ശ്രീനഗർ: പുൽവാമയിൽ ഭീകരാക്രമണം നടന്നതിന് പിന്നാലെ കാശ്‌മീരിലെ വിഘടനവാദി നേതാക്കൾക്കെതിരെ ശക്തമായ നടപടിക്കൊരുങ്ങി കേന്ദ്ര സർക്കാർ. ഇതിനായി 100 കമ്പനി അർദ്ധ സൈനികരെ കേന്ദ്രസർക്കാർ വിമാനമാർഗം കാശ്മീരിലേക്കയച്ചു. കാശ്മീരിലെ പ്രധാന വിഘടനവാദി നേതാവായ യാസിൻ മാലിക്കിനെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രത്തിന്റെ നടപടി.
നിലവിൽ ജമ്മുകാശ്മീർ പൊലീസും സൈന്യവും സംയുക്തമായ നടത്തുന്ന തിരച്ചിൽ ശക്തമാക്കുന്നതിന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം നോട്ടീസ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് 100 കമ്പനി അർദ്ധ സൈനികൾ കാശ്മീരിലേക്ക് യാത്ര തിരിച്ചത്. വരും ദിവസങ്ങളിൽ അർദ്ധ സൈനിക വിഭാഗങ്ങളെയും ഉൾക്കൊള്ളിച്ച് തിരച്ചിൽ ഊർജിതമാക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദ്ദേശം.
ഒരു കമ്പനി അർദ്ധസൈനികരുടെ ഗ്രൂപ്പിൽ 80 മുതൽ 150 സൈനികരാണ് ഉണ്ടാവുക. 100 കമ്പനികളിലായി ഏകദേശം പതിനായിരത്തിന് മുകളിൽ സൈനികരാണ് ഇപ്പോൾ കാശ്മീരിൽ എത്തിയത്. 45സി.ആർ.പി.എഫ്, 35 ബി.എസ്.എഫ്, 10 വീതം എസ്.എസ്.ബി, ഐ.ടി.ബി.പി എന്നിവരടങ്ങുന്ന 100 കമ്പനിയെയാണ് കേന്ദ്രം അയച്ചിരിക്കുന്നത്.
പുൽവാമയിൽ സി.ആർ.പി.എഫ് ജവാന്മാരെ ചാവേർ ആക്രമണത്തിലൂടെ കൊലപ്പെടുത്തിയതിന്റെ ഉത്തരവാദിത്തം പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജെയ്‌ഷെ മുഹമ്മദ് ഭീകരസംഘടന ഏറ്റെടുത്തിരുന്നു. ഇതിന്റെ തെളിവായി ചിത്രങ്ങളും വീഡിയോയും പുറത്തുവിടുകയും ചെയ്തു. ഇതിനു പിന്നാലെയാണ് കനത്ത നടപടികളുമായി സൈനിക നേതൃത്വം രംഗത്തെത്തിയത്. ചാവേർ ആക്രമണത്തിൽ പങ്കാളികളെന്നു കരുതുന്ന രണ്ടു പേർ ഉൾപ്പെടെ മൂന്നു ജെയ്‌ഷെ ഭീകരരെയാണ് ഇതിനകം കാശ്മീർ താഴ്വരയിൽ വധിച്ചിട്ടുണ്ട്.
അതേസമയം, കാശ്മീരിലെ വിഘടനവാദികളുടെയും രാഷ്ട്രീയക്കാരുടെയും സുരക്ഷ ഭരണകൂടം കുറച്ചു ദിവസങ്ങൾക്ക് മുമ്പ് പിൻവലിച്ചിരുന്നു. 18 വിഘടനവാദികളുടെയും 155 രാഷ്ട്രീയക്കാരുടെയും സുരക്ഷയാണ് സർക്കാർ പിൻവലിച്ചത്. പി.ഡി.പി നേതാവ് വാഹിദ് പറായും മുൻ ഐ.എ.എസ് ഉദ്യോഗസ്ഥനും ആക്ടിവിസ്റ്റുമായ ഷാ ഫൈസൽ എന്നിവരും ഈ പട്ടികയിൽ ഉൾപ്പെട്ടിരുന്നു. ഇവർക്ക് സുരക്ഷ നൽകുന്നത് പാഴ്‌ചിലവാണെന്നും ആ തുക മറ്റ് കാര്യത്തിന് ഉപയോഗിക്കാമെന്ന വിലയിരുത്തലിനെ തുടർന്നാണ് സുരക്ഷ പിൻവലിച്ചത്.