിറ്രി മരം മുറിക്കാൻ അനുവാദം നൽകിയത്. ഗസ്റ്ര് ഹൗസിലെ മരത്തിന്റെ കാര്യവും പുനഃപരിശോധിക്കുന്നത് പരിഗണിക്കും.
അജയൻ , ജില്ലാ തല ട്രീ കമ്മിറ്രി.
ഇത്രയേറെ പ്രത്യേകതയുള്ള മരം മുറിക്കുന്നത് തികച്ചും വേദനാജനകമാണ്. അനിത ,ട്രീവാക്ക്