മകന്റെ ജീവൻ രക്ഷിക്കണമെന്നഭ്യർത്ഥിച്ചുകൊണ്ട് പ്രശസ്‌ത സിനിമാ താരം സേതുലക്ഷ്മി അമ്മയുടെ ഫേസ്ബുക്ക് ലൈവ് നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമായിരുന്നു. അന്ന് സഹായ വാഗ്ദാനങ്ങളുമായി കുറെ പേർ എത്തിയിരുന്നെങ്കിലും ചുരുക്കം ചിലരുടെ സഹായ വാഗ്ദാനങ്ങളാണെന്ന് പറയുകയാണ്
അബുദാബിയിലെ പരിപാടിക്കിടെയാണ് നടി മകനെ സഹായിക്കണമെന്ന് പ്രവാസികളോട് അഭ്യർത്ഥനയുമായെത്തിയത്. കിഷോറിന് കിഡ്‌നി നൽകാൻ ഭാര്യ തയ്യാറാണ്. എന്നാൽ, ശസ്ത്രക്രിയ നടത്താനും തുടർ ചികിത്സയ്ക്കുമുള്ള പണം കണ്ടെത്താനാകാതെ വലയുകയാണ് ഈ കുടുംബം. പ്രവാസികൾ സഹായിക്കണമെന്ന് നിറകണ്ണുകളോടെ സേതുലക്ഷ്മി ആവശ്യപ്പെട്ടു. തിരുവനന്തപുരത്തെ പി.ആർ.എസ് ആശുപത്രിയിലാണ് കിഷോറിന് ഡയാലിസിസ് നടത്തുന്നത്.
കഴിഞ്ഞ വർഷം നവംബറിലാണ് മകന്റെ രോഗവിവരങ്ങൾ കരഞ്ഞു പറഞ്ഞ് സേതുലക്ഷ്മി ലൈവിൽ വന്നത്.സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ നിരവധിപേർ സഹായ വാഗ്ദാനങ്ങളുമായി വന്നെങ്കിലും വളരെ കുറച്ചുപേർ മാത്രമെ അത് പ്രാവർത്തികമാക്കിയുള്ളൂ എന്ന് സേതുലക്ഷ്മി പറയുന്നു. 10 വർഷമായി മകൻ രോഗാവസ്ഥയിലാണ്. എന്നാൽ അവനോ ഞങ്ങളോ അറിഞ്ഞില്ല. നാല് വർഷം മുമ്പ് അവൻ അബോധാവസ്ഥയിലായി. ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് വൃക്ക രോഗിയാണെന്നറിഞ്ഞത്. തുടർന്ന് ഡയാലിസിസ് നടത്തി വരികയായിരുന്നു.
ഇനി വൃക്കമാറ്റിവച്ചില്ലെങ്കിൽ ജീവൻ അപകടത്തിലാവും. ഭാര്യയും രണ്ട് മക്കളുമുണ്ട്. മൂത്ത മകന് 13 വയസേ ഉള്ളൂ. അവന് 18 വയസാകുന്നത് വരെയെങ്കിലും ജീവിക്കണമെന്ന് മകൻ പറയാറുണ്ട്. അതുകൊണ്ടാണ് ഫേസ്ബുക്കിലൂടെ സഹായമഭ്യർത്ഥിച്ചതെന്ന് സേതുലക്ഷ്മി നേരത്തെ പറഞ്ഞിരുന്നു. ഇതേ തുടർന്ന് നടി പൊന്നമ്മ ബാബു വൃക്ക നൽകാമെന്ന് പറഞ്ഞ് അവരെ സമീപിക്കുകയും ചെയ്‌തിരുന്നു.
എന്നാൽ, അത് പിന്നീട് വിവാദത്തിലവസാനിക്കുകയാണ് ചെയ്‌തത്. ഒടുവിൽ നടനും മിമിക്രി താരവുമായ കിഷോറിന്(43) ഭാര്യതന്നെ വൃക്ക നൽകാൻ തീരുമാനിച്ചു. തിരുവനന്തപുരത്തെ പി.ആർ.എസ് ആശുപത്രിയിൽ ഡയാലിസിസ് നടത്താൻ വേണ്ടി മകന്റെ കുടുംബവും സേതുലക്ഷ്മിയമ്മയും മാസങ്ങളായി വട്ടിയൂർക്കാവിലെ വാടക വീട്ടിലാണ് താമസിക്കുന്നത്. രണ്ടു മക്കളാണ് കിഷോറിന്. ഭാര്യയ്ക്ക് ജോലിയില്ല. സേതുലക്ഷ്മിയുടെ മാത്രം വരുമാനത്തിന്റെ പിൻബലത്തിലാണ് ഈ കുടുംബം മുന്നോട്ട് പോകുന്നത്.
ബന്ധപ്പെടേണ്ട നമ്പർ: 9567 6211 77, +971 554757570