50കോടിയുടെ വിരട്ടൽ ഏറ്റു, മോഹൻലാൽ അഭിനയിച്ച സ്വകാര്യ വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ പരസ്യചിത്രം വീണ്ടും ടെലിവിഷൻ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടു. നേരത്തേ മോഹൻലാൽ ചർക്കയിൽ നൂൽനൂൽക്കുന്ന രംഗത്തിൽ അഭിനയിച്ചതിനെ തുടർന്ന് പരസ്യം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ഖാദി ബോർഡ് ചെയർപേഴ്സൺ ശോഭനാ ജോർജ് താരത്തിന് നോട്ടീസ് അയച്ചിരുന്നു. ഇതിനെ തുടർന്ന് സ്ഥാപനം പരസ്യം പിൻവലിക്കുകയും ചെയ്തു.
ഒരു ഫോൺകോളിലൂടെ തീർക്കാൻ സാധിക്കുമായിരുന്ന പ്രശ്നം പൊതുജനമധ്യത്തിൽ എത്തിച്ച് തന്നെ അപമാനിക്കുകയായിരുന്നു എന്ന് കാണിച്ച് മോഹൻലാൽ രംഗത്തെത്തുകയായിരുന്നു. മാനനഷ്ടത്തിന് 50കോടിരൂപയാണ് മോഹൻലാൽ നിയമപരമായി ആവശ്യപ്പെട്ടത്. എന്നാൽ ഇതോട് കൂടി 'പണിപാളി' എന്ന് മനസിലാക്കിയ ശോഭന ജോർജ് ഖാദി ബോർഡ് വിറ്റാൽ തന്നെ 50കോടി കിട്ടാൻ പോകുന്നില്ലെന്ന് പ്രസ്താവനയും ഇറക്കിയിരുന്നു. മോഹൻലാൽ എന്ത് നിയമനടപടികൾ സ്വീകരിക്കുമെന്ന് നോക്കട്ടെ എന്നായിരുന്നു ശോഭന ജോർജിന്റെ പ്രതികരണം.
സ്വകാര്യ സ്ഥാപനത്തിന്റെ ഉൽപ്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ചർക്കയിൽ നൂൽനൂൽക്കുന്നതായി മോഹൻലാൽ അഭിനയിക്കുന്നതു ഖാദിബോർഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തിയാണു പരസ്യം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ശോഭന ജോർജ് മോഹൻലാലിന് നോട്ടിസ് അയച്ചത്.