ഫുട്ബാൾ താരം വി.പി സത്യന്റെ കഥ പറഞ്ഞ ക്യാപ്ടന് ശേഷം സംവിധായകൻ പ്രജേഷ് സെന്നും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു. വെള്ളം എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കഴിഞ്ഞ ദിവസം ജയസൂര്യ ഫേസ്ബുക്കിലൂടെ പുറത്തുവിട്ടു. ഒരുപാട് ദുരൂഹതകളുള്ള കണ്ണൂരുകാരനായ മദ്യപാനിയുടെ കഥയാണ് ചിത്രം പറയുന്നത്.
ചിത്രീകരണം മേയിൽ കോഴിക്കോട്ട് ആരംഭിക്കാനാണിരിക്കുന്നത്. മറ്റു താരങ്ങളെ തീരുമാനിച്ചിട്ടില്ല. ചിത്രത്തിന്റെ കഥ ഇഷ്ടപ്പെട്ട ജയസൂര്യ ഓപ്പൺ ഡേറ്റ് നൽകുകയായിരുന്നു. ക്യാപ്ടൻ റിലീസായിട്ടു ഒരു വർഷം തികയുന്ന അവസരത്തിലാണ് ജയസൂര്യ തന്റെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാർത്ത പുറത്തുവിട്ടത്. ഫ്രണ്ട്ലി പ്രൊഡക്ഷൻസിന്റെ ബാനറിൽ സംവിധായകൻ പ്രജേഷ് സെന്നിന്റെ സുഹൃത്തുക്കൾ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കി നടൻ മാധവൻ സംവിധാനം ചെയ്യുന്ന റോക്കറ്റ്ട്രി: ദ നമ്പി എഫ് ക്ടിന്റെ ജോലികളുമായി ബന്ധപ്പെട്ട് പ്രജേഷ് സെൻ ഇപ്പോൾ മുബയിലാണ്. ചിത്രത്തിന്റെ സഹസംവിധായകനാണ് പ്രജേഷ് . മമ്മൂട്ടിയെ നായകനാക്കി മലയാളത്തിൽ നമ്പി നാരായണന്റെ കഥ സിനിമയാക്കാൻ തീരുമാനിച്ചിരുന്നുവെങ്കിലും ചില സാങ്കേതിക കാരണങ്ങളാൽ നടന്നില്ല. നമ്പി നാരായണന്റെ ജീവിതകഥയെ ആസ്പദമാക്കി നമ്പി: ദ സയന്റിസ്റ്റ് എന്ന ഡോക്യുമെന്ററിയും ഓർമ്മകളുടെ ഭ്രമണ പഥം എന്ന പുസ്തകവും പ്രജേഷ് സെൻ തയ്യാറാക്കിയിട്ടുണ്ട് .