10,000 കേന്ദ്ര ഭടന്മാരെ കൂടി വിന്യസിച്ചു
ശ്രീനഗർ:പുൽവാമ ഭീകരാക്രമണത്തിന് പിന്നാലെ ജമ്മു കാശ്‌മീരിൽ വിഘടനവാദികൾക്കെതിരെ കേന്ദ്രസർക്കാർ ശക്തമായി നീങ്ങുന്നതിന്റെ ഭാഗമായി ജമ്മുകാശ്‌മീർ ലിബറേഷൻ ഫ്രണ്ട് മേധാവി മുഹമ്മദ് യാസീൻ മാലിക്കിനെയും ജമാത്തെ ഇസ്ലാമിയുടെ നേതാക്കളുൾപ്പെടെ 30 പേരെയും അറസ്റ്റ് ചെയ്‌തു.വെള്ളിയാഴ്‌ച രാത്രി പതിനായിരം ഭടന്മാർ ഉൾപ്പെടുന്ന നൂറ് കമ്പനി കേന്ദ്ര സേന കാശ്മീരിൽ എത്തിയതിന് പിന്നാലെയാണ് വ്യാപകമായ റെയ്ഡും അറസ്റ്റും നടന്നത്. നിലവിലുള്ള 65,000 കേന്ദ്ര ഭടന്മാർക്ക് പുറമേയാണ് അടിയന്തരമായി 10,000 ഭടന്മാരെ വിന്യസിച്ചത്.
വെള്ളിയാഴ്ച രാത്രി മുഴുവൻ നീണ്ട റെയ്ഡിലാണ് ഇവരെ അറസ്റ്റ് ചെയ്‌തത്.രാത്രി 11മണിയോടെ മായിസുമയിലെ വസതിയിൽ നിന്ന് അറസ്റ്റ് ചെയ്‌ത മാലിക്കിനെ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി. തുടർന്ന് തെക്കൻ കാശ്‌മീരിൽ നിരവധി സ്ഥലങ്ങൾ റെയ്ഡ് ചെയ്‌താണ് ജമാത്തെ ഇസ്ലാമിക്കാരെ പിടികൂടിയത്. സംഘടനയുടെ അദ്ധ്യക്ഷൻ ഡോ. അബ്ദുൾ ഹമീദ് ഫയസ്, വക്താവ് അഡ്വ. സാഹിദ് അലി, മുൻ സെക്രട്ടറി ജനറൽ ഗുലാം ഖാദിർ ലോൺ, അനന്തനാഗ് ജില്ലാ മേധാവി അബ്ദുർ റൗഫ് തുടങ്ങിയവരാണ് പിടിയലായത്. ജമാത്തെ ഇസ്ലാമിക്ക് അയ്യായിരത്തോളം അംഗങ്ങളാണ് കാശ്മീരിലുള്ളത്.
യാസിൻ മാലിക്, സയിദ് അലി ഷാ ഗീലാനി, ഷാബിർ ഷാ, സലീം ഗീലാനി തുടങ്ങിയ വിഘടനവാദി നേതാക്കളുടെ സുരക്ഷ കേന്ദ്രം പിൻവലിച്ചിരുന്നു.
ജമ്മു കാശ്‌മീരിലെ സ്ഥിരം പൗരന്മാരെ നിശ്ചയിക്കാനും അവർക്ക്പ്രത്യേക അവകാശങ്ങളും അധികാരങ്ങളും നൽകാനും നിയമസഭയ്‌ക്ക് അധികാരം നൽകുന്ന ഭരണഘടനയിലെ 35 - എ വകുപ്പിനെ പറ്റി 25 ന് സുപ്രീം കോടതിയിൽ നിർണായക വാദം നടക്കാനിരിക്കെയാണ് സേനാ വിന്യാസവും വിഘടനവാദികളുടെ അറസ്റ്റും നടന്നത്.
സേനാ വിന്യാസവും അറസ്റ്റും തിരഞ്ഞെടുപ്പിന് മുന്നോടിയായാണെന്നാണ്
ഔദ്യോഗിക വിശദീകരണം. തിരഞ്ഞെടുപ്പ് കമ്മിഷൻ സംഘം മാർച്ച് 5ന് സംസ്ഥാനത്ത് എത്തുന്നുണ്ട്. ഇപ്പോൾ രാഷ്‌ട്രപതി ഭരണത്തിലുള്ള സംസ്ഥാനത്ത് പാർലമെന്റിനൊപ്പം നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് നടക്കും.
എതിർത്ത് മെഹബൂബ
വിഘടന വാദികളുടെ അറസ്റ്റിനെ മുൻ മുഖ്യമന്ത്രിയും പി. ഡി. പി നേതാവുമായ മെഹബൂബ മുഫ്‌തി ചോദ്യം ചെയ്‌തു. അറസ്റ്റ് ഏകപക്ഷീയമാണ്. ഇത് കാശ്മീരിൽ പ്രശ്നങ്ങൾ വഷളാക്കുകയേ ഉള്ളൂ. വ്യക്തികളെ അറസ്റ്റ് ചെയ്യാം. അവരുടെ ആശയങ്ങളെ തടവിലാക്കാൻ പറ്റില്ല - മെഹബൂബ ട്വിറ്ററിൽ കുറിച്ചു.
അധികം വിന്യസിക്കുന്നത്
45കമ്പനി സി. ആർ. പി. എഫ്
35കമ്പനി ബി. എസ്. എഫ്
10കമ്പനി സശസ്‌ത്ര സീമാ ബൽ
10 ഐ. ടി. ബി. പി
മൊത്തം 100 കമ്പനി
ഒരു കമ്പനിയിൽ 100 ഭന്മാർ
എത്തിയത് 10,000 ഭടന്മാർ
നിലവിൽ 65,000 കേന്ദ്ര ഭടന്മാർ