arun-jaitley

ന്യൂഡൽഹി: പുൽവാമ ഭീകരാക്രമണത്തിന് ഉത്തരവാദികളായ പാകിസ്ഥാനെതിരെയുള്ള പോരാട്ടത്തിൽ വിജയിക്കാൻ നയതന്ത്രം അല്ലാതെയുള്ള എല്ലാ സാദ്ധ്യതകളും ഇന്ത്യ ഉപയോഗിക്കുമെന്ന് കേന്ദ്രമന്ത്രി അരു‍ൺ ജെയറ്റ്‌ലി വ്യക്തമാക്കി. പാകിസ്ഥാനെതിരെ വെറും ഒരാഴ്ച മാത്രം നീണ്ടുനിൽക്കുന്ന പോരാട്ടമായിരിക്കില്ല നടത്തുക. എല്ലാ വിധത്തിലും അത് നീണ്ടു നിൽക്കുമെന്ന് ശക്തമായ ഭാഷയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡൽഹിയിൽ നടന്ന ആഗോള വ്യവസായ ഉച്ചകോടിയിൽ സംസാരിക്കവെയാണ് ജെയ്റ്റ്‌ലി പാകിസ്ഥാനെതിരെ ആഞ്ഞടിച്ചത്.

തെമ്മാടി രാഷ്ട്രമായ പാകിസ്ഥാന് അയൽ രാജ്യമാണെന്ന പരിഗണന പോലും ലഭിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആക്രമണം നടത്തിയവർ തന്നെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടും കുറ്റവാളികൾക്കെതിരെ പാകിസ്ഥാൻ ഒരു നടപടിയും സ്വീകരിച്ചില്ല. പാക് സർക്കാരിന്റെ തലവൻ ഇപ്പോഴും ഇവർക്കെതിരെ തെളിവുകൾ ആവശ്യപ്പെടുകയാണ്. വ്യാജമായ ആരോപണത്തിനാണ് തെളിവ് ആവശ്യമായി വരുന്നത്. കുറ്റ‌വാളികൾ നിങ്ങളുടെ രാജ്യത്ത് തന്നെയാണുള്ളത്. ആക്രമണം നടത്തിയത് അവർ തന്നെയാണെന്ന് പറയുന്നത് തന്നെ കുറ്റ‌സമ്മതമാണെന്നും അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

ഇത്രയും കാലം ജീവിച്ചതിൽ യുദ്ധങ്ങളും,​​ മനുഷ്യ ദുരന്തങ്ങളും കണ്ടിട്ടുണ്ട്.​ പ്രധാനമന്ത്രിമാരെ തീവ്രവാദികളെ കൊലപ്പെടുത്തുന്നതും കണ്ടിട്ടുണ്ട്. എന്നാൽ മുൻപ് ഒരിക്കലും കണ്ടിട്ടില്ലാത്ത വിധത്തിലായിരുന്നു ഇപ്പോൾ സംഭവിച്ചത്. പുൽവാമ ആക്രമണത്തിൽ രാജ്യം കടുത്ത രോഷത്തിലാണെന്നും ജെയ്റ്റ്‌ലി കൂട്ടിച്ചേർത്തു.