periya-murder-

കാസർകോട്: യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ കൊലപാതകത്തെ തുടർന്ന് കലുഷിതമായിരിക്കുകയാണ് കാസർകോട് കല്ല്യോട്ട്. സി.പി.എം അനുഭാവികളുടെ വീടുകളും പാർട്ടി ഓഫീസുകളും കഴിഞ്ഞ ദിവസം തകർക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ തകർക്കപ്പെട്ട ഓഫീസുകളും വീടുകളും സന്ദർശിക്കാനെത്തിയ സി.പി.എം നേതാക്കൾക്കെതിരെ യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം. കരുണാകരൻ എംപി, കെ.കുഞ്ഞിരാമൻ എം.എൽ.എ, മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ തുടങ്ങിയവരുടെ സംഘം കല്ല്യോട്ടെത്തിയപ്പോഴായിരുന്നു യൂത്ത് കോൺഗ്രസുകാരുടെ പ്രതിഷേധം.

കോൺഗ്രസ് പ്രവർത്തകർ കൂടുതലുള്ള പ്രദേശമാണ് കല്ല്യോട്ട്. ഇവിടേക്ക് സി.പി.എം നേതാക്കൾ വരേണ്ടെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. സി.പി.എം നേതാക്കൾ സന്ദർശിക്കാനെത്തിയ പ്രദേശത്തുനിന്ന് അരകിലോമീറ്റർ അകലെമാത്രമാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്.

അതേസമയം, പ്രദേശത്തെത്തിയ കരുണാകരൻ എം.പി കേസിൽ കുറ്റമാരോപിക്കപ്പെട്ടയാളുടെ വീടുകളുടക്കം സന്ദർശിച്ചു. കൊലപാതകക്കേസിലെ പ്രതികൾ സഞ്ചരിച്ച വാഹനം ശാസ്ത ഗംഗാധരൻ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ്. ഇദ്ദേഹത്തിന്റെ മകൻ ഗിജിൻ കേസിൽ പ്രതിയുമാണ്. ഇവരുടെ വീടുകൾ കോൺഗ്രസുകാർ തീയിട്ടിരുന്നു. ഈ വീടും സംഘം സന്ദർശിച്ചു.