abhimanyu

തിരുവനന്തപുരം: സി.പി.എമ്മിനെതിരെ രൂക്ഷ വിമർശനവുമായി കെ.പി.സി.സി സംസ്ഥാന അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. കേരളത്തെ ഞെട്ടിച്ച അഭിമന്യുവിന്റെ കൊലപാതകത്തെ പോലും സി.പി.എം രാഷ്ട്രീയവൽക്കരിച്ചെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. അഭിമന്യുവിന്റെ കുടുംബത്തിന് നൽകാനെന്ന പേരിൽ പാർട്ടി നാല് കോടി രൂപ പിരിച്ചെന്നും അതിൽ 35ലക്ഷം മാത്രമാണ് കുടുംബത്തിന് നൽകിയതെന്ന് മുല്ലപ്പള്ളി ആരോപിച്ചു. ഒരു രാഷ്ട്രീയവധം പോലും പാർട്ടിക്ക് ഫണ്ട് സമാഹരിക്കാനുള്ള അവസരമായി കണ്ട സി.പി.എം തരം താഴ്ന്നിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ക്യാമ്പസ് രാഷ്ട്രീയത്തിന്റെ ഇരയാണ് അഭിമന്യു. ആരാണ് ക്യാമ്പസ് രാഷ്ട്രീയം ഇന്നത്തെ അവസ്ഥയിലെത്തിച്ചത്? കേരള യൂണിവേഴ്സിറ്റിയുടെ ചാൻസലർ ഞാൻ പങ്കെടുത്ത ഒരു സിംപോസിയത്തിൽ വച്ച് പറയുകയുണ്ടായി, കേരള യൂണിവേഴ്സിറ്റിയുടെ ഹോസ്റ്റൽ ഒരു ആയുധപ്പുരയാണെന്ന്. എസ്.എഫ്.ഐക്കാരുടെ ആയുധം സൂക്ഷിക്കുന്ന ഒരു ആയുധപ്പുരയായി അവിടം മാറിയെന്ന്. മിക്ക കോളജുകളിലെയും പ്രിൻസിപ്പലുമാരുടെ അഭിപ്രായം ഇതാണ്.

ക്യാമ്പസിലെ രാഷ്ട്രീയത്തെ ആയുധവൽക്കരിച്ചത് സി.പി.എമ്മും എസ്.എഫ്.ഐയും ആണ്. ക്യാമ്പസിൽ ഒരു കുഞ്ഞിന്റെയും രക്തം വീഴാൻ ആഗ്രഹിക്കാത്തൊരാളാണ് ഞാൻ. ഞാൻ പഴയൊരു വിദ്യാർഥി നേതാവായിരുന്നു. കേരളത്തിലെ ക്യാമ്പസിനെ അധഃപതിപ്പിച്ചത് സി.പി.എം ആണ്. ആ കാലത്തൊന്നും ക്യാമ്പസ് ഇങ്ങനെയായിരുന്നില്ല- മുല്ലപ്പള്ളി പറഞ്ഞു.