modi

ന്യൂഡൽഹി: കശ്‌മീരികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരായാണ് ഇന്ത്യയുടെ പോരാട്ടമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കശ്‌മീരികൾക്കെതിരെയല്ല,​ അവരെ സംരക്ഷിക്കാൻ തന്നെയാണ് പോരാട്ടം. അവരെ സംരക്ഷിക്കുക തന്റെ ഉത്തരവാദിത്തമാണെന്നും മോദി കൂട്ടിച്ചേർത്തു. ഇന്ത്യ-പാക്​ പ്രശ്​നങ്ങൾ പരിഹരിക്കുമെന്ന്​ പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ വാക്കു തന്നിരുന്നു.

എന്നാൽ, ഇമ്രാൻ വാക്ക്​ പാലിച്ചില്ലെന്നും മോദി കുറ്റപ്പെടുത്തി. രാജസ്ഥാനിലെ ടോങ്കിൽ റാലിയെ അഭിസംബോധന ചെയ്‌ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. തീവ്രവാദ ഭീഷണിയുടെ പേരിൽ കശ്മീരിലെ യുവാക്കളും അസ്വസ്ഥരാണ്. പാക്കിസ്ഥാൻ മാറിയെന്ന് അവകാശപ്പെടുന്ന ഭരണ നേതൃത്വത്തിന്റെ കഴിവ് പരിശോധിക്കുന്നതാണ് പുൽവാമ ഭീകരാക്രമണമെന്നും മോദി പറഞ്ഞു.

ഇന്ത്യ മാത്രമല്ല ലോകം മുഴുവനും പുൽവാമ ഭീകരാക്രമണത്തിൽ മരിച്ച സൈനികരുടെ കുടുംബങ്ങൾക്കൊപ്പമുണ്ടാകും. മുംബയ്ഭീകരാക്രമണമുണ്ടായപ്പോൾ അതിനെതിരെ പോരാടാതിരുന്ന പാർട്ടിയാണ്​ കോൺഗ്രസ്​. വായ്​പകൾ എഴുതി തള്ളാനുള്ള കോൺഗ്രസ്​ തീരുമാനം തിരഞ്ഞെടുപ്പ്​ മുന്നിൽ കണ്ടാണെന്നും മോദി പരിഹസിച്ചു.