periya-murder

കാസർകോട്: കോൺഗ്രസ് ആക്രമത്തിൽ തകർന്ന വീടുകളും പാർട്ടി ഓഫീസുകളും സന്ദർശിക്കാൻ കല്ല്യോട്ടെത്തിയ സി.പി.എം നേതാക്കൾക്കെതിരെ പ്രതിഷേധം. സ്ഥവത്ത് തടിച്ചുകൂടിയ സ്ത്രീകളും യുവാക്കളും നേതാക്കൾക്കെതിരെ ആഞ്ഞടിച്ചു. രണ്ടു ജീവനെടുത്തതതല്ലേ. ഞങ്ങളുടെ മക്കളെ ഇനിയും കൊല്ലാനായിട്ടല്ലേ ഇങ്ങോട്ടുവരുന്നതെന്നും സ്ത്രീകൾ ചോദിക്കുന്നു. കൊന്നിട്ടല്ല പാർട്ടിയുണ്ടാക്കേണ്ടത്. ഞങ്ങൾക്ക് ഇനിയും മക്കളുണ്ട്. അവർക്കും ജീവിക്കേണ്ടേ. അവരെയും കൊല്ലാനാണോ ഉദ്ദേശ്യമെന്നും സ്ത്രീകൾ ചോദിച്ചു. ഇതിനിടെ പിരിഞ്ഞുപോകാൻ പറഞ്ഞ പൊലീസുകാരോട് പോകില്ലെന്ന് പ്രതിഷേധക്കാർ നിലപാടെടുത്തു.

കോൺഗ്രസ് പ്രവർത്തകർ കൂടുതലുള്ള പ്രദേശമാണ് കല്ല്യോട്ട്. ഇവിടേക്ക് സി.പി.എം നേതാക്കൾ വരേണ്ടെന്നാണ് കോൺഗ്രസ് പ്രവർത്തകരുടെ നിലപാട്. സി.പി.എം നേതാക്കൾ സന്ദർശിക്കാനെത്തിയ പ്രദേശത്തുനിന്ന് അരകിലോമീറ്റർ അകലെമാത്രമാണ് കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റെയും വീട്.

കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടവരുടെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രിയും തീരുമാനിച്ചിരുന്നു. എന്നാൽ സമാനമായ പ്രതിഷേധം ഉണ്ടാവുമെന്നതിനെ തുടർന്ന് സന്ദർശനം റദ്ദാക്കുകയായിരുന്നു. മുഖ്യമന്ത്രി വന്നാൽ പ്രവർത്തകർ എങ്ങനെ പ്രതികരിക്കുമെന്ന് പറയാനാവില്ലെന്നാണ് കോൺഗ്രസ് നേതാക്കൾ വ്യക്തമാക്കിയത്.