വാഷിംഗ്ടൺ: പുൽവാമ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ ഭാഗത്തു നിന്ന് പാകിസ്ഥാന് ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഭീകരാക്രമണത്തിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുളള ബന്ധം ‘വളരെ മോശം’ അവസ്ഥയിലാണ്. ഭീകരാക്രമണത്തിൽ ഒട്ടേറെപേർ കൊല്ലപ്പെട്ടു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അത്യന്തം അപകടകരമായ അവസ്ഥയിലാണെന്നും ഇത് പരിഹരിക്കാൻ യു.എസ് ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും ട്രംപ് പറഞ്ഞു. ‘വളരെ ഭയാനകമായ സ്ഥിതിയാണിത്. ശക്തമായതെന്തോ ഇന്ത്യ ലക്ഷ്യമിടുന്നുണ്ട്. അൻപതോളം പേരെ ഇതിനകം ഇന്ത്യയ്‌ക്കു നഷ്ടമായി. ഇതും എനിക്കു മനസിലാക്കാനാകും-ട്രംപ് പറഞ്ഞു. ഇരുരാജ്യങ്ങളുമായി യു.എസ് ഭരണകൂടം ചർച്ച നടത്തുന്നുണ്ടെന്നും ട്രംപ് പ്രതികരിച്ചു.
യു.എൻ സുരക്ഷാ സമിതിയുടെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിൽ പാകിസ്ഥാനും ചൈനയും ഉത്തരവാദിത്തം കാട്ടണമെന്നും ഭീകരർക്ക് സുരക്ഷിത താവളമൊരുക്കാൻ അനുവദിക്കരുതെന്നും അമേരിക്ക കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. അതേസമയം, പുൽവാമയിൽ 40 സി.ആർ.പി.എഫ്. ജവാൻമാരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തെ യു.എൻ രക്ഷാസമിതി കടുത്തഭാഷയിൽ അപലപിച്ചു.
ഭീരുത്വം നിറഞ്ഞതും ഹീനവുമായ ആക്രമണമാണിതെന്ന് സുരക്ഷാസമിതി ഒറ്റക്കെട്ടായി പിന്തുണച്ച പ്രമേയത്തിൽ പറയുന്നു. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദിന്റെ പേരെടുത്തുപറയുന്ന പ്രമേയത്തെ ചൈനയടക്കം രക്ഷാസമിതിയിലെ 15 രാജ്യങ്ങളും പിന്തുണച്ചു.