തിരുവനന്തപുരം: കഞ്ചാവ് കടത്തിനിടെ നാടൻ ബോംബുകളും വാക്കത്തിയുമായി ചിറയിൻകീഴ് അഴൂർ വിളവീട്ടിൽ ഒട്ടകം രാജേഷ് എന്ന രാജേഷ് (32) എക്സൈസ് പിടിയിലാകുന്നത് കൊലപാതക പദ്ധതി ആസൂത്രണം ചെയ്യുന്നതിനിടെ. ശത്രുപക്ഷത്ത് നിലയുറപ്പിച്ചിരുന്ന നഗരത്തിലെ ഒരു കുപ്രസിദ്ധ ഗുണ്ടയെ വകവരുത്താനായിരുന്നു ശ്രമം. സ്വയം നിർമ്മിച്ച അഞ്ച് നാടൻ ബോംബുകളും വാക്കത്തിയും കൈവശം കരുതിയിരുന്നത് ഇതിന്റെ ഭാഗമാണെന്ന് ഇയാൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
രണ്ട് കൊലപാതകങ്ങളുൾപ്പെടെ നിരവധി കൊലപാതക ശ്രമക്കേസുകളിലും കൂലിത്തല്ല് ക്വട്ടേഷൻ കേസുകളിലും പ്രതിയായ രാജേഷ് നാടിന്റെ പേടി സ്വപ്നമാണ്. ബോംബ് നിർമ്മാണത്തിൽ വിദഗ്ദ്ധൻ. കഞ്ചാവ് വിൽക്കുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് എക്സൈസ് ഇയാളെ പിടികൂടിയത്. മഫ്തിയിൽ എത്തിയ എക്സൈസ് സംഘത്തിനുനേരെ നാടൻ ബോംബ് എറിയുമെന്ന് ഭീഷണിപ്പെടുത്തി രക്ഷപ്പെടാനും ശ്രമിച്ചു. ഇയാൾ ഓടിച്ചിരുന്ന വാഹനത്തെ കൈകാണിച്ചപ്പോഴായിരുന്നു ആക്രമണം. ഗുണ്ടാസംഘം തന്നെ ആക്രമിക്കാൻ വട്ടമിട്ടതാണെന്ന സംശയത്തിലാണ് ഇത് ചെയ്തതെന്നാണ് ഇയാൾ പിന്നീട് മൊഴി നൽകിയത്. നാല് നാടൻ ബോംബുകളാണ് ഇയാളുടെ സഞ്ചിയിൽ നിന്ന് കണ്ടെത്തിയത്. ചിറയിൻകീഴ് അഴൂർ, പെരുങ്കുഴി, മേഖലകൾ കേന്ദ്രീകരിച്ചാണ് ഇയാളുടെ ഗുണ്ടാ പ്രവർത്തനം.
പൊലീസിനും തലവേദന
പ്രായപൂർത്തിയാകും മുമ്പേ മണൽ മാഫിയയുടെയും ക്വട്ടേഷൻ സംഘങ്ങളുടെയും ഗുണ്ടയായി മാറിയ രാജേഷ് അമ്പതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്. അടിപിടി കേസുകളിൽ ചെറുപ്രായത്തിലെ ജയിലിൽ പോകേണ്ടിവന്ന രാജേഷ് പിന്നീട് കുറ്റകൃത്യങ്ങളുടെ തോഴനായി. വർഷങ്ങൾക്ക് മുമ്പ് ഒരു കൊലപാതകക്കേസിൽ പ്രതിയായെങ്കിലും തെളിവില്ലാത്തതിനാൽ വെറുതെ വിട്ടിരുന്നു. ജയിൽ വാസത്തിനിടെ സമാന കേസുകളിൽ പിടിക്കപ്പെട്ട് എത്തുന്ന ഗുണ്ടകളും ക്രിമിനലുകളുമായി ചങ്ങാത്തം കൂടും. ജാമ്യത്തിലിറങ്ങിയാൽ ഇവരുമായി ചേർന്ന് പുതിയ ഓപ്പറേഷനുകൾ പ്ളാൻ ചെയ്യും.
നാട്ടിൽ നിരന്തരം പ്രശ്നമുണ്ടാക്കുന്ന ഇയാൾ പൊലീസിനും തലവേദനയായിരുന്നു. അഴൂരിൽ ഏതാനും മാസം മുമ്പ് നടന്ന ആക്രമണവുമായി ബന്ധപ്പെട്ട് പിടികൂടാനെത്തിയ പൊലീസുകാരെ വെട്ടിപ്പരിക്കേൽപ്പിച്ച കേസും ഇയാൾക്കെതിരെയുണ്ട്. 26 നാടൻ ബോംബുകളും ഒരു ഡസനോളം വാളുകളുമാണ് അന്ന് ഇയാളുടെ താവളത്തിൽ നിന്ന് കണ്ടെത്തിയത്. അതിനുശേഷം ഗുണ്ടാ ആക്ടിലും മാസങ്ങളോളം ജയിലിൽ കഴിഞ്ഞു. കഞ്ചാവ് കച്ചവടവും സജീവമായി നടത്തി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിച്ച് ചില്ലറ വിൽപ്പനക്കാർക്ക് വിൽക്കുന്നതാണ് രീതി. ഇതിനായി മാസത്തിൽ രണ്ട് തവണ ആന്ധ്രയിലോ തമിഴ്നാട്ടിലോ പോകും. ജോയിന്റ്, സ്റ്റഫ് എന്നീ കോഡ് വാക്കുകളിലാണ് കഞ്ചാവ് വിറ്റിരുന്നത്.
ചിറയിൻകീഴ്, പെരുങ്കുഴി റെയിൽവേ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് ഇടപാട്. ഇതറിഞ്ഞാണ് എക്സൈസ് ഇയാളെ നിരീക്ഷണത്തിലാക്കിയത്. ബോംബ് നിർമ്മിച്ച കേസിലും ആയുധങ്ങൾ കൈവശം വച്ച കേസിലും ഇയാളെ ചിറയിൻകീഴ് പൊലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യും.
കേസുകൾ
ചിറയിൻകീഴ്, പോത്തൻകോട്, പൂജപ്പുര, വാമനപുരം സ്റ്റേഷനുകളിൽ അമ്പതോളം കേസുകളിൽ പ്രതി
ശാസ്തവട്ടം ലാലു വധക്കേസ്, പൊലീസുകാരെ ആക്രമിച്ച കേസ് എന്നിവയിൽ വിചാരണ നേരിടുന്നു.
ഗുണ്ടാ ആക്ടിൽ ഒരു തവണ അകത്തായി.