തിരുവനന്തപുരം: കാൻസർ രോഗികളുടെ അത്താണിയായ റീജിയണൽ കാൻസർ സെന്ററിൽ (ആർ.സി.സി) ഇനി മരുന്ന് വാങ്ങാൻ മണിക്കൂറുകളോളം കാത്തുനിൽക്കേണ്ട. പുതിയ ഏഴ് ഫാർമസി കൗണ്ടറുകൾ തുറന്നാണ് വർഷങ്ങളായി രോഗികളും കൂട്ടിരിപ്പുകാരും അനുഭവിക്കുന്ന ദുരിതത്തിന് അധികൃതർ പരിഹാരം കണ്ടെത്തിയത്. ആർ.സി.സിയിൽ രോഗികൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെക്കുറിച്ച് 2016 സിസംബർ 6ന് സിറ്റി കൗമുദി വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
'കീമോ തെറാപ്പിക്കെത്തുന്ന രോഗിയുടെ ദുരിതദിനങ്ങളിൽ ഒന്ന്" എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് അധികൃതരുടെ കണ്ണ് തുറപ്പിച്ചത്. ഇതോടെ ഡോക്ടർമാരെ കാണുന്നതിനുള്ള കാത്തിരിപ്പ് ഒഴിവാക്കാൻ ടോക്കൺ സംവിധാനം ഏർപ്പെടുത്തിയെങ്കിലും ഫാർമസി കൗണ്ടറുകൾക്ക് മുന്നിലെ ക്യൂ ഒഴിവാക്കാൻ കഴിഞ്ഞിരുന്നില്ല. ഇതിനെത്തുടർന്നാണ് ആശുപത്രിയിൽ എത്തുന്ന രോഗികൾക്ക് സുഗമമായി ചികിത്സ തേടി മടങ്ങാൻ അധികൃതർ സൗകര്യങ്ങളൊരുക്കാൻ തീരുമാനിച്ചത്. 20 വർഷത്തിന് ശേഷമാണ് ആർ.സി.സിയിൽ പുതിയ ഫാർമസി കൗണ്ടർ തുറക്കുന്നത്.
പഴയ ബ്ലോക്കിൽ നിലവിലുള്ള മൂന്ന് കൗണ്ടറുകൾക്ക് പുറമേയാണ് ഏഴ് കൗണ്ടറുകൾ സജ്ജീകരിച്ചിരിക്കുന്നത്. പുതിയ ബ്ലോക്കിൽ ആറാം നിലയിൽ കീമോതെറാപ്പി വാർഡിന് സമീപം രണ്ട് കൗണ്ടറുകളും മൂന്നാം നിലയിൽ അഞ്ച് കൗണ്ടറുകളുമാണ് തുറന്നത്. പുതിയ കൗണ്ടറുകൾ രാവിലെ 9 മുതൽ വൈകിട്ട് 4.30 വരെ പ്രവർത്തിക്കും. പഴയ മൂന്ന് കൗണ്ടറുകളും ഇനി മുതൽ 24 മണിക്കൂറും പ്രവർത്തിക്കും.
പത്ത് കൗണ്ടറുകളിലൂടെയും ആവശ്യാനുസരണം മരുന്ന് എത്തിക്കുന്നതിനായി എൻ.എ.ബി.എൽ അംഗീകാരമുള്ള കമ്പനികളിൽ നിന്ന് നേരിട്ട് മരുന്ന് വാങ്ങുന്നതോടൊപ്പം കേരള മെഡിക്കൽ സർവീസ് കോർപറേഷനുമായും (കെ.എം.സി.എൽ) ആർ.സി.സി ധാരണാപത്രം ഒപ്പുവച്ച് കഴിഞ്ഞു. ആർ.സി.സിയിലെ ഫാർമസിയിൽ ഏതെങ്കിലും മരുന്നുകൾ ലഭ്യമല്ലെങ്കിൽ ആവശ്യക്കാർക്ക് മെഡിക്കൽകോളേജ് വളപ്പിനുള്ളിലെ കാരുണ്യ സെന്ററിൽ നിന്ന് ലഭ്യമാക്കും. ക്ഷേമപദ്ധതികളുടെ ആനുകൂല്യമുള്ളവർക്ക് കാരുണ്യയിൽ നിന്ന് സൗജന്യമായി മരുന്ന് ലഭിക്കും. ഇതിനായി കാരുണ്യയും ആർ.സി.സിയും തമ്മിൽ കരാർ ഒപ്പുവച്ചിട്ടുണ്ട്.
രോഗികളുടെ ഏറെക്കാലത്തെ ആവശ്യമാണ് പുതിയ ഫാർമസി കൗണ്ടറുകൾ തുറക്കുന്നതോടെ നിറവേറുന്നത്. ഇതോടെ ആർ.സി.സിയിലെ ക്യൂ പൂർണമായും ഒഴിവാകും. ജൈവകാന്റീൻ പുതിയൊരു ഭക്ഷണ സംസ്കാരം പഠിപ്പിക്കും.
-ഡോ. രേഖ എ. നായർ ഡയറക്ടർ, ആർ.സി.സി