വിജയയുടെ പുരികം ചുളിഞ്ഞു. അവൾ വേഗം എഴുന്നേറ്റ് പുറത്തേക്കു ചെന്നു.
മുറ്റത്തു വന്നു നിന്നത് പോലീസിന്റെ ബൊലേറോ ആയിരുന്നു.
അതിൽ നിന്ന് 'റെഡ് "ഗ്രൂപ്പിൽ പെട്ട അഞ്ച് എസ്.ഐമാരും ഇറങ്ങി വെളിച്ചത്തിലേക്കു വന്നു.
''വരൂ..." വിജയ പുഞ്ചിരിച്ചു.
അഞ്ചുപേരും ഹാളിൽ എത്തി. അവർക്ക് എന്തെങ്കിലും സംസാരിക്കാൻ ഉണ്ടാവും എന്ന് അറിയാം മാലിനിക്ക്.
ആ സ്ത്രീ പെട്ടെന്ന് എഴുന്നേറ്റ് അകത്തേക്കു പോയി.
അഞ്ചുപേരും ഇരുന്നു. വിജയയും.
''കസ്റ്റഡിയിൽ എടുത്തവരിൽ നിന്ന് എന്തെങ്കിലും വിവരം കിട്ടിയോ?"
ജിജ്ഞാസയോടെ വിജയ തിരക്കി.
''കിട്ടി. ഒരുപാട്." പറഞ്ഞത് ബഞ്ചമിനാണ്.
ബാക്കി അറിയിച്ചത് ബിന്ദുലാൽ.
''അവർ കുമളി സ്വദേശികളായ ക്വട്ടേഷൻ ഗ്രൂപ്പാണ്. രാഹുൽ ഇറക്കുമതി ചെയ്തവർ. ഇവിടെ പല ദൗത്യവും ഉണ്ടായിരുന്നു അവർക്ക്. "
ബിന്ദുലാൽ ഒന്നു നിർത്തി.
ആ നേരം ആർജവ് ചുണ്ടനക്കി:
''സ്പാനർ മൂസ പിടിയിലാകും മുമ്പേ അവന്മാർ ഇങ്ങെത്തിയിരുന്നു. പിന്നെ അയാൾ നമ്മുടെ കസ്റ്റഡിയിലായപ്പോൾ പെട്ടെന്നു തീർത്തെന്നു മാത്രം.
ഏറ്റവും വിചിത്രമായ കാര്യം അവരിൽ നിന്നറിഞ്ഞത് രാജസേനൻ മുഖ്യമന്ത്രിയാകും എന്നായിരുന്നു. ഭരണം നടത്തുന്നത് രാഹുലും. അതായിരുന്നു തീരുമാനം."
''പക്ഷേ രാജസേനൻ ചത്തല്ലോ.." വിജയ ചിരിച്ചു.
''അതുകൊണ്ട് കാര്യം തീരില്ല. ഇനിയാണ് കൂടുതൽ നാടകം നടക്കാൻ പോകുന്നത്."
ബെഞ്ചമിനും പറഞ്ഞു:
''പക്ഷേ അത് എത്തരത്തിൽ ആകുമെന്ന് ഇപ്പോൾ പറയുക പ്രയാസം."
അപ്പോൾ വിഷ്ണുദാസ് സംസാരിച്ചു:
''എന്തായാലും രാഹുലും ചീഫ് മിനിസ്റ്ററും പോലെയുള്ള ചില കൊടും കുറ്റവാളികളെ അമർച്ച ചെയ്യാൻ ഈ ഇടവേള നമുക്ക് പ്രയോജനപ്പെടും എന്ന് ഞങ്ങൾ കരുതുന്നു."
വിജയയ്ക്ക് അല്പം ആവേശം കൂടി. എന്നാൽ ബിന്ദുലാൽ പറഞ്ഞ മറ്റൊരു കാര്യം അവളെ അമ്പരപ്പിച്ചു.
''ഇപ്പോൾ കസ്റ്റഡിയിൽ എടുത്തവർക്ക് പാരലായി തമിഴ്നാട്ടിലെ ഉത്തമപാളയത്തുനിന്ന് കൊടും ക്രിമിനലുകൾ അടങ്ങിയ ഒരു ആറംഗ സംഘത്തെയും രാഹുൽ വരുത്തിയിട്ടുണ്ട്. അവർ പക്ഷേ എവിടെയെന്ന് ആർക്കും അറിയില്ല..."
വിജയയുടെ ആവേശം പെട്ടെന്ന് തണുത്തു.
''അതുകൊണ്ട്... ആർജവ് തുടർന്നു. ''ഇനിയുള്ള നമ്മുടെ ഓരോ നീക്കവും വളരെ ശ്രദ്ധിച്ചായിരിക്കണം."
പിന്നീട് അവർ അനന്തര കരണീയത്തെക്കുറിച്ച് വളരെ വ്യക്തമായി പ്ളാൻ ചെയ്തു...
അതിനിടെ ഇരുൾ മറയാക്കി ഒരാൾ പുറത്തുകിടന്നിരുന്ന ബൊലേറോയ്ക്ക് അടുത്തെത്തിയത് ആരും അറിഞ്ഞില്ല!
അരമണിക്കൂർ കൂടി സംസാരിച്ചിരുന്ന ശേഷം ആറുപേരും യാത്ര പറഞ്ഞു.
സിറ്റൗട്ടിൽ വരെ വിജയയും ഇറങ്ങിച്ചെന്നു.
ബൊലേറോ പിന്നോട്ടെടുത്ത് തിരിച്ചു ബിന്ദുലാൽ.
മുൻസീറ്റിൽ ഇരുന്ന് ആർജവ്, വിജയയ്ക്കു നേരെ കൈ ഉയർത്തി വീശി. വിജയയും കൈ ഉയർത്തി.
ബൊലേറോ ഗേറ്റു കടന്ന് പതിനഞ്ചു മീറ്ററോളം പോയിക്കാണും. വിജയ പിൻതിരിഞ്ഞു.
അടുത്ത നിമിഷം.
ദിഗന്തം പിളരുന്ന ഒരു സ്ഫോടനം.
അർദ്ധവിലാപത്തോടെ വിജയ നടുങ്ങിത്തിരിഞ്ഞു.
അവൾ കാണുന്നത് ഇരുളിൽ ഒരു വലിയ തീഗോളം!
തീപിടിച്ച ബൊലേറോയുടെ ഭാഗങ്ങൾ ചിതറിത്തെറിക്കുന്നു...
''അമ്മേ..."
അവൾ അലറിക്കരഞ്ഞു.
അകത്തുനിന്ന് മാലിനി പാഞ്ഞെത്തി... അവരും കണ്ടു ഞെട്ടിക്കുന്ന ആ കാഴ്ച...
''മോളേ... മാലിനിയും ഉറക്കെ വിലപിച്ചു.
ചൂട്ടുപോലെ കത്തിയെരിയുകയാണ് ബൊലേറോ...
വിജയ അവിടേക്കു കുതിച്ചു.
സ്ഫോടനം കേട്ട് പ്രദേശവാസികളും ഓടിയടുത്തു.
തീയ്ക്കരുകിലെത്തിയ വിജയ കണ്ടു. ചിതറിത്തെറിച്ച ശരീരങ്ങൾ.
അറ്റുപോയ ഒരു കാൽ അവൾക്കു മുന്നിൽ കിടന്നു പിടയുന്നു...
കാലുകളില്ലാത്ത ശരീരത്തിൽ നിന്ന് ഒരു കൈ അനങ്ങി അവളുടെ കാലിൽ പിടിച്ചു...
(തുടരും)