ലക്‌നൗ: പുൽവാമ ഭീകരാക്രമണത്തിലെ സർക്കാരിന്റെ നടപടിയെന്താണെന്ന വിദ്യാർത്ഥിയുടെ ചോദ്യത്തിന് മുന്നിൽ വികാരാധീനനായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലക്‌നൗവിൽ 'യുവ കി മൻകി ബാത്' എന്ന പരിപാടിയിൽ വിദ്യാർത്ഥികളുടെ ചോദ്യത്തിന് മറുപടി കൊടുക്കുകയായിരുന്നു അദ്ദേഹം.

കശ്മീരിൽ ഭീകരാക്രമണം നടന്നു,​ ആക്രമണവും അതിൻെറ അന്വേഷണവും നടക്കും. കാര്യങ്ങൾ വീണ്ടും പഴയപടിയാകും എന്നാൽ പ്രശ്നം പരിഹരിക്കാൻ നിങ്ങളുടെ സർക്കാർ എന്ത് നടപടിയാണ് സ്വീകരിച്ചത് എന്നായിരുന്നു വിദ്യാർത്ഥിയുടെ ചോദ്യം.

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ രാജ്യത്തെ ഭീകരത ഇല്ലാതാക്കപ്പെടും.അണയാൻ പോകുന്ന വിളക്ക് ആളിക്കത്തുന്നതാണ് അത് തന്നെയാണ് കശ്മീരിൽ സംഭവിച്ചത്. ഭീകരത അതിൻറെ അവസാന ഘട്ടത്തിൽ എത്തിനിൽക്കുകയാണ്. നരേന്ദ്രമോദി സർക്കാർ ഇത് അവസാനിപ്പിക്കാൻ പ്രതിജ്ഞാബദ്ധരാണ്- യോഗി ആദിത്യനാഥ് മറുപടി പറഞ്ഞു.

യോഗിയുടെ ഉത്തരം കേട്ട് എല്ലാവരും കൈയ്യടിച്ചു. എന്നാൽ നിശബ്ദനായി അടുത്ത ചോദ്യം കാത്തിരുന്ന അദ്ദേഹം പെട്ടെന്ന് വികാരാധീനനാവുകയായിരുന്നു. കണ്ണുകൾ നിറയുകയും കയ്യിലുണ്ടായിരുന്ന തുണി കൊണ്ട് പെട്ടെന്ന് തന്നെ അദ്ദേഹം മുഖം തുടയ്ക്കുകയും ചെയ്യുകയായിരുന്നു. അതിന് ശേഷമാണ് അദ്ദേഹം വിദ്യാർത്ഥികളുമായി വീണ്ടും സംസാരിച്ചത്.