k-surendran

തിരുവനന്തപുരം: 2019ലോക്‌സഭ തിരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിജയ പ്രതീക്ഷയുള്ള കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മണ്ഡലമാണ് തിരുവനന്തപുരം. മണ്ഡലത്തിലെ ഏറ്റവും അനുയോജ്യനായ സ്ഥാനാർത്ഥിയെ കണ്ടുപിടിക്കുന്നതിന് പാർട്ടിയെ സംബന്ധിച്ച് നിർണായകമായ തീരുമാനമാണ്. മിസോറം ഗവർണർ കുമ്മനം രാജശേഖരൻ മുതൽ കെ.സുരേന്ദ്രൻ, സുരേഷ് ഗോപി എന്നിവർ വരെ സ്ഥാനാർത്ഥിയായി പരിഗണനയിലുണ്ട്. കുമ്മനം രാജശേഖരന്റെ ഗവർണർ പദവി രാജിവയ്പ്പിച്ച് സ്ഥാനാർത്ഥിയാക്കാനുള്ള ആർ.എസ്.എസ് ശ്രമവും അണിയറയിൽ ശക്തമായി നടക്കുന്നുണ്ട്. ഇതിനിടെയാണ് സംസ്ഥാന നേതൃത്വം ഏകപക്ഷീയമായി മുന്നോട്ട് പോകുന്നെന്ന വിമർശനങ്ങൾ ഉയരുന്നത്.

എന്നാൽ ഇത്തരം ആരോപണങ്ങൾക്ക് പരിഹാരമായി എല്ലാവരെയും ഉൾക്കൊള്ളിച്ചുള്ള പ്രവർത്തനങ്ങൾതക്ക് പാർട്ടി രൂപം നൽകുകയുണ്ടായി. ദേശിയ അദ്ധ്യക്ഷൻ അമിത് ഷാ ഇന്നലെ പാലക്കാട്ട് എത്തുന്നതിന് മുമ്പ് പരിഹാരം കാണാനാണ് സംസ്ഥാന ബി.ജെ.പി നേതൃത്വം തീരുമാനിച്ചത്. ഇതുകൂടാതെ 20 ലോക്‌സഭാ മണ്ഡലങ്ങളെ നാലു മേഖലകളാക്കി തിരിച്ച് ബി.ജെ.പി ജനറൽ സെക്രട്ടറിമാരുടെ നേതൃത്വത്തിൽ മാർച്ച് 5 മുതൽ പത്തുവരെ പരിവർത്തന യാത്ര നടത്താൻ ഇന്നലെ ചേർന്ന സംസ്ഥാന നേതൃയോഗത്തിൽ തീരുമാനമായി.

കേരളവും മോദിയോടൊപ്പം, വീണ്ടും വേണം മോദി ഭരണം എന്ന മുദ്രാവാക്യമുയർത്തിയാവും യാത്ര. ശബരിമല തകർക്കുന്നതിനെതിരായ ബോധവത്കരണവും സി.പി.എമ്മിന്റെ അക്രമ രാഷ്ട്രീയത്തിനെതിരായ പ്രചരണവും വിഷയമാവും. തിരുവനന്തപുരം, എറണാകുളം, പാലക്കാട്, കോഴിക്കോട് മേഖലകളിൽ യഥാക്രമം കെ.സുരേന്ദ്രൻ, എ.എൻ. രാധാകൃഷ്ണൻ, ശോഭാ സുരേന്ദ്രൻ, എം.ടി. രമേശ് എന്നിവരാണ് ജാഥ നയിക്കുക.

എന്നാൽ തെക്കൻമേഖലാ ജാഥയുടെ ചുമതല അപ്രതീക്ഷിതമായി ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന് നൽകിയതോടെ, അദ്ദേഹം തിരുവനന്തപുരത്ത് സ്ഥാനാർഥിയാവുമെന്ന അഭ്യൂഹവും ശക്തമായി. തിരുവനന്തപുരത്തിന്റെ ചുമതലയുണ്ടായിരുന്ന എം.ടി. രമേശ് കോഴിക്കോട് മേഖലാജാഥ നയിക്കും.

സുരേന്ദ്രനെ മഞ്ചേശ്വരം നിയമസഭാമണ്ഡലത്തിൽത്തന്നെ വീണ്ടും മത്സരിപ്പിക്കാൻ ഒരുവിഭാഗം കരുക്കൾ നീക്കിയിരുന്നു. മഞ്ചേശ്വരത്ത് മത്സരിക്കാനില്ലെന്ന് സുരേന്ദ്രൻ സൂചിപ്പിക്കുകയും ചെയ്തു. കുമ്മനമല്ലെങ്കിൽ സുരേന്ദ്രൻ തിരുവനന്തപുരത്ത് സ്ഥാനാർഥിയായാൽ കനത്ത മത്സരം നടക്കുമെന്ന് ആർ.എസ്.എസും വിലയിരുത്തുന്നുണ്ട്. ഈ സാഹചര്യത്തിൽ തിരുവനന്തപുരം മേഖലാജാഥയുടെ ചുമതല സുരേന്ദ്രനിലെത്തുന്നതിന് പ്രാധാന്യമേറെയുണ്ട്. പത്തനംതിട്ട മണ്ഡലത്തിൽ ഏറ്റവും പരിഗണിക്കപ്പെടുന്ന പേര് എ.ടി. രമേശിന്റേതാണ്. സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻപിള്ള തിരഞ്ഞെടുപ്പ് ചുമതലകളുമായി മത്സരത്തിൽനിന്ന് വിട്ടുനിൽക്കാനുള്ള സാദ്ധ്യതയാണ് കൂടുതൽ. കുമ്മനമോ സുരേഷ് ഗോപിയോ തിരുവനന്തപുരത്ത് സ്ഥാനാർത്ഥിയായാൽ സുരേന്ദ്രന് തൃശൂരിൽ നറുക്കുവീഴും.