തിരുവനന്തപുരം: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് ചുറ്റും കോട്ടയുടെ അകത്തും പുറത്തുമായി കെട്ടിടങ്ങൾ, സ്ഥാപനങ്ങൾ, സ്മാരകങ്ങൾ എന്നിവ ഉൾപ്പെടെ മുപ്പതോളം പൈതൃക മന്ദിരങ്ങളുടെ ചരിത്രകഥകൾ ഡിജിറ്റൽ രൂപത്തിലെത്തുന്നു. പൈതൃകകേന്ദ്രങ്ങളെക്കുറിച്ചുള്ള സമഗ്രമായ വിവരണം മൂന്നു മിനിട്ടിൽ താഴെ ദൈർഘ്യമുള്ള വീഡിയോ ചിത്രങ്ങളായാണ് മാറ്റിയിരിക്കുന്നത്. ഇവയെ പ്രത്യേകം തയ്യാറാക്കിയ മൊബൈൽ ആപ്പുമായി സംയോജിപ്പിച്ചിട്ടുണ്ട്. ഉപയോക്താക്കളുടെ സഞ്ചാരമാർഗം ഉൾപ്പെടെ രേഖപ്പെടുത്തിയ ഡിജിറ്റൽ ഭൂപടം ആപ്പിലൂടെ അവരുടെ സ്മാർട്ട് ഫോണിലേക്കോ, ടാബ്ലറ്റിലോ എത്തും. ഓരോ സ്ഥലത്തെത്തുമ്പോഴും അതുമായി ബന്ധപ്പെട്ട വീഡിയോ ചിത്രങ്ങൾ കാണാൻ സൗകര്യം ലഭിക്കുകയും ചെയ്യും.
മുപ്പത് വീഡിയോ ചിത്രങ്ങളിൽ ഓരോന്നും ഏത് സ്ഥലത്തെത്തുമ്പോൾ കാണിക്കണമെന്നു തീരുമാനിക്കാനും ഈ സ്ഥലത്തിന്റെ അക്ഷാംശരേഖാംശങ്ങൾ കണ്ടുപിടിച്ച് വീഡിയോ ലഭ്യമാക്കേണ്ട സ്ഥലം ഇതോടൊപ്പമുള്ള ഡിജിറ്റൽ മാപ്പിൽ രേഖപ്പെടുത്താനും കഴിയും. ജിയോ കോഡുകൾ മൊബൈൽ ആപ്പുമായി ബന്ധിപ്പിക്കുന്നതിലൂടെ ഉപയോക്താക്കൾക്ക് പ്രത്യേകിച്ച് ബുദ്ധിമുട്ടുകളൊന്നുമില്ലാതെ തന്നെ വീഡിയോ ചിത്രങ്ങൾ തുറന്നുകിട്ടുകയും ചെയ്യും.
നൂറ്റാണ്ടുകൾ പഴക്കമുള്ള പൈതൃക നഗരമായ തിരുവനന്തപുരത്തിന്റെ പ്രത്യേകതകൾ ലോകമെങ്ങും ലഭ്യമാകുമെന്നതാണ് ഈ ഡിജിറ്റൽവത്കരണത്തിന്റെ ഏറ്റവും വലിയ പ്രയോജനം. വിനോദസഞ്ചാരത്തിൽ ആകർഷണ ഘടകമാകാൻ ഇതിലൂടെ കഴിയും. പരിശീലനം ലഭിച്ച, വിവിധ ഭാഷകൾ സംസാരിക്കുന്ന ഗൈഡുമാരുടെ അഭാവം വലിയൊരളവിൽ പരിഹരിക്കാനും ഗൈഡുമാരെ നല്ല രീതിയിൽ പരിശീലിപ്പിച്ചെടുക്കാനും ഈ ദൃശ്യ ശ്രവ്യ പരിപാടി സഹായകമാവും. വിനോദ സഞ്ചാരികൾക്കും തീർത്ഥാടകർക്കും ചരിത്ര കുതുകികൾക്കും ഗവേഷകർക്കും പ്രയോജനപ്പെടുന്ന രീതിയിൽ ഡിജിറ്റൽ സാങ്കേതിക വിദ്യ ഉപയോഗിച്ച് തയ്യാറാക്കിയ 'ട്രിവാൻഡ്രം ഹെറിറ്റേജ് വാക്ക് ' എന്ന ഈ ആപ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയാണ് പ്രകാശനം ചെയ്തത്.
ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിലുള്ള ഈ ആപ് ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് ഡൗൺലോഡ് ചെയ്യാം. പുരാവസ്തു വകുപ്പിന്റെ നവീകരിച്ച വെബ്സൈറ്റുകളായ www.keralaarchaeology.org , www.keralaarchives.org എന്നിവയുടെ പ്രകാശനവും ഇതോടൊപ്പം മന്ത്രി നിർവഹിച്ചു. റെസ്പോൺസീവ് വെബ്സൈറ്റ് എന്ന നൂതന സാങ്കേതിക വിദ്യയിലൂടെയാണ് പുരാവസ്തു വകുപ്പിന്റെ നവീകരിച്ച ഔദ്യോഗിക വെബ്സൈറ്റുകളായ www.keralaarchaeology.org , www.keralaarchives.org എന്നിവ രൂപകല്പന ചെയ്തിരിക്കുന്നത്. ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ്, മൊബൈൽ ഫോൺ, ടാബുകൾ തുടങ്ങിയ വിവിധ വലിപ്പത്തിലുള്ള സ്ക്രീനുകൾക്ക് അനുയോജ്യമായ രീതിയിലാണ് ഇത് തയ്യാറാക്കിയിരിക്കുന്നത്.