kodiyeri-nss

ചങ്ങനാശ്ശേരി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അതിരുകടക്കുന്നുവെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. അധികാരം കെെയ്യിലുണ്ടെന്നു കരുതി എന്തും പറയാമെന്ന വിചാരം വേണ്ട. തക്ക മറുപടി നൽകാൻ അറിയാം എന്നാൽ,​ അതല്ല എൻ.എസ്.എസിന്റെ സംസ്‌കാരമെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ, കോടിയേരി നടത്തിയ പ്രസ്‌താവനയ്‌ക്ക് പിന്നാലെയാണ് സുകുമാരൻ നായരുടെ പ്രതികരണം.

ഒരേ വിശ്വാസവുമായി ഒരുമിച്ച് നീങ്ങിയിരുന്ന ജനങ്ങൾ രണ്ട് വിഭാഗങ്ങളായി അകലാൻ കാരണമായത് വിശ്വാസ സംരക്ഷണത്തിലെ വൈരുദ്ധ്യമാണ്. അത് ഓ‌ർമയിൽ ഉണ്ടാകണം. എൻ.എസ്.എസിൽ ചേരിതിരിവുണ്ടാക്കാൻ ശ്രമിച്ചാൽ നേരിടും. അതിനുള്ള സംഘടനാ ശേഷിയും കെട്ടുറുപ്പും സംഘടനക്കുണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

മാടമ്പികളുടെ പിന്നാലെ പോകേണ്ട അവസ്ഥ സി.പി.എമ്മിനില്ലെന്നും മാടമ്പിത്തരം മനസ്സിൽവച്ചാൽ മതിയെന്നുമായിരുന്നു എൻ.എസ്.എസിനു നേർക്കുള്ള കോടിയേരിയുടെ വിമർശനം. ജാതിയും മതവും ​പറഞ്ഞ്​ വോട്ട്​ പിടിക്കേണ്ട ഗതികേട്​ സി.പി.എമ്മിനില്ല. ജാതിയും മതവും പറഞ്ഞ് ഇടതുപക്ഷത്തെ തോൽപിക്കാൻ ഇതിന് മുമ്പ് ശ്രമങ്ങൾ നടന്നിട്ടുണ്ട്. അന്നൊന്നും ഇടതുപക്ഷത്തെ തോൽപിക്കാനായിട്ടില്ലെന്ന്​ കോടിയേരി ചൂണ്ടിക്കാട്ടിയിരുന്നു.