china-made-aircraft

ഇസ്ലമാബാദ്: പുൽവാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ എപ്പോൾ വേണമെങ്കിലും തിരിച്ചടി നേരിടുമെന്ന ഭയത്തിലാണ് പാകിസ്ഥാൻ സൈന്യം അതിർത്തിയിൽ നിലയുറപ്പിച്ചിരിക്കുന്നത്. യുദ്ധം മുന്നിൽ കണ്ട് ബലൂചിസ്ഥാനിലെ സൈനിക നേതൃത്വം സമീപത്തെ ജിലാനി ആശുപത്രി അധികൃതരോട്, അടിയന്തര സാഹചര്യത്തിൽ പട്ടാളക്കാരെ ചികിൽസിക്കാനുള്ള തയ്യാറെടുപ്പുകൾ നടത്തണമെന്ന് നിർദേശിച്ചിരുന്നു. പാക്ക് അധിനിവേശ കാശ്മീരിലെ തദ്ദേശ ഭരണസമിതികളോടും അടിയന്തര സാഹചര്യം നേരിടാൻ ഒരുങ്ങണമെന്നാവശ്യപ്പെട്ടിരുന്നു.

എന്നാൽ യുദ്ധം മുന്നിൽ കണ്ട് നിൽക്കുന്ന സമയത്ത് പാക് വ്യോമ സേനയുടെ പോർ വിമാനങ്ങൾ തകർന്നു വീഴുന്നത് പതിവായതോടെ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിൽക്കുകയാണ് പാകിസ്ഥാൻ. ദിവസങ്ങൾക്ക് മുൻപാണ് ചൈനീസ് നിർമ്മിത പോർവിമാനം തകർന്നുവീണ് പൈലറ്റ് മരിച്ചത്. പടിഞ്ഞാറൻ പാകിസ്ഥാനിലെ മസ്തങ്ങിലാണ് ചൈനയിൽ നിന്നു വാങ്ങിയ എഫ്-7പി.ജി പോർവിമാനം തകർന്നു വീണത്. ചൈനയുടെ ഉറ്റതോഴനായ പാകിസ്ഥാനാണ് ഏറ്റവും കൂടുതൽ പോർ വിമാനങ്ങൾ ചൈനയിൽ നിന്നും വാങ്ങിയത്.

കഴിഞ്ഞ 17 വർഷത്തിനിടെ ചൈനയിൽ നിന്നു വാങ്ങിയ 13 എഫ്-7പിജി പോർവിമാനങ്ങളാണ് തകർന്നു വീണത്. പരിശീലന പറക്കലിനിടെയാണ് ഈ ദുരന്തമെല്ലാം സംഭവിച്ചിരിക്കുന്നത്. തുടർച്ചയായ ദുരന്തങ്ങൾ അന്വേഷിച്ചു റിപ്പോർട്ടു നൽകുന്നുണ്ട്. എന്നാൽ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് പോർവിമാനങ്ങൾ തകരുന്നതെന്ന് കണ്ടെത്തിയെങ്കിലും പരിഹരിച്ചു നൽക്കാൻ ചൈനയും തയാറാകുന്നില്ല.

ഭീകരവാദത്തിന്റെ പേരിൽ അമേരിക്ക സഹായം നിർത്തിയതോടെ പാകിസ്ഥാന്റെ പ്രധാന ആയുധ ഇറക്കുമതി ചൈനയിൽ നിന്നാണ്. 2010 ൽ 100 കോടി ഡോളറിന്റെ ആയുധമാണ് പാകിസ്ഥാൻ അമേരിക്കയിൽ നിന്നു വാങ്ങിയിരുന്നത്. എന്നാൽ 2017 ൽ ഇത് 2.1 കോടി ഡോളറായി കുറഞ്ഞു. പാകിസ്ഥാൻ വ്യോമസേനയുടെ എഫ്-7 യുദ്ധവിമാനങ്ങൾ തകർന്നു വീഴുന്നതും പതിവ് വാർത്തയാണ്. കാലപ്പഴക്കം ചെന്ന വിമാനങ്ങൾ സാങ്കേതിക തകരാറിനെ തുടർന്നാണ് തകർന്നുവീഴുന്നത്. ഇന്ത്യ ആക്രമിക്കുമെന്ന ഭീതിയിൽ പാകിസ്ഥാനിലെ യുദ്ധവിമാനങ്ങളെല്ലാം ഇപ്പോൾ പരീക്ഷണപ്പറക്കൽ നടത്തുന്നുണ്ട്.