തിരുവനന്തപുരം: ഡൽഹിയിലെ നാടോടി കലാകാരന്മാരുടെ കോളനിയായ കത്പുത്തിലിയയിൽ നിന്നുള്ള കലാരൂപങ്ങളും രാജസ്ഥാനി നാടോടി ഗാനങ്ങളുടെ ലോകപ്രശസ്ത ബാൻഡായ ബാർമർ ബോയ്സും അണിനിരക്കുന്ന മൂന്നുദിവസത്തെ ദേശീയ നാടോടി കലാസംഗമത്തിന് 24 ന് ടാഗോർ തിയേറ്റർ അങ്കണത്തിൽ തുടക്കമാകും. 26ന് സമാപിക്കും. സംസ്ഥാന യുവജന ക്ഷേമ ബോർഡ് സംഘടിപ്പിക്കുന്ന ദേശീയ നാടോടി കലാസംഗമത്തിന്റെ മൂന്നാം പതിപ്പിൽ ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, ഒഡിഷ, ബംഗാൾ, കർണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള നാടോടി കലാരൂപങ്ങൾക്കൊപ്പം കേരളത്തിൽ നിന്നുള്ള വിവിധ നാടോടി കലകളും അണിനിരക്കും.എല്ലാദിവസവും വൈകിട്ട് അഞ്ചിന് ഗ്രാമക്കാഴ്ചകൾ കലാസംഗമത്തിലുണ്ട്.
അന്തിച്ചന്ത, ചായക്കട, അഞ്ചലാപ്പീസ്, തെരുവ് മാജിക്, നാടൻ പാട്ടുകൾ എന്നിവയാണ് ഗ്രാമക്കാഴ്ചകളിലുള്ളത്. കോഴിക്കോടുനിന്നുള്ള തെരുവുഗായകൻ ബാബു ശങ്കരൻ കുടുംബസമേതം എല്ലാ ദിവസവും പാട്ടുകളുമായി ഗ്രാമക്കാഴ്ചകളിലുണ്ടാകും.
24ന് വൈകിട്ട് 6.30ന് ആറങ്ങോട്ടുകര കുട്ടികളുടെ കലാപാഠശാല അവതരിപ്പിക്കുന്ന കൊയ്തുപാട്ടുകൾ പിറ, നാടൻ കലാരൂപങ്ങളും ഫുട്ബാളും കോർത്തിണക്കി മലപ്പുറം ലിറ്റിൽ എർത്ത് സ്കൂൾ ഒഫ് തിയേറ്റർ അവതരിപ്പിക്കുന്ന നാടകം ബൊളീവിയൻ സ്റ്റാർസ് എന്നിവ അരങ്ങേറും. 25ന് വൈകിട്ട് 6.15ന് തിരികൊളുത്തൽ, 6.30ന് 'ഇനിയുള്ള കാലം നമ്മൾ പാടാണ്ടിരുന്നാൽ' സംഗീത പരിപാടി, തുടർന്ന്, 'പൂതപ്പാട്ട്' ഇടശ്ശേരിക്കവിതയ്ക്ക് ലെനിൻ രാജേന്ദ്രൻ നൽകിയ രംഗാവിഷ്കാരം അദ്ദേഹത്തിനുള്ള സമർപ്പണമായി അരങ്ങിലെത്തും.
രാത്രി ഏഴിന് ലോകശ്രദ്ധയിലെത്തിയ ബാർമർ ബോയ്സിന്റെ പരമ്പരാഗത രാജസ്ഥാനി നാടോടി പാട്ടുകൾ, ഗുജറാത്തിൽ നിന്നുള്ള ദാന്തിയ റാസ്, ഡൽഹിയിലെ നാടോടി കലാകാരന്മാരുടെ കോളനിയായ കത്പുത്തിലിയയിൽ നിന്നുള്ള സംഘം അവതരിപ്പിക്കുന്ന 'സ്വാഗത്', ഒഡിഷബംഗാൾ അതിർത്തിയിൽ നിന്നുള്ള 'പുരുലിയ ചൗ' എന്നിവ അരങ്ങിലെത്തും.
26ന് രാവിലെ 5.30ന് 'നാട്ടുപുലർക്കാലം' ബാവുൾ ഗായകൻ ദേവ് ചൗധരിയും ഹിന്ദുസ്ഥാനി ഗായകൻ അഭിലാഷ് വെങ്കിടാചലവും പാടുന്നു. വൈകിട്ട് 6.30ന് ഫക്കീർ പാട്ടുകൾ ബംഗാളിൽ നിന്നുള്ള ഏറ്റവും പ്രായംചെന്ന ഫക്കീർ ഗായകനായ മൻസൂർ ഫക്കീറും സംഘവും അവതരിപ്പിക്കുന്നു. തുടർന്ന് കർണാടകയിൽ നിന്നുള്ള 'ദുല്ലു കുനിത', ഗുജറാത്തി നൃത്തം, ഡൽഹിയിൽ നിന്നുള്ള പുരൻ ഭട്ടും സംഘവും അവതരിപ്പിക്കുന്ന സംഗീതനൃത്തപാവ നാടക സമന്വയമായ 'ദോലാമാരു' എന്നിവ ടാഗോറിൽ അരങ്ങേറും.രാത്രി 9.30 മുതൽ മാനവീയം വീഥിയിൽ മൂർക്കനാട് പീതാംബരനും സംഘവും അവതരിപ്പിക്കുന്ന തിറയാട്ടവും ഒപ്പം പുരുലിയ ചൗവും ചേർന്നുള്ള പ്രത്യേക പരിപാടിയോടെയാണ് സംഗമം സമാപിക്കുക.