തിരുവനന്തപുരം : കടലും കടൽതീരവും വർണവിളക്കുകളാൽ മുഖരിതം. പശ്ചാത്തലത്തിൽ കടലിന്റെ സംഗീതത്തോടൊപ്പം വിവിധ കലാപരിപാടികൾ. കടൽകാറ്റേറ്റ് ഇവ ആസ്വദിക്കാൻ രുചിയുള്ള നല്ല കടൽവിഭവങ്ങൾ. കേൾക്കുമ്പോൾ തന്നെ സുഖമുള്ള ഈ കാഴ്ചകൾ അനുഭവിച്ചറിയാൻ തലസ്ഥാനവാസികൾക്ക് ഒരു സുവർണാവസരം ശംഖുംമുഖം ആർട്ട് മ്യൂസിയത്തിന് മുന്നിൽ ഒരുങ്ങി കഴിഞ്ഞു. തീരം കേന്ദ്രീകരിച്ചുള്ള തലസ്ഥാനത്തെ ആദ്യ ബീച്ച് കാർണിവലിനാണ് ശംഖുംമുഖത്ത് തുടക്കമായിരിക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം മന്ത്രി എ.കെ. ബാലൻ നിർവഹിച്ചു. മേയർ വി.കെ. പ്രശാന്ത് അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് ജയചന്ദ്രൻ കടമ്പനാടും സംഘവും അവതരിപ്പിക്കുന്ന നാടൻ പാട്ടുകൾ അരങ്ങേറി. ബീച്ച് കാർണിവലിലേക്കുള്ള പ്രവേശനം സൗജന്യമാണ്. 28 വരെയാണ് കാർണിവൽ.
നഗരസഭയ്ക്കൊപ്പം വൈലോപ്പിള്ളി സംസ്കൃതി ഭവൻ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ എന്നിവരാണ് കാർണിവൽ ഒരുക്കിയിരിക്കുന്നത്. വർണവെളിച്ചങ്ങളുടെ പശ്ചാത്തലത്തിലാണ് കലാ - കായികമത്സരങ്ങൾ നടക്കുക. കായിക മത്സരങ്ങൾ വൈകിട്ടും കലാപരിപാടികൾ രാത്രിയുമാണ്. ശംഖുംമുഖം തീരത്തെ വിവിധ നിറങ്ങളിലാക്കുന്ന സിംക്രണൈസ്ഡ് വെളിച്ചമാണ് ബീച്ച് കാർണിവലിന്റെ പ്രധാന ആകർഷണം.
കാർണിവലിനോടനുബന്ധിച്ച് രുചികരമായ കടൽവിഭവങ്ങളുടെ കലവറയാണ് ഒരുക്കിയിരിക്കുന്നത്. സാധാരണക്കാരന്റെ കീശയ്ക്ക് താങ്ങാവുന്ന തരത്തിലുള്ള കടൽവിഭവങ്ങളാണ് ഭക്ഷ്യമേളയിലുള്ളത്. ആരോഗ്യപ്രദർശനം, പുസ്തകമേള എന്നിവയും ഒരുക്കിയിട്ടുണ്ട്. കാർണിവൽ കാണാനെത്തുന്നവരുടെ പോർട്രെയ്റ്റുകൾ ചിത്രകലാ വിദ്യാർത്ഥികൾ തത്സമയം വരച്ചുനൽകും. ശംഖുംമുഖം ആർട്ട് മ്യൂസിയത്തിൽ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള 55 കലാകാരൻമാരുടെ ചിത്രങ്ങളും ശില്പങ്ങളും അണിനിരക്കുന്നുണ്ട്. മ്യൂസിയം സന്ദർശനം പാസ് മുഖേനയായിരിക്കും. ഇന്ന് വൈകിട്ട് നാലിന് പുരുഷന്മാരുടെ വടംവലി മത്സരം. രാത്രി ഏഴിന് ലോക്ധർമി അവതരിപ്പിക്കുന്ന ശാകുന്തളം നാടകം. നാളെ വൈകിട്ട് നാലിന് ബീച്ച് ഹാൻഡ്ബാൾ മത്സരം, ഏഴിന് മദ്രാസ് മെയിലെന്ന മെഗാഷോ. 25ന് വൈകിട്ട് നാലിന് ബീച്ച് ഫുട്ബാൾ മത്സരം, രാത്രി ഏഴിന് ദിവ്യ നെടുങ്ങാടിയുടെ മോഹിനിയാട്ടം. തുടർന്ന് പി. ഭാസ്കരൻ സ്മൃതിഗീതം.
26ന് വൈിട്ട് നാലിന് ബീച്ച് വോളിബാൾ മത്സരം, രാത്രി ഏഴിന് അഗ്നി ഘണ്ടാകർണൻ ഉൾപ്പെടെയുള്ള മൂന്ന് തെയ്യക്കോലങ്ങളെ തീരത്ത് അവതരിപ്പിക്കും. 27ന് വൈകിട്ട് നാലിന് സ്ത്രീകളുടെ വടംവലി മത്സരം, രാത്രി ഏഴിന് കർണാടകയിൽനിന്നുള്ള നാടോടി കലാരൂപമായ ദൊല്ലു കുനിത. കാർണിവലിന്റെ അവസാന ദിവസമായ 28ന് രാത്രി ഏഴിന് ജോബ് കുര്യനും ആൻ ആമിയും നയിക്കുന്ന മ്യൂസിക്കൽ ബാൻഡിന്റെ സംഗീത നിശയുമുണ്ടാകും.