operation-bageera

തിരുവനന്തപുരം: 'ഓപ്പറേഷൻ ബഗീര'യെന്ന പേരിൽ സംസ്ഥാനത്തുടനീളമുള്ള വനം വകുപ്പിന്റെ 28 തടി ഡിപ്പോകളിലും ചന്ദന ഡിപ്പോകളിലും വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ കണ്ടെത്തിയത് വൻ തട്ടിപ്പ്. വനംവകുപ്പ് ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേന്ന് തടിലേലത്തിൽ അഴിമതി നടത്തുന്നുവെന്ന് വിജിലൻസ് ഡയറക്ടർക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ആര്യാങ്കാവ് ഡിപ്പോയിൽ 29,660 രൂപ ക്യാഷ് ബുക്കിൽ രേഖപ്പെടുത്തിയിരുന്നില്ല. ഇവിടെയും കോട്ടയം പെട്ടിക്കാട്മുക്കിലെ ഡിപ്പോയിലും ജീവനക്കാർ ഡ്യൂട്ടിക്ക് ഹാജരായില്ല. അച്ചൻകോവിലിൽ ലേലം ചെയ്ത ശേഷം ഡിപ്പോയിൽ നിന്നും മാറ്റാത്ത 151 ലോട്ട് തടികൾ കണ്ടെത്തി. കോട്ടയം പാറാമ്പുഴ ഡിപ്പോയിൽ 2013 മുതലുള്ള ഈറ്റ തടികൾ ലേലം ചെയ്യാതെ കെട്ടിക്കിടന്ന് നശിച്ചു.

ഇ- ടെണ്ടർ പോലും അട്ടിമറിച്ച് വനം വകുപ്പ് ഉദ്യോഗസ്ഥരും ഇടനിലക്കാരും ചേർന്ന് ലക്ഷങ്ങൾ സർക്കാരിന് നഷ്ടം വരുത്തിയതായി വിജിലൻസ് പറയുന്നു. ക്രയിനുപയോഗിച്ച് ഡിപ്പോയിൽ തടി അടുക്കിയ ശേഷം തൊഴിലാളികളെക്കൊണ്ട് തടിയടുക്കിയതായി കാണിച്ച് വൻ തുക വെട്ടിച്ചതായി കണ്ടെത്തി. ലേലത്തിലെ അഴിമതി തടയാൻ കൊണ്ടുവന്ന ഇ-ടെണ്ടറും ഉദ്യോഗസ്ഥർ അട്ടിമറിച്ചതായും വിജിലൻസ് പറഞ്ഞു.

ലേലത്തിനുള്ള സ്റ്റാർട്ടിംഗ് പ്രൈസും റിസർവ്വ് പ്രൈസും ഇടനിലക്കാർക്ക് ഉദ്യോഗസ്ഥർ ചോർത്തി നൽകിയാണ് തട്ടിപ്പ്. വനംവകുപ്പ് നിശ്ചയിച്ചിട്ടുള്ള പരമാവധി തുക ലേലത്തിൽ പങ്കെടുക്കുന്നവ‍ർ വിളിച്ചില്ലെങ്കിൽ തടികൾ ആർക്ക് വിൽക്കണമെന്ന അന്തിമ തീരുമാനമെടുക്കാൻ വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർക്കാണ് അധികാരം. ഈ അധികാരം ഉപയോഗിച്ചാണ് 90 ശതമാനം ലേലവും നൽകിയിരിക്കുന്നത്.

ബിനാമികൾക്കും, അടുപ്പക്കാരായ ഇടനിലക്കാർക്കുമാണ് ചില ഉദ്യോഗസ്ഥർ സ്ഥിരമായി ലേലം നൽകുന്നതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞത്. ഈ കരാറുകാരുടെ വിവരങ്ങൾ ശേഖരിച്ച് ഇനിയും അന്വേഷണം തുടരാനാണ് തീരുമാനം. ലേലം പിടിച്ച തടി വനംവകുപ്പിന്റെ ഡിപ്പോയിൽ തന്നെ കരാറുകാർ അനധികൃതമായി സൂക്ഷിക്കും. കരാർ പ്രകാരം 40 ദിവസത്തിനുള്ളിൽ തടികൾ നീക്കം ചെയ്യണമെന്നാണ്. ഇങ്ങനെ ചെയ്യാതെ തടികൾ സൂക്ഷിക്കുന്നതിലൂടെ ലക്ഷങ്ങൾ സർക്കാരിന് നഷ്ടപ്പെട്ടുവെന്നാണ് കണ്ടെത്തൽ.

തടി ലേലം ചെയ്യുന്ന വനം വകുപ്പിലെ ഉദ്യോഗസ്ഥരും കച്ചവടക്കാരുമായി നിയമ വിരുദ്ധ ഇടപാടുകൾ നടക്കുന്നതായും അത് വഴി സാധാരണക്കാർക്ക് ന്യായ വിലയിൽ തടി ലഭിക്കാത്തതായും, കേട് വരാത്ത തടികൾ കേട് വന്നതായി കാണിച്ച് ലേലം നടത്തുന്നതായും വിജിലൻസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഈ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.